NewsInternational

2017ലെ ഹജ്ജ് രജിസ്‌ട്രേഷന്‍ ഉടന്‍ : വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം

ദോഹ: 2017ലെ ഹജ്ജിനുള്ള അപേക്ഷകള്‍ അടുത്ത ബുധനാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 30 വരെയാണ് രജിസ്‌ട്രേഷനുള്ള അവസരം. മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക വെബ്‌സൈറ്റായ www.hajj.gov.qa വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വര്‍ഷത്തെ ഹജ്ജിനായി അപേക്ഷകള്‍ അയക്കാവുന്നതാണ്.

അറബിയിലും ഇംഗ്‌ളീഷിലും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വകുപ്പ് ഡയറക്ടര്‍ അലി സുല്‍ത്താന്‍ അല്‍ മുസൈയിഫിരി പറഞ്ഞു. ഇതോടൊപ്പം അപേക്ഷകര്‍ക്ക് വേണ്ട ഉപാധികളും ഹജ്ജ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.
അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 18 വയസ്സെങ്കിലും പൂര്‍ത്തിയായിരിക്കണം. കൂടെയുള്ളവര്‍ക്ക് 16 വയസ്സെങ്കിലും തികഞ്ഞിരിക്കണം. അതേസമയം, ഖത്തറില്‍ താമസമാക്കിയവര്‍ക്ക് ചുരുങ്ങിയത് 18 വയസ്സ് തികഞ്ഞിരിക്കണമെന്നും മൂന്ന് വര്‍ഷം വരെ ഖത്തറില്‍ താമസിച്ചവരായിരിക്കണമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഹജ്ജ് ചെയ്തവരായിരിക്കാനും പാടില്ലെന്നും ഹജ്ജ് കമ്മിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്നു.
മഹ്‌റമില്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്ക് 45 വയസ്സ് തികഞ്ഞിരിക്കണമെന്നും അപേക്ഷകര്‍ക്കായുള്ള നിബന്ധനകളില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. മുഴുവന്‍ അപേക്ഷകരുടെയും പാസ്‌പോര്‍ട്ടുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി റീഡ് ചെയ്യാന്‍ സാധിക്കുന്നതായിരിക്കണം.

അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അപേക്ഷകരില്‍ നിന്ന് തെരെഞ്ഞെടുക്കല്‍ പ്രക്രിയ ആരംഭിക്കുന്നതായിരിക്കും. ഇതിനായുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും ഹജ്ജ് കാംപയിനുമായി ബന്ധപ്പെട്ട അനുബന്ധ സമിതികള്‍ പൂര്‍ത്തീകരിച്ചതായും ഹജ്ജ് സമയത്ത് തീര്‍ഥാടകര്‍ക്കുള്ള താമസസ്ഥലങ്ങളുടെ സന്ദര്‍ശനം ഈ വര്‍ഷത്തെ റമദാന്‍ അവസാനത്തോടെ ബന്ധപ്പെട്ട സമിതികള്‍ നിര്‍വഹിക്കുമെന്നും അല്‍ മുസൈയിഫിരി വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യം, ഭക്ഷ്യസുരക്ഷ, സുരക്ഷ, വാര്‍ത്താവിനിമയം തുടങ്ങിയ രംഗത്ത് ഖത്തറിന്റെ ഹജ്ജ് മിഷനുമായി ബന്ധപ്പെട്ട് രാജ്യത്തെ മറ്റു മന്ത്രാലയങ്ങളും സ്ഥാപനങ്ങളും പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹജ്ജ് അപേക്ഷകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് മറുപടി പറയാനായി 132 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button