മുന്‍ കേന്ദ്രമന്ത്രിയും മുസ്ലീംലീഗിന്റെ പ്രമുഖ നേതാവുമായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് സീറ്റിലെ അടുത്ത ലീഗ് സ്ഥാനാര്‍ഥിയെ ചൊല്ലി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി അടുത്തിടെ നിയമിക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് പ്രഥമ പരിഗണന. അതേസമയം ഇ.അഹമ്മദിന്റെ മകള്‍ ഫൗസിയ ഷെര്‍സാദ് മത്സരിക്കണമെന്ന ആവശ്യവും ലീഗിലെ ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫൗസിയ ഇതുസംബന്ധിച്ചു തന്റെ നിലപാട് വ്യക്തമാക്കി. തന്റെ ഉപ്പയെയും കുടുംബത്തെയും സ്‌നേഹിക്കുന്ന ഒരുപാട് ആളുകള്‍ അങ്ങനെ ആവശ്യപ്പെടുന്നുണ്ട്. ഉപ്പയുടെ അടുത്തേക്ക് എന്ത് ആവശ്യവുമായും ഒരു മടിയുമില്ലാതെ എത്താന്‍ കഴിഞ്ഞിരുന്നവരാണ് അവരില്‍ പലരും. അദ്ദേഹം തുടങ്ങി വച്ച പ്രൊജക്ടുകള്‍ ഞങ്ങള്‍ മക്കള്‍ പൂര്‍ത്തിയാക്കണം, നിങ്ങള്‍ മണ്ഡലത്തില്‍ വരണം മത്സരിക്കണമെന്നൊക്കെ വ്യക്തിപരമായി ഒരുപാട് ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം എടുക്കേണ്ട ഒരു തീരുമാനമാണതെന്ന് ഫൗസിയ പറഞ്ഞു. ഇപ്പോള്‍ വളരെ നല്ല ജോലിയും കുടുംബ ജീവിതവുമായി പോകുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ഇതില്‍ പലതും മാറിമറിയും. പൂര്‍ണമായും മറ്റൊരു ലൈഫ് സ്‌റ്റൈലിലേക്ക് മാറണം. സഹോദരങ്ങള്‍ പോലും പരസ്പരം ഇക്കാര്യം ചര്‍ച്ച നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ്. സ്‌നേഹത്തോടെ, രാഷ്ട്രീയത്തിലേക്കു വരണമെന്നു വിളിക്കുന്നവരോട് ആലോചിച്ചു തീരുമാനിക്കാം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഫൗസിയ വ്യക്തമാക്കി.
Post Your Comments