KeralaNews

പീഡനം ഒഴിവാക്കാനായ ഏക മാര്‍ഗം നിര്‍ബന്ധിത വന്ധ്യംകരണം : ദയവ് ചെയ്ത് ക്രിസ്ത്യാനികളെ തലയില്‍ മുണ്ടിട്ട് നടത്തരുത്: ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: വികാരി എന്നു പറഞ്ഞാല്‍ വികാരമുള്ളയാളെന്നാണ് അര്‍ത്ഥം. ആ പണിക്ക് കുടുംബസമേതം താമസിക്കുന്നവരാണ് നല്ലത്. അല്ലെങ്കില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണം. പതിനാറു വയസുള്ള +1 പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ച കേസില്‍ കത്തോലിക്കാ വൈദികന്‍ അറസ്റ്റിലായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വികാരി എന്നു പറഞ്ഞാല്‍ വികാരമുള്ളയാളാണെന്ന ചൂണ്ടിക്കാട്ടി പരിഹാസ സ്വരത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള ഏക വഴി നിര്‍ബന്ധിത വന്ധ്യംകരണം മാത്രമാണെന്നും തന്റെ ഫേസ്ബുക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വികാരി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന്-
ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെയ്ക്കുമ്പോള്‍-
ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം.

അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം. ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക.

സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം?
പ്രത്യേകിച്ചും പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണ്-
ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം.
ബ്രഹ്മചര്യം നിര്‍ബന്ധിതമായ കത്തോലിക്കാ പുരോഹിതന്മാര്‍ പീഡനക്കേസുകളില്‍ അകപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുരവന്ന പശ്ചാത്തലത്തില്‍കൂടിയാണ് ജോയ് മാത്യുവിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. കൊട്ടിയൂര്‍ സെന്‍ സെബാസ്റ്റ്യന്‍ പള്ളയിലെ വികാരിയായിരുന്ന ഫാ. റോബിന്റെ പീഡനത്തിന് ഇരയായ പതിനാറുകാരി ആണ്‍കുഞ്ഞിനു ജന്മം നല്കി. പൊലീസ് അറസ്റ്റ് ചെയ്ത വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളിനെ ചുറ്റിപ്പറ്റിയുടെ അന്വേഷണങ്ങളെ തുടര്‍ന്നാണ് പീഡന വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗരിസ് നേരത്തേ സമാനമായ കേസില്‍ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button