ന്യൂഡല്‍ഹി: തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍കിബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ശാസ്ത്ര – സാങ്കേതിക രംഗത്തെ നേട്ടങ്ങളിലൂന്നിയാണ് മോദിയുടെ റേഡിയോ പ്രഭാഷണം ആരംഭിച്ചത്. നൂറ്റിനാല് ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്ര നേട്ടം കൈവരിച്ച ഐ.എസ്.ആര്‍.ഒ യുടേത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിലെ കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പട്ട ഉപഗ്രഹം കര്‍ഷകരെ ഏറെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ ഇരുപത്തിയെട്ടാം ഭാഗമാണ് ഇന്നു പ്രക്ഷേപണം ചെയ്തത്. യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക അനുവാദം വാങ്ങിയാണു പരിപാടി പ്രക്ഷേപണം ചെയ്തത്.
പ്രതിരോധ രംഗത്ത് ബാലിസ്റ്റിക് ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയിച്ചുവെന്നും നാലോ അഞ്ചോ രാജ്യങ്ങൾക്കേ ഈ സാങ്കേതിക വിദ്യ കൈവശമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന് കൂടുതൽ ശാസ്ത്രജ്ഞരെ ആവശ്യമുണ്ട്. മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു, ഒരു ശാസ്ത്രവും ആകാശത്തുനിന്ന് പൂർണതയോടെ വീണതല്ല. പരീശീലനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതാണു ശാസ്ത്രത്തിന്റെ വലിയ സംഭാവനയെന്ന് അദ്ദേഹം വ്യക്തമാക്കി.
മീൻപിടിത്തക്കാർക്കുവേണ്ടി ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. കടലിൽ ഏതു മേഖലയിൽ ഏറ്റവും അധികം മൽസ്യം ലഭിക്കുമെന്നു കണ്ടെത്താനുള്ള ആപ്ലിക്കേഷനാണത്. കാറ്റിന്റെ ഗതിയും തിരമാലകളെക്കുറിച്ചും ആപ്പിൽനിന്ന് അറിയാനാകും.
സാങ്കേതിക വിദ്യയാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇനി ഡിജിറ്റൽ ഇടപാടുകളിലാണ് ശ്രദ്ധ. ഡിജിറ്റൽ ഇടപാടുകൾ വൻ വിജയമാക്കാൻ ലക്കി ഗ്രാഹക്, ഡിജിധൻ വ്യാപാരി പദ്ധതികൾ സഹായകരമായിയെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
Post Your Comments