
കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ഹണി ട്രാപ് വഴി ചലച്ചിത്ര മേഖലയിലെ ചിലര്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. യുവതികളെ ദുരുപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്യുന്നതാണു ഹണി ട്രാപ്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു സുഹൃത്തിനൊപ്പം ചില യുവതികളെ ഇയാള്‍ സമീപിച്ചതായാണു വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഹണി ട്രാപ് പദ്ധതി വിജയിച്ചില്ലെന്നാണു സുനിലും സുഹൃത്തും പൊലീസിനോടു പറഞ്ഞത്. ഈ സുഹൃത്തുമായി ചേര്‍ന്നു കൊച്ചിയില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി സുനില്‍ ആരംഭിച്ചിരുന്നതായും വിവരം ലഭിച്ചു.
സുനിലിന്റെ കയ്യില്‍ കഴിഞ്ഞ വര്‍ഷം മാത്രം എത്തിയത് 15 ലക്ഷം രൂപയാണെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോടു പറഞ്ഞു. ആര്‍ഭാട ജീവിതത്തോടു ഭ്രമമുള്ള സുനില്‍ ഇതില്‍ ഏഴു ലക്ഷം രൂപ ചെലവഴിച്ചതു മുന്തിയ ഹോട്ടലില്‍ താമസിക്കാനും മുന്തിയ വാഹനങ്ങളില്‍ ചുറ്റിക്കറങ്ങാനുമാണ്. ഡ്രൈവറായി ജോലി നോക്കിയിരുന്നയാളുടെ കയ്യില്‍ ഇത്രയും രൂപയെങ്ങനെയെത്തിയെന്ന ചോദ്യത്തിന്, ചില ബിസിനസുകാര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ലക്ഷങ്ങള്‍ പലിശയ്ക്ക് ഏര്‍പ്പാടാക്കി കൊടുക്കുന്നതിനുള്ള കമ്മിഷനായാണ് വന്‍തുക കയ്യിലെത്തിയതെന്നാണ് ഇയാളുടെ മൊഴി.എന്നാല്‍, ഇതു പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
രണ്ടു വട്ടം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ബുട്ടീക് ഉടമയായ യുവതിക്കു രണ്ടു വര്‍ഷം മുന്‍പ് 10 ലക്ഷം രൂപ ഇയാള്‍ നല്‍കി. ഇതു പിന്നീട് പലിശ സഹിതം തിരിച്ചുകൊടുത്തെന്നാണു യുവതിയുടെ മൊഴി. സുനിലിനെ അറസ്റ്റ് ചെയ്ത ശേഷവും അന്വേഷണ സംഘം യുവതിയെ ചോദ്യം ചെയ്തിരുന്നു. പണം തിരികെ ലഭിച്ചതായി സുനിലും സമ്മതിച്ചു. നേരത്തേ ഇവരുടെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴുള്ള പരിചയം വച്ചായിരുന്നു ബിസിനസിനായി പണം സംഘടിപ്പിച്ചു നല്‍കിയത്.
നടിയെ ആക്രമിച്ച ശേഷം രാത്രിയില്‍ സുനില്‍ ഇവരെ സന്ദര്‍ശിച്ചുവെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അതു ശരിയല്ലെന്നും ഇവരുമായി പണമിടപാടു മാത്രമാണു നടത്തിയതെന്നുമാണു സുനിലിന്റെ മൊഴി.നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്താനുള്ള പദ്ധതിക്കു മൂന്നു മാസത്തെ ആസൂത്രണമുണ്ടെന്നാണു സുനിലിന്റെ മൊഴി. സുനിലിനു പുറമേ, കൂട്ടുപ്രതികളില്‍ മാര്‍ട്ടിനു മാത്രമാണ് ഇതേപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നത്. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ മാര്‍ട്ടിനെ ഡ്രൈവറായി കയറ്റിയതുപോലും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു.
Post Your Comments