കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സമകാലിക കലാ എക്സിബിഷനായ കൊച്ചി- മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച സന്ദര്‍ശിക്കും. കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ആദ്യമായാണ് രാഷ്ട്രപതി ബിനാലെ സന്ദര്‍ശിക്കുന്നത്. ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സെമിനാര്‍ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ വൈകിട്ട് നാലിന് രാഷ്ട്രപതി ഉദ്ഘാടനംചെയ്യും. ആസ്പിന്‍വാള്‍ ഹൗസിലെ ബിനാലെ പ്രദര്‍ശനങ്ങളും രാഷ്ട്രപതി കാണും.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരും ചടങ്ങില്‍ സംസാരിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വാഗതം പറയും. സുസ്ഥിര സാംസ്കാരിക നിര്‍മ്മിതിയുടെ പ്രാധാന്യം എന്നതാണ് സെമിനാര്‍ വിഷയം. അശോക് വാജ്പേയി, റിയാസ് കോമു, കെ സച്ചിദാനന്ദന് എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. പ്രൊഫ. എം വി നാരായണന് മോഡറേറ്ററാകും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിനാലെ വേദികളായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ മറ്റു ബിനാലെ വേദികളില്‍ അന്നേദിവസം എല്ലാവര്ക്കും പ്രവേശനം സൗജന്യമാണ്.
മാര്‍ച്ച് 29നാണ് ബിനാലെ അവസാനിക്കുന്നത്.
Post Your Comments