KeralaNews

രാജ്യത്ത് തിരുവനന്തപുരം തന്നെ നമ്പര്‍ വണ്‍ : പുതിയ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി•തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രാജ്യത്തെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതി സ്വന്തമാക്കി തിരുവനന്തപുരം നഗരം. ബെംഗളൂരു ആസ്ഥാനമായ ജനഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി എന്ന ഏജന്‍സി നടത്തിയ സര്‍വേയിലാണ് നഗര ഭരണ സംവിധാനത്തില്‍ തിരുവനന്തപുരം രാജ്യത്ത് വീണ്ടും ഒന്നാമതതെത്തിയത്.

രണ്ടാം സ്ഥാനത്തെത്തിയ പൂനെ 2015 ലേതില്‍ നിന്ന് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി. കൊല്‍ക്കത്തയാണ് മൂന്നാം സ്ഥാനത്ത്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന മുംബൈ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന തലസ്ഥാന നഗരം ഇത്തവണ രണ്ടു സ്ഥാനം താഴേക്കിറങ്ങി ഒന്‍പതാം സ്ഥാനത്തായി. ഭുവനേശ്വര്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. ബംഗലൂരു (16) ലുധിയാന (19) ജെയ്പുര്‍ (20) ചണ്ഡിഗഡ് (21), എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍.

രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍, ഡല്‍ഹിയും മുംബൈയും അടക്കം 21 പ്രധാന നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. നഗരഭരണം, നികുതി സംവിധാനം, തദ്ദേശ ഭരണ മാതൃകകള്‍, ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, നഗരങ്ങളുടെ സാമ്പത്തിക ശേഷി തുടങ്ങി 83 ഓളം ഘടങ്ങളാണ്‌ സര്‍വേ പരിഗണിച്ചത്. 21 നഗരങ്ങള്‍ അവരുടെ ചിലവിന്റെ 37 ശതമാനം മാത്രമാണ് സ്വയം കണ്ടെത്തുന്നതെന്ന് സര്‍വേ കണ്ടെത്തി. എന്നാല്‍ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, പൂണെ എന്നീ നഗരങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ അന്‍പത് ശതമാനം സ്വയം കണ്ടെത്തുന്നുണ്ട്.

അതേസമയം, ലോകത്തിലെ മറ്റ് നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണെന്നും സര്‍വേ പറയുന്നു. 21 ഇന്ത്യന്‍ നഗരങ്ങള്‍ക്കും 2.1 നും 4.4 നും ഇടയില്‍ മാര്‍ക്കുകള്‍ നേടാനേ സാധിച്ചുള്ളു. ന്യൂയോര്‍ക്കിന് 9.8 മാര്‍ക്കും ലണ്ടന് 9.3 മാര്‍ക്കുമാണ് സര്‍വെയില്‍ ലഭിച്ചത്.

shortlink

Post Your Comments


Back to top button