കോയമ്പത്തൂർ ∙ അണ്ണാ ഡി.എം.കെ വിമത നേതാവ് ഒ. പനീർസെൽവത്തെ ഡി.എം.കെ വർക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ കൈവിട്ടു. പനീർസെൽവത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സ്റ്റാലിൻ ഉന്നയിച്ചിരിക്കുനത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പേര് രാഷ്ട്രീയ നേട്ടത്തിനായി പനീർസെൽവം ഉപയോഗിക്കുകയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
എന്തുകൊണ്ട് പനീർസെൽവം മുഖ്യമന്ത്രിയായി അധികാരത്തിൽ ഇരുന്നപ്പോൾ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഉന്നയിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനുശേഷമാണ് പനീർസെൽവം ഇക്കാര്യങ്ങൾ പറഞ്ഞത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനായി ജയലളിതയുടെ പേര് പനീർസെൽവം ഉപയോഗിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
ജയയുടെ ചിത്രങ്ങളും പേരും സർക്കാർ ഒാഫിസുകളിൽ നിന്നും നീക്കണമെന്ന സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയായതിനാലാണ് ഇത്തരം ഒരു തീരുമാനം. പക്ഷെ സ്റ്റാലിന്റെ ഈ ആവശ്യത്തോട് പനീർസെൽവം രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിന്റെ അടുത്ത പ്രതികരണം. പനീർസെൽവം മുഖ്യമന്ത്രിയായിരുന്നപ്പോൾ ജയയുടെ മരണവുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണമാണ് നടത്തിയതെന്നും സ്റ്റാലിൻ ചോദിച്ചു.
സുപ്രീംകോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയ ജയയുടെ ചിത്രങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നത് നല്ലതല്ലെന്ന് ഡി.എം.കെ പറഞ്ഞു. അണ്ണാ ഡി.എം.കെ പ്രവർത്തകർക്ക് ചിത്രങ്ങൾ സൂക്ഷിക്കാം. അവരുടെ പാർട്ടി ഒാഫീസുകളിൽ സൂക്ഷിക്കുകയും ചെയ്യാം. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുതന്നെയാണ് ഡി.എം.കെയുടെ ആവശ്യം. തമിഴ്നാട്ടിലെ ജനങ്ങൾ രാഷ്ട്രീയ നാടകങ്ങൾ കാണുന്നുണ്ട്. അവർക്ക് സത്യമറിയാമെന്നും സ്റ്റാലിൻ പറഞ്ഞു.
Post Your Comments