Kerala

വിവാഹ രജിസ്‌ട്രേഷൻ ; ആധാർ നിർബന്ധമല്ല

വിവാഹ രജിസ്‌ട്രേഷനു ഇനി ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സി.ഐ.സി). ഇത് സംബന്ധിച്ച് സര്‍ക്കാരും വിവാഹ രജിസ്‌ട്രേഷന്‍ അധികൃതരും വിവിധ മാധ്യമങ്ങള്‍മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ പ്രഫ.എം. ശ്രീധര്‍ ആചാര്യലു അറിയിച്ചു. ചില പ്രത്യേക കാര്യങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാണെന്നു സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെങ്കിലും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാളും പ്രയാസപ്പെടരുതെന്ന 2013ലെ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ് ചൂണ്ടി കാട്ടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്പെഷല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹരജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കുള്ള നടപടിക്രമങ്ങളില്‍ വേഗം മാറ്റം വരുത്തണം.വിവാഹരജിസ്‌ട്രേഷന്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതാകണമെന്നും ആരെയും ബുദ്ധിമുട്ടിക്കുന്ന വിധത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിവരാവകാശ കമ്മിഷണര്‍ ആവശ്യപ്പെട്ടു.സ്‌ത്രീകളുടെ അവകാശവും അഭിമാനവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ്‌ വിവാഹ രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബാലവിവാഹം, സമ്മതമില്ലാതെയുള്ള വിവാഹം, വിവാഹത്തട്ടിപ്പുകള്‍ എന്നിവ തടയാനാണ്‌ വിവാഹം രജിസ്‌റ്റര്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍മുഖേന അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ്‌ നമ്പര്‍ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണമെന്നാണു വ്യവസ്‌ഥ. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കു മറ്റേതെങ്കിലും തിരിച്ചറിയില്‍ കാര്‍ഡ്‌ നമ്പര്‍ നല്‍കാനുള്ള അവസരവുമില്ല.

shortlink

Post Your Comments


Back to top button