മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി മുഴക്കിയ ഉജ്ജയിനിയിലെ ആർഎസ്എസ് നേതാവിനെ സർവ്വ ചുമതലകളിൽ നിന്നും നീക്കാനുള്ള ആർഎസ്എസിന്റെ തീരുമാനം നൽകിയത് വലിയൊരു സന്ദേശമാണ്. ആർഎസ്എസിന്റെ മഹത്വം വിളിച്ചോതുന്നതായി ആ തീരുമാനവും പ്രഖ്യാപനവും. കേരളത്തിൽ നടക്കുന്ന സിപിഎം അക്രമങ്ങൾക്കെതിരെ ദേശീയതലത്തിൽ നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് കുന്ദൻ ചന്ദ്രാവത് എന്ന നേതാവ് പിണറായിയുടെ തലയെടുക്കുന്നയാൾക്ക് ഒരുകോടിയുടെ ഇനാം പ്രഖ്യാപിച്ചത്. ആ വാർത്ത പുറത്തുവന്നയുടനെ ആർഎസ്എസ് ദേശീയ നേതൃത്വം അതിനെ തള്ളിപ്പറഞ്ഞിരുന്നു. അത് സംഘത്തിന്റെ നിലപാടല്ല എന്നത് ആർഎസ്എസ് ദേശീയ നേതാക്കൾ തന്നെ പരസ്യപ്രസ്താവനയിലൂടെ വ്യക്തമാക്കി. മാത്രമല്ല, തന്റെ പ്രസ്താവന തിരുത്താനും തെറ്റ് ഏറ്റുപറയാനും കുന്ദൻ ചന്ദ്രാവത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. എന്നാൽ അതിനുമുന്പായി കുന്ദൻ ചന്ദ്രാവത്തിനെ സംഘടനയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. സംഘടനാപരമായ അച്ചടക്കത്തിന്റെ കാര്യത്തിൽ ആർഎസ്എസ് എത്രമാത്രം ഗൗരവവും വ്യക്തതയും പാലിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നതിൽ തർക്കമില്ല.
സാധാരണ നിലക്ക് ആർഎസ്എസ് നേതാക്കൾ അധികമൊന്നും പൊതുവേദിയിൽ പ്രസംഗിക്കാനായി വരാറില്ല. സംഘത്തിന്റെ പ്രധാനപ്പെട്ട ഉത്‌സവങ്ങളിൽ പൊതു പരിപാടികൾ നടത്താറുണ്ട്. വിജയദശമി, രക്ഷാബന്ധൻ, ഗുരുപൂജ, മകരസംക്രമം …… തുടങ്ങിയവയിൽ. അതിനെത്തുടർന്ന് പൊതുപരിപാടികൾ സംഘടിപ്പിക്കപ്പെടാറുണ്ട്. അതിൽ ആർഎസ്എസ് നേതാക്കൾ സംസാരിക്കാറുണ്ട്. ഒരു പക്ഷെ സംഘ പരിപാടികളിൽ മൈക്ക് ഉപയോഗിക്കപ്പെടുന്നത് ഇത്തരം വേളകളിലാവും. ആ ചടങ്ങുകളിൽ അധ്യക്ഷസ്ഥാനത്ത് സമൂഹത്തിലെ പ്രമുഖരായ വ്യക്തികൾ ഉണ്ടാവാറുണ്ട് എന്നതും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അതിലെ പ്രഭാഷണങ്ങൾ, സാധാരണനിലക്ക്, സംഘ ആദര്ശനങ്ങളിലും രാഷ്ട്രം അഭിമുഖീകരിക്കുന്ന ദേശീയ പ്രശ്നങ്ങളിലും ഒക്കെ അധിഷ്ടിതമാവാറാണ് പതിവ്. അവിടെയൊക്കെ കാടുകയറി പ്രസംഗിക്കാൻ നേതാക്കൾ തയ്യാറാവാറില്ല. സമയബന്ധിതമായ പരിപാടികളാണ് അവയെല്ലാം എന്നതും ഓർക്കേണ്ടതുണ്ട്. പിന്നെ ഇപ്പോൾ നടന്നതുപോലുള്ള ചില പ്രതിഷേധ പരിപാടികൾ നടക്കുമ്പോൾ ഉജ്ജയിനിൽ നടന്നതുപോലുള്ള പ്രശ്നങ്ങൾ ഉയരാറുണ്ടാവാം. അതൊക്കെ അതെ സമയം തന്നെ തിരുത്താൻ സംഘ നേതൃത്വത്തിന് കഴിയാറുമുണ്ട്; അതിനാവശ്യമായ ഒരു സംവിധാനം ആർഎസ്എസിനുണ്ട്.
പൊതുപ്രവർത്തകർ പാലിക്കേണ്ടുന്നതായ ചില മര്യാദകളുണ്ട്. പൊതുരംഗത്തു് പരസ്യ വിമർശനമാവാം. ആർക്കും ആരെയും വിമർശിക്കാം. നമുക്കെതിരെ കൊലക്കത്തിയുയർത്തി നിൽക്കുന്നവനെയും വിമർശിക്കാം. പക്ഷെ ഒരിക്കലും അത് പരിധിവിട്ടുകൂടാ. അവിടെ എല്ലാത്തിനും ചില ‘ലക്ഷ്മണ രേഖ’കളുണ്ട്. അത് കടന്നാൽ പിന്നെ കാര്യങ്ങൾ അവതാളത്തിലാകും. ഇത് ഒരാൾക്ക് മാത്രം ബാധകമായിട്ടുള്ള പ്രശ്നമല്ല, എല്ലാവര്ക്കും അത് ബാധകമാണ് ; എല്ലാവരെയും അത് അലട്ടുകതന്നെ ചെയ്യും. ഇനി കേരളത്തിലേക്ക് വരാം. പൊതുയോഗങ്ങളിൽ എന്തെല്ലാം വിളിച്ചുകൂവുന്നത് നാമൊക്കെ കേട്ടിട്ടുണ്ട്. ചിലർ കോടതികൾക്കെതിരെ മുദ്രാവാക്യം വിളിച്ചതും മറ്റും പലയിടത്തുനിന്നും കേട്ടിട്ടുണ്ടല്ലോ. വെല്ലുവിളികൾ, കൊലവിളികൾ എന്തിനേറെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പോലും അതൊക്കെ ഇവിടെ ഉയർന്നുകേട്ടിട്ടുണ്ട്. ഒരു ജഡ്ജി അദ്ദേഹത്തിൻറെ മുന്നിലെത്തുന്ന വിഷയത്തിൽ സാഹചര്യങ്ങളും വസ്തുതയും തെളിവുകളും നിയമവും മറ്റും നോക്കി വിധിപ്രസ്താവിച്ചതിന്റെ പേരിൽ എന്തെല്ലാം കേട്ടു. അത്തരം ചില ന്യായാധിപന്മാർ “നാടുകടത്തപ്പെട്ട”തും കേരള ചരിത്രത്തിന്റെ ഭാഗമാണ്. ജഡ്ജിയെ, കോടതിയെ, പരസ്യമായി അധിക്ഷേപിച്ചതിന്റെ പേരിൽ കോടതി അലക്ഷ്യം കാണിച്ചതായി കണ്ടെത്തുകയും ജയിൽവാസം അനുഷ്ഠിക്കാൻ നിയുക്തനാവുകയും ചെയ്തയാളെയും നമുക്കിവിടെ ഓർമ്മിക്കേണ്ടതുണ്ട്. ടിപി ചന്ദ്രശേഖരൻ വധം കേരളത്തിന് എന്നെങ്കിലും മറക്കാനാവുമെന്നു തോന്നുന്നില്ല. ടിപിയെ വധിക്കുമെന്ന്, ആ യുവ നേതാവിന്റെ തലയറക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സിപിഎം നേതാക്കളില്ലേ. അതിനുപിന്നാലെയാണല്ലോ ആ ദാരുണ കൊലപാതകം നടന്നത്.
അതുപോലെ, പഴയ കാലത്തെ എംവിആറിന്റെ അനുഭവങ്ങൾ ആർക്കാണ് മറക്കാനാവുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മിണ്ടാപ്രാണികളെയും പാവങ്ങൾ നട്ടുവളർത്തിയ തെങ്ങും കവുങ്ങും വാഴയും ഒക്കെ നശിപ്പിച്ചതും രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ്. അവിടെയൊക്കെയുള്ള ചില ഇടതുനേതാക്കൾ നടത്തിയ കൊലവിളികൾ ഇന്നും പലരുടെയും മനസിലുണ്ട്. ഇന്നിപ്പോൾ കേരളത്തിൽ വൈദ്യുതി മന്ത്രിയായ എംഎം മണിയുടെ പ്രസിദ്ധമായ ‘ വൺ ടു ത്രീ പ്രസംഗം’ ആർക്കാണ് വിസ്മരിക്കാൻ കഴിയുക?. കൊലപാതകം നടത്തിയത് പൊതുസമ്മേളനത്തിൽ വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കിയതിന്റെ കഥയാണ് അവിടെ വിവരിക്കപ്പെട്ടത് . എംഎം മണി ആശാൻ ഇന്നിപ്പോൾ മന്ത്രിയാണ്. മണി ആശാനേയും പരസ്യമായി കൊലക്കത്തി രാഷ്ട്രീയം പ്രസംഗിക്കുന്നവരെയും ജഡ്ജിമാരെ അധിക്ഷേപിക്കുന്നവരെയും സംരക്ഷിക്കുകയും താലോലിക്കുകയും തലയിലേറ്റി നടക്കുകയും ചെയ്യുന്നവർ ആർഎസ്എസിനെതിരെ കുതിരകയറാൻ വരുമ്പോഴാണ് ഇരട്ടത്താപ്പാണ് അതെന്നു പറയേണ്ടിവരുന്നത് . ഡൽഹിയിലെ ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും മറ്റും ഇന്ത്യ വിരുദ്ധമായ , ദേശദ്രോഹപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇന്ത്യയെ വെട്ടിമുറിക്കണം എന്നാവശ്യപ്പെടുകയും കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ഉന്നയിക്കുകയും ചെയ്തവരെ സംരക്ഷിച്ചതും ഇതേകൂട്ടരാണ് എന്നതും മറന്നുകൂടാ. കൊലക്കേസിൽ വിചാരണ നേരിടുന്ന എംഎം മണിയെ മന്ത്രിയാക്കുകയും കോടതിയെ അധിക്ഷേപിച്ച നേതാവിന് പട്ടും വളയും നൽകുകയും ചെയ്യുകയും ചെയ്തവരാണ് ഉജ്ജയിനിലെ വൈകാരിക പ്രസംഗത്തിന്റെ പേരിൽ തെരുവിലിറങ്ങിയത്. ഇവിടെ ഉജ്ജയിനി പ്രശ്നത്തിൽ ആർഎസ്എസ് സ്വീകരിച്ച മാന്യമായ നിലപാട് അവരെല്ലാം അംഗീകരിച്ചിരുന്നുവെങ്കിൽ എന്നാശിച്ചുപോയി.
അടുത്തകാലത്തായി പലരും ‘വായിൽതോന്നിയതു് കോതക്ക് പാട്ട് ‘ എന്ന പഴമൊഴി അന്വർഥമാക്കുംവിധത്തിൽ പൊതുവേദിയിൽ സംസാരിക്കുന്നത് കൂടുതലാവുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, എന്തെങ്കിലും എവിടെയെങ്കിലും കേട്ടാൽ, പിന്നെ പരസ്യമായി ആഞ്ഞടിക്കലായി. ആരെയാണ് അവർ ലക്ഷ്യമിടുന്നത്, ആരെയാണ് അത് ബാധിക്കുക, അത്തരം പ്രസ്താവനകൾ സമൂഹം എങ്ങിനെ മുഖവിലക്കെടുക്കും, അത് ഈ നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെത്തന്നെ എങ്ങിനെയാണ് ബാധിക്കുക എന്നതൊന്നും ആരും ചിന്തിക്കാറില്ല എന്നാണ് പലപ്പോഴും തോന്നാറുള്ളത്. വലിയ സാഹിത്യ നായകന്മാർ, കലാകാരൻമാർ, പൊതുജീവിതത്തിൽ അന്തസ്സ് കാത്തുസൂക്ഷിച്ചവർ എന്നിവരെയൊക്കെ വിലകുറഞ്ഞ മട്ടിൽ ആക്ഷേപിക്കുന്നത് കണ്ടുവല്ലോ. ഇത്തരം പ്രസ്താവനക്കാർക്ക് വേണ്ടത് ടിവി ചാനലിൽ ഒരു സ്ക്രോളിംഗ് ന്യൂസ്, പിറ്റേന്നത്തെ പത്രത്തിൽ ഏറിയാൽ ഒറ്റക്കോളം, നാല് സെന്റിമീറ്റർ, ഒരു വാർത്ത. അതിലേറെയൊന്നും കിട്ടാൻ അർഹതയില്ലാത്തതാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇതിനൊക്കെ പുറപ്പെടുന്നത്. വേണ്ടത്ര ചർച്ചയോ ഗൗരവതരമായ ആലോചനയോ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം എന്നത് പറയാതെ വയ്യ.
ഒരു വിവരക്കേട് പുറത്തുവന്നാൽ അത് പ്രസ്ഥാനത്തെ വല്ലാതെ അലട്ടുമെന്ന് പല പ്രസ്താവനകളും കാണിച്ചുതന്നിട്ടില്ലേ. അതൊക്കെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയതിൽ ബിജെപിയും സംഘ പ്രസ്ഥാനങ്ങളും പലപ്പോഴും വിജയിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും അതിലുള്ള പ്രാഗൽഭ്യം തെളിയിച്ചിട്ടുമുണ്ട്. ഗുജറാത്തിലെ അവരുടെ വിജയഗാഥകൾ ഇനിയും അവരുടെ അനുയായികൾക്ക് പഠനോപാധി ആയില്ലെങ്കിൽ എന്താണ് പറയാനാവുക. ഇവിടെയാണ് പ്രായോഗിക രാഷ്ട്രീയവും രാഷ്ട്രീയ ജ്ഞാനവും മറ്റും അനിവാര്യമാവുന്നത് .
ഏതാനും ദിവസം മുമ്പാണല്ലോ ‘മംഗലാപുരം പരിപാടി’ അരങ്ങേറിയത്. അത് കൈകാര്യം ചെയ്തപ്പോഴും ചില പാളിച്ചകൾ സംഭവിച്ചിരുന്നു എന്നതോർക്കുക. നിശ്ചയിക്കാത്ത പ്രതിഷേധ പരിപാടി പ്രഖ്യാപിക്കുക, പിണറായിയെ മംഗലാപുരത്തുമാത്രമല്ല ഇന്ത്യയിൽ ഒരിടത്തും കാലുകുത്താൻ അനുവദിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുക ……….മംഗലാപുരത്ത് നിന്നും കുറെയേറെ പഠിക്കാനുണ്ട് എന്ന് സൂചിപ്പിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് അവിടെയെത്തിയത് ; സ്വാഭാവികമായും അവിടത്തെ സർക്കാരും പോലീസും വേണ്ടതൊക്കെ ചെയ്തു. ഒരു മുഖ്യമന്ത്രിയെ അങ്ങിനെയൊക്കെ കൈകാര്യം ചെയ്യാൻ കഴിയുമോ?. ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പരിഗണകൾ മനസിലാക്കേണ്ടേ ?. എന്നാൽ മംഗലാപുരം സിപിഎമ്മിന്റെയോ നമ്മുടെ മുഖ്യമന്ത്രിയുടെയോ ജൈത്രയാത്രയൊന്നുമല്ല. വേണ്ടാത്ത പ്രസ്താവനകൾ കൊണ്ട് ഇല്ലാത്ത പ്രാധാന്യം അതിനുണ്ടാക്കിക്കൊടുത്തു എന്നതൊക്കെ മറക്കുക. അവിടെ, സിപിഎം , അനവധി അവസരങ്ങൾ തുറന്നിട്ടത് കാണാതെ പോകാതിരിക്കാനും , പ്രയോജനപ്പെടുത്താനും കഴിയുമോ എന്നതാണ് പ്രധാനം.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽവെച്ച് പൊതുസമ്മേളനങ്ങളിൽ ഏറ്റവും ശക്തമായി, വ്യക്തമായി പ്രതികരിച്ചിരുന്ന രണ്ട് നേതാക്കൾ ഇഎംഎസും കെജി മാരാരും ആയിരുന്നു എന്ന് കരുതുന്നയാളാണ് ഞാൻ. രണ്ടുപേരും ഏതാണ്ടൊക്കെ ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. കെജി മാരാർ കുറച്ചുനേരത്തെ ഈ രംഗത്തുനിന്ന് എന്നെന്നേക്കുമായി വിടചൊല്ലി. രണ്ടുപേരും പ്രസംഗകലയിൽ ഒരു തനിമ ഉണ്ടാക്കിയിരുന്നു. ഇഎംഎസിന്റെ പ്രസംഗങ്ങളിൽ വലിയ ആവേശമൊന്നും ഉണ്ടാവാറില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘വിക്ക് ‘ പ്രസംഗത്തെ ചിലപ്പോഴെങ്കിലും തടസപ്പെടുത്താറുമുണ്ട്. എന്നാലും സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഒരിക്കൽ പോലും അദ്ദേഹം നിലവിട്ട് ഒരു വാക്ക് പറഞ്ഞതായികേട്ടിട്ടില്ല. അതുപോലെയാണ് കെജി മാരാരും. മാരാർജി എല്ലാത്തിനെയും ഹാസ്യത്തിൽ മുക്കിക്കൊണ്ടാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ അതൊരു ‘മാരാർജി എഫക്റ്റ് ‘ തന്നെയാണുണ്ടാക്കിയത്. അക്കാലത്ത് ബിജെപി ഇന്നത്തെപോലെ അത്രമാത്രം ശ്രദ്ധിക്കപ്പെടുന്ന പ്രസ്ഥാനമായിരുന്നു എന്ന് പറഞ്ഞുകൂടാ. മാധ്യമങ്ങൾ അത്രയൊക്കെ പ്രാധാന്യമേ അന്ന് അതിനുകൽപ്പിച്ചുനല്കിയിരുന്നുള്ളൂ. പിന്നെ ഇന്നത്തെപോലെ ദൃശ്യ മാധ്യമങ്ങൾ സജീവമായുണ്ടായിരുന്നില്ലതാനും. എന്നാലും കേരളസമൂഹത്തിൽ നിറഞ്ഞുനിൽക്കാൻ മാരാര്ജിക്കായി. അദ്ദേഹത്തിന്റെ എത്രയോ പ്രസംഗങ്ങൾ കേൾക്കാനിടയായിട്ടുണ്ട്. ‘നിലക്കൽ പ്രശ്നം’ ഓർമ്മി ക്കുന്നവർ ഇന്നുമുണ്ടാവും. കേരളത്തിലെ സംഘ പ്രസ്ഥാനങ്ങൾ, ബിജെപി, ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട ഒരു കാലഘട്ടമായിരുന്നു അത്. ( ഇന്നത്തെ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ച കാലഘട്ടം കൂടിയാണത്.). അന്ന് ആ വിഷയം ജനസമക്ഷത്തിൽ അവതരിപ്പിക്കുമ്പോൾ ഒരു സമയത്തും ഒരു മതസ്ഥർക്കും വിഷമമുണ്ടാവുമായിരുന്നില്ല എന്നതായിരുന്നു കെജി മാരാരുടെ പ്രത്യേകത. അതേസമയം പറയേണ്ടതെല്ലാം അദ്ദേഹം പറയുകയും ചെയ്യും. ആർഎസ്എസിൽ നിന്നും കിട്ടിയ പരിശീലനം തന്നെയാണ് മാരാർജിയുടേത് എന്നതിൽ സംശയമില്ല. മാരാര്ജിയിൽ നിന്ന് പാഠം ഏറെ പഠിച്ചവർ ഇന്നും ബിജെപിയിലുണ്ട് ; അവരുടെ എണ്ണം തുലോം കുറവാണെങ്കിലും. പറഞ്ഞുവന്നത്, എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും വെല്ലുവിളികൾ ഉണ്ടായാലും മാന്യമായി പ്രശ്നങ്ങളെ സമീപിക്കുക, അന്തസ്സായി അവതരിപ്പിക്കുക എന്നത് പൊതുരംഗത്ത് പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്നതാണ്.
ഒരുകാര്യം കൂടി പറഞ്ഞിട്ട് ഇതവസാനിപ്പിക്കാം. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി ഓർമ്മിപ്പിച്ച ഒരു കാര്യമാണ്. 2000 -ലാണ് എന്നാണ് തോന്നുന്നത്, വാജ്‌പേയി സർക്കാരിന്റെ കാലത്താണ്. തെഹെൽക്ക സംഭവവും മറ്റും ഉയർന്നുവന്നതിനുശേഷമാണ് . അക്കാലത്തൊരിക്കൽ എൽകെ അദ്വാനിയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞതോർക്കുന്നു. (ഞാനിത് കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ സൂചിപ്പിച്ചതാണ്). അദ്വാനിജി പറഞ്ഞു: ” പരിസരം മറന്നുകൊണ്ട് എന്തും വിളിച്ചു പറയുന്നവർ ആണ് ഇന്നിപ്പോൾ പാർട്ടിയുടെ പ്രശ്നം. ക്യാമറയുമായി വരുന്നവരോട് എന്തും തുറന്നുപറയുന്നവരാണ് അതിലൊന്ന്. ക്യാമറയുമായി വരുന്നവർ എത്തുന്നത് നല്ല ലക്ഷ്യത്തോടെ ആകണമെന്നില്ല എന്നത് അവർക്ക് മനസിലാവുന്നില്ല; എംപിമാർ അടക്കം അത്തരം പ്രശ്നങ്ങളിൽ പെട്ടുപോകുന്നു. പാർട്ടി ശ്രദ്ധിക്കേണ്ടുന്ന വിഷയമാണിത്. ആരോട് എന്ത് എവിടെ എങ്ങിനെ പറയുക എന്നത് പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.” അതിനുശേഷം ജനസംഘ കാലഘട്ടത്തിലെ ഒരു സംഭവം അദ്ദേഹം സ്മരിച്ചു. ഒരിക്കൽ ഒരു പൊതുസമ്മേളനത്തിൽ വെച്ച് ഒരു ജനസംഘം നേതാവ് അവിടത്തെ തന്റെ രാഷ്ട്രീയ പ്രതിയോഗിയെ അടച്ചാക്ഷേപിച്ചത് ദീനദയാൽജി കേൾക്കാനിടയായി. ( ജനസംഘം ദേശീയ അധ്യക്ഷനായിരുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ; ഈ സംഭവം നടക്കുമ്പോൾ അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്നു.) ഒരു സംഘർഷമേഖലയായിരുന്നു അത്. മുസ്ലിം- ഹിന്ദു സംഘർഷങ്ങൾ. ആ വിഷമമാണ് അദ്ദേഹം പ്രസംഗത്തിൽ കാണിച്ചത്. പക്ഷെ ദീനദയാല്ജി അന്ന് രാത്രി അത്താഴ സമയത്ത് അദ്ദേഹത്തെ വിളിപ്പിച്ചു; അവർ ഒന്നിച്ചായിരുന്നു അത്താഴം. സമാധാനപരമായി കാര്യങ്ങൾ പറഞ്ഞുമനസിലാക്കി. പിന്നീട് , പിറ്റേന്ന്, ആ നേതാവ് അവിടെ നടക്കുന്ന പാർട്ടി യോഗത്തിൽവെച്ചു തന്റെ തെറ്റ് ഏറ്റുപറഞ്ഞു. അതുപോലെ വ്യക്തികളെ കാര്യങ്ങൾ വേണ്ടവിധം പറഞ്ഞുമനസിലാക്കുകയാണ് വേണ്ടത്. ബിജെപിക്ക് അതിന് കഴിയും, അദ്വാനി തുടർന്നു.
മറ്റൊന്ന്, സിപിഎം കാണിക്കുന്ന ഇരട്ടത്താപ്പാണ്. ചിലകാര്യങ്ങളിൽ വികാരാധീനരാവുന്ന അവർ ഇന്നിപ്പോൾ സർവയിടത്തും അക്രമികളെയും അക്രമത്തിനും രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾക്കും ആഹ്വാനം ചെയ്യുന്നവരെയും സംരക്ഷിക്കുകയാണ്. അവരുടെ വിദ്യാർഥി പ്രസ്ഥാനത്തിലെ ചിലർ കാണിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് , ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക്, ഇക്കൂട്ടർ സംരക്ഷണം നൽകുന്നു എന്നുമാത്രമല്ല, പരസ്യമായി പിന്തുണയും വാഗ്ദാനം ചെയ്യുന്നു. കാശ്മീരിനെ വെട്ടിമുറിക്കണം എന്ന് വിളിച്ചുപറയുന്നതിൽ എന്താണ് തെറ്റ്, പാക് ഭീകരന് ജയ് വിളിക്കുന്നതിൽ എന്താണ് അപാകത എന്നൊക്കെ സിപിഎം പരസ്യമായി ചോദിയ്ക്കാൻ തുടങ്ങിയാലോ? സീതാറാം യെച്ചൂരിയെപ്പോലുള്ളവർ നടത്തിയ പ്രസ്താവനകൾ ആവർത്തിക്കേണ്ടതില്ലല്ലോ. അവിടെയാണ് ആർഎസ്എസിന്റെ മഹത്വം, സംഘത്തിന്റെ സന്ദേശം വ്യക്തമാവുക. അവിടെയാണ് ഉജ്ജയിനിൽ നിന്നുള്ള സന്ദേശത്തിന്റെ പ്രാധാന്യമേറുന്നത് .
Post Your Comments