Kerala

മാധവിക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നില്ല; ഗ്രീന്‍ ബുക്‌സിന് സമദാനിയുടെ വക്കീല്‍ നോട്ടീസ്

വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ച തൃശൂര്‍ ഗ്രീന്‍ ബുക്‌സിനെതിരെ മുസ്ലീംലീഗ് നേതാവ് എം.പി അബ്ദുസമദ് സമദാനി നിയമനടപടിക്ക്. ഗ്രീന്‍ ബുക്‌സ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസിനും വിവര്‍ത്തകനായ എം.ജി സുരേഷ്, ദ ലൗ ക്വീന്‍ ഓഫ് മലബാര്‍ എന്നപേരില്‍ മാധവിക്കുട്ടിയുടെ ജീവിതം ഇംഗ്ലീഷില്‍ പുസ്തകമാക്കിയ മെര്‍ലി വെയ്‌സ്‌ബോഡ് എന്നിവര്‍ക്കെതിരെ സമദാനി വക്കീല്‍ നോട്ടീസ്. പ്രമുഖ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള മുഖേനയാണ് നോട്ടീസ് അയച്ചത്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകം തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തിവരുന്നതായി നോട്ടീസില്‍ പറയുന്നു.

പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ശുദ്ധമായ കളവും കൃത്രിമമായി സൃഷ്ടിച്ചതും അശ്ലീലപരവും വൈകാരികവുമായ നുണകള്‍ എഴുതിപ്പിടിപ്പിച്ചതും കൃത്രിമ നേട്ടമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. താന്‍ ജീവിതത്തില്‍ ഒരിക്കലും കമലാദാസ് എന്ന മാധവിക്കുട്ടി എന്ന സുരയ്യയുമായി പ്രേമബന്ധത്തിലാകുകയോ വിവാഹം നടത്താമെന്നു വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല. അവര്‍ ഇസ്ലാം മതത്തിലേക്ക് മാറിയ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല.

മലയാളം എം.എ ബി.എഡ് ബിരുദധാരിയായ തന്റെ ഭാര്യ ഹാജറക്ക് മാധവിക്കുട്ടിയുടെ എഴുത്തില്‍ അതീവ താല്‍പര്യമുള്ളതിനാല്‍ ഭാര്യയോടൊപ്പം ഏതാനും തവണ മാധവിക്കുട്ടിയെ കാണാന്‍ ഇടയായിട്ടുണ്ട്. അതിനുമപ്പുറം യാതൊരുവിധ പ്രത്യേകബന്ധമോ അസാധാരണ അടുപ്പമോ മാധവിക്കുട്ടിയുമായി തനിക്ക് ഇല്ല. ഒരു മകനെപ്പോലെയാണ് അവര്‍ തന്നെ കരുതിയത്. പുസ്തത്തില്‍ പറയുന്നപോലെ വഴിവിട്ട ബന്ധമോ മതം മാറ്റശ്രമമോ താന്‍ നടത്തിയിട്ടില്ലെന്നും സമദാനിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുസ്തകത്തിന്റെ മുഴുവന്‍ കോപ്പികളും പിന്‍വലിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. ഫെബ്രുവരി 25നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button