NewsInternational

അമേരിക്കയിലെ വിസ നിയന്ത്രണം : അടുത്ത ആഴ്ച മുതല്‍ യാത്രാവിലക്ക് നിയമം പ്രാബല്യത്തില്‍

ന്യൂയോര്‍ക്ക് : ലോകമെങ്ങും വിവാദമായെങ്കിലും ഏതാനും രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ എക്സിക്യുട്ടീവ് ഓര്‍ഡറില്‍ അടുത്തയാഴ്ച ട്രംപ് ഒപ്പുവെക്കുന്നതോടെ യാത്രാവിലക്ക് നിലവില്‍ വരും.
ഏഴ് രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കാണ് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്ടികയില്‍നിന്ന് ഇറാഖിനെ ഒഴിവാക്കിയതായി സൂചനയുണ്ട്. ഇറാന്‍, ലിബിയ, യെമന്‍, സുഡാന്‍, സോമാലിയ, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് അമേരിക്ക വിസ നിഷേധിക്കുന്നത്.
യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ അമേരിക്കയിലാകമാനം പ്രതിഷേധം അലയടിച്ചിരുന്നു.
പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ട്രംപ് തയ്യാറായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇറാഖിനെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതുമാത്രമാണ് വ്യത്യാസം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി ചേര്‍ന്നുനില്‍ക്കുന്നതിനാലാണ് ഇറാഖിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് വിസ നിഷേധിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനം ഒരുമാസം മുമ്പാണ് വന്നത്.. ലോകമെങ്ങും കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തോടുണ്ടായത്. എന്നാല്‍, യാത്രാവിലക്കില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ തീരുമാനം നടപ്പാക്കുന്നതും.
90 ദിവസത്തയ്ക്കാണ് വിലക്ക് നടപ്പില്‍വരിക. അതുകഴിഞ്ഞാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ കൊടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമൊന്നുമില്ല. ട്രംപിന്റെ പ്രഖ്യാപനം വന്നയുടനെ ഹോംലാന്‍ഡ് സെക്യൂരിറ്റി വിമാനത്താവളങ്ങളില്‍ അത് നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇതും വലിയ തര്‍ക്കത്തിനും പ്രതിഷേധത്തിനും ഇടയാക്കി.

ട്രംപിന്റെ വിലക്കിനെ മുസ്ലിം വിലക്കായാണ് വ്യാഖ്യാനിക്കപ്പെട്ടത്. കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ക്കും വിലക്ക് വരുമെന്ന ശ്രുതിയുമുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ രാജ്യങ്ങളെ ഈ പട്ടികയില്‍ പെടുത്തില്ലെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. ഇപ്പോള്‍, ഇറാഖിനെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായ കാര്യമാണ്. സിറിയയും ഐസിസിനെതിരെ പോരാടുന്നുണ്ടെങ്കിലും, അവര്‍ക്ക് തുണ നില്‍ക്കുന്നത് റഷ്യയായതിനാലാണ് സിറിയയെ പട്ടികയില്‍നിന്ന് ഒഴിവാക്കാത്തതിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button