KeralaNews Story

കലാഭവൻ മണി അനുസ്മരണം നടത്തുന്നു : നെഹ്‌റു യുവജന കേന്ദ്രയും സർഗ്ഗഭാരതിയും സംയുക്തമായി മിഴിനീർ മണി

 

അനുഗൃഹീതനായ മലയാള ചലച്ചിത്ര നടൻ ശ്രീ കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുമ്പോൾ അദ്ദേഹത്തിന് തിരുവനന്തപുരം പൗരാവലിയുടെ ആദരാഞ്ജലികളോടൊപ്പം കലാഭവൻ മണി അനുസ്മരണവും നടത്തുന്നു. നെഹ്‌റു യുവജന കേന്ദ്രയും സർഗ്ഗ ഭാരതിയും സംയുക്തമായാണ് മണി അനുസ്മരണമായ മിഴിനീർ മണി എന്ന പരിപാടി മാർച്ച ആറാം തീയതി നടത്തുന്നത്.

 മരിച്ചതെങ്ങനെയെന്ന ചോദ്യം ബാക്കി വെച്ചാണ് മലയാളത്തിന്റെ ജനപ്രിയ നടന്‍ കലാഭവന്‍ മണിയുടെ വേർപാടിന്റെ ഒരാണ്ട് പൂർത്തീകരിക്കുന്നത്. ഇന്നും തീരാത്ത സംശയങ്ങളും ആശങ്കകളും ദുരൂഹതകളും ശേഷിപ്പിച്ച വിടവാങ്ങലില്‍ മണിയുടെ ജന്മനാടും ദുഃഖസ്മരണയ്ക്ക് അഞ്ജലി അര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ചാലക്കുടിയിലും വലിയ രീതിയിലുള്ള അനുസ്മരണ സമ്മേളനം ആണ് നടക്കാൻ പോകുന്നത്. മണിക്ക് ജന്മനാട്ടില്‍ സ്മാരകം പണിയുമെന്ന് ചാലക്കുടി നഗരസഭ പറഞ്ഞതാണ്. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പൊതുസ്ഥലം കണ്ടെത്തി സ്മാരകം ഒരുക്കുമെന്ന് കലാഭവന്‍ മണി അനുസ്മരണസമിതി ഭാരവാഹികൾ അറിയിച്ചു.

മണിയുടെ മരണം ഏൽപ്പിച്ച ആഘാതം ചാലക്കുടിക്കാർക്ക് ഇന്നും മാറിയിട്ടില്ല.എന്നെക്കുറിച്ച് അറിയാന്‍ വെബ് സൈറ്റ് നോക്കേണ്ടതില്ല ഈ കൈ പിടിച്ച് നോക്കിയാല്‍ മതിയെന്ന് ആദ്യമായി പരിചയപ്പെടുന്നവരോട് മണി പറയാറുണ്ട്.കാരണം കയ്യിൽ ഓട്ടോ ഓടിച്ച തഴമ്പ് ഇപ്പോഴും ഉണ്ടെന്നായിരുന്നു മണി പറയാറ്. സിനിമയില്‍ വരുന്നതിന് മുമ്പ് മണി ചാലക്കുടിപ്പുഴയില്‍ പൂഴി വാരിയും, ഓട്ടോ ഡ്രൈവറായും,മരം കയറ്റക്കാരനായും മറ്റും ജോലി ചെയ്തിരുന്നു. പിന്നീട് തന്റെ ജീവിതം വളരെയേറെ ഉന്നതിയിലെത്തിയപ്പോഴും കൈനീട്ടി മുന്നിലെത്തുന്നവനെ ഒരിക്കലും മടക്കി അയച്ചില്ല. അതുകൊണ്ട് തന്നെ എന്നും ചാലക്കുടിയിലെ മണികൂടാരം എന്ന വീടിനുമുന്നില്‍ പാവങ്ങളുടെ നീണ്ടനിര കാണുമായിരുന്നു. ഇപ്പോൾ എല്ലാം ശൂന്യം നിശബ്ദം…

shortlink

Related Articles

Post Your Comments

Related Articles


Back to top button