കണ്ണൂര്‍: മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായി അണിച്ചൊരുക്കിയ ചിത്രമായിരുന്നു ട്രാഫിക്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ ട്രാഫിക് മലയാള സിനിമയില്‍ മാറ്റത്തിന് വഴിവെച്ച ചിത്രമായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്സോഫീസിലും ലഭിച്ചത്. ഇപ്പോഴിതാ ട്രാഫിക് മറ്റൊരു രൂപത്തിലെത്തുന്നു. തിയറ്ററിലല്ല, മറിച്ച് വിദ്യാഥികളുടെ മുന്നിലേക്കാണെന്ന് മാത്രം.
അതെ. കണ്ണൂര്‍ സര്‍വകലാശാലയിലെ ബി.എ മലയാളം വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി എത്തുകയാണ് ട്രാഫികിന്റെ തിരക്കഥ. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരു ഭാഗമാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടാവുക. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനായ ജയചന്ദ്രന് കീഴോത്താണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആറാം സെമസ്റ്ററിലെ അരങ്ങും പൊരുളും എന്ന വിഷയത്തിന്റെ ഭാഗമായാണ് ട്രാഫിക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിലബസ് പുനര്‍ നിര്‍ണയിക്കണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയകുമാരി കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പാഠ്യപദ്ധതിയിലുള്പ്പെടുത്തിയത്. തിരക്കഥ അടുത്തയാഴ്ച മുതല്‍ പഠിപ്പിച്ച് തുടങ്ങും. ഡിസംബറില്‍ തുടങ്ങുന്ന സെമസ്റ്റര്‍ മാര്‍ച്ചിലാണ് അവസാനിക്കുക.
ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, റഹ്മാന്, അനൂപ് മേനോന് തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Post Your Comments