കോട്ടയം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആശയങ്ങളും നിലപാടുകളും കൈമോശം വന്നെന്നും ഇന്നവര്‍ ആമാശയ രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്നും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ചിതാഭസ്മ നിമഞ്ജന യാത്ര കോട്ടയത്ത് എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു മനുഷ്യന്റെ മാനുഷികമായ മൂല്യങ്ങളെ നിരാകരിക്കുന്ന പ്രവണതയാണ് ഇന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ കൈ കൊള്ളുന്നത്. ജനാധിപത്യപരമായ മര്യാദകള്‍ക്ക് കൂച്ചു വിലങ്ങിടുന്ന ക്രൂരനായ ഭരണാധികാരിയുടെ മാടമ്പിത്തരത്തിന് കാവലാളാകാന്‍ വിധിക്കപ്പെട്ടവരായി മാര്‍ക്സിസ്റ്റുകാര്‍ മാറി. എതിര്‍ക്കുന്നവരെ കൊന്ന് തള്ളുക, ചുട്ടു കൊല്ലുക, തല്ലികൊല്ലുക, വെടിവെച്ച് കൊല്ലുക, അവയവങ്ങള്‍ ഛേദിക്കുക തുടങ്ങിയ നരഭോജികള്‍ക്ക് തുല്യമായ കാട്ടുനീതിയിലേക്ക് ഇന്ന് അവര്‍ എത്തിക്കഴിഞ്ഞുവെന്നും രേണു സുരേഷ് കുറ്റപ്പെടുത്തി.
Post Your Comments