Interviews

‘ *ദിലീപിനെ വേട്ടയാടുന്നത് കാണുമ്പോള്‍ പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചുകൂട്ടുകയാണ് ഞങ്ങള്‍* ”*പള്‍സര്‍ സുനി വിവാദം ദിലീപിനോട് ആര്‍ക്കോ ഉള്ള പക തീര്‍ക്കാന്‍* : *കൊച്ചിന്‍ ഹനീഫയുടെ സഹധര്‍മ്മിണി ദിലീപിനെ കുറിച്ച് കണ്ണീരോടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍*

ജനപ്രിയനായകന്‍ എന്ന പേര് സൂപ്പര്‍ താരം ദിലീപിന് നല്‍കിയത് ജനങ്ങള്‍ തന്നെയാണ്. സിനിമക്ക് അപ്പുറം സാമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നു. മലയാള സിനിമാ മേഖലയില്‍ സമാനതകളില്ലാത്ത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്മനസിന് ഉടമകൂടിയാണ് ദിലീപ്. ചലച്ചിത്ര രംഗത്തും പുറത്തുമുള്ള നൂറുകണക്കിനാളുകള്‍ക്ക് കൈത്തൊങ്ങാകുന്ന ദിലീപ് എന്ന നടന്‍ പലര്‍ക്കും കാണപ്പെട്ട ദൈവം കൂടിയാണ്. അടുത്ത സമയത്ത് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്ന സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി സര്‍ക്കാരുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്ന് മനസിലാക്കുമ്പോഴാണ് ദിലീപ് എന്ന ‘വ്യക്തിയുടെ’ സാമൂഹിക ഇടപെടലുകളുടെ വലിപ്പം നാം തിരിച്ചറിയുന്നത്. ഒരു മനുഷ്യന്‍, അവന്റെ തലമുറ അനുഭവിക്കേണ്ട ധനം പാവപ്പെട്ടവന് ദാനം ചെയ്യുന്നെങ്കില്‍ തീര്‍ച്ചയായും അവനില്‍ മനുഷ്യത്വവും ദൈവീകതയും കുടി കൊള്ളുന്നതു കൊണ്ടുകൂടിയാണ്. ഒന്നുമില്ലാത്തവനായി മലയാള സിനിമയിലേക്ക് കയറിവന്ന് , എല്ലാം നേടിയപ്പോഴും വന്ന വഴി മറന്നില്ല എന്നാണ് ദിലീപിന്റെ സ്വഭാവ വൈശിഷ്ഠ്യം. താര രാജാക്കന്‍മാര്‍ അണി നിരന്ന ട്വന്റി ട്വന്റി എന്ന ഒറ്റ സിനിമ മാത്രം മതി, മലയാള സിനിമക്ക് ദിലീപ് ആരായിരുന്നു എന്ന് ബോദ്ധ്യപ്പെടാന്‍. ഏറ്റവും അവസാനം മലയാള ചലച്ചിത്ര മേഖലയെ തകര്‍ക്കാന്‍ ലിബര്‍ട്ടി ബഷീര്‍ എന്ന കുശാഗ്ര ബുദ്ധിക്കാരന്‍ കച്ചകെട്ടി ഇറങ്ങിയപ്പോഴും രക്ഷകനായി അവതരിച്ചത് സാക്ഷാല്‍ ദിലീപ് തന്നെ.! അതുകൊണ്ടൊക്കെ മിത്രങ്ങളെക്കാള്‍ ഏറെ ശത്രുക്കളെയാണ് ഈ നടന്‍ സമ്പാദിച്ചതും. അതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ പുറത്ത് വരുന്ന പല വാര്‍ത്തകളും. കുപ്രചരണം നടത്തി അദ്ദേഹത്തെ തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കുറെ ദിവസങ്ങളായി കേരളത്തില്‍ നടക്കുന്നത്. ചില സ്ഥാപിത താല്‍പര്യക്കാരും മഞ്ഞ പത്രങ്ങളും കൂടി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു നടനെ മാത്രമല്ല ഒരു മനുഷ്യ സ്‌നേഹിയെ തന്നെയാണ്. ഈ അവസരത്തില്‍ ദിലീപ് സ്വന്തം കുടുംബത്തെ പോലെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന യശശരീരനായ കൊച്ചിന്‍ ഹനീഫയുടെ കുടുംബം തങ്ങള്‍ക്കാരാണ് ദിലീപ് എന്നും യഥാര്‍ത്ഥ ദിലീപ് എങ്ങനെയാണെന്നും പങ്കു വയ്ക്കുന്നു. കൊച്ചിന്‍ ഹനീഫയുടെ വിധവ ഫാസില ഹനീഫുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? *എന്താണ് കുടുംബ സുഹൃത്തെന്ന നിലയില്‍ ദിലീപിനെ പറ്റിയുള്ള അഭിപ്രായം?*

??സ്വന്തം സഹോദരനെ പോലെ തന്നെയാണ് എനിക്ക് ദിലീപ്. എന്ത് സങ്കടവും പറയാം. നമുക്ക് ആരൊക്കെയോ ഉണ്ടെന്ന ഒരു തോന്നലാണ് ദിലീപ് ഉള്ളപ്പോള്‍. എന്ത് പ്രയാസം പറഞ്ഞാലും അദ്ദേഹം അതിന് പരിഹാരം ഉണ്ടാക്കി തരും. ഇത്രയധികം തിരക്കുള്ള ഒരു മനുഷ്യനാണ് അദ്ദേഹം എന്നോര്‍ക്കണം. എന്നിട്ടും, അദ്ദേഹം കാണിക്കുന്ന ഒരു ശ്രദ്ധ, കരുതല്‍…. ഇവയൊന്നും വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല. ദിലീപിനെ പോലെ ഒരാളെ കുടുംബ സുഹൃത്തായി കിട്ടിയത് തന്നെ പുണ്യമായി കരുതുന്നു.

? *ഹനീഫ്ക്കയുടെ വേര്‍പാടിന് ശേഷം കുടുംബത്തെ ദിലീപ് ഏറെ സഹായിച്ചെന്ന് കേട്ടിരുന്നു….*

??സത്യമാണ്. ഇക്കയുടെ വേര്‍പാടിന് ശേഷം ഏറെ വിഷമങ്ങളില്‍ കൂടിയാണ് ഞങ്ങള്‍ കടന്നു പോയത്. സിനിമാരംഗത്ത് നിന്ന് ആദ്യമായി ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായി ഞങ്ങളെ സഹായിച്ചതും ദിലീപ് മാത്രമാണ്. താരങ്ങളുടെ സംഘടനയായ അമ്മ വഴി എല്ലാവരും സഹായിക്കുന്നുണ്ടെങ്കിലും അതിനൊക്കെ മുമ്പെ കരുതലിന്റെ കരങ്ങളുമായി ദിലീപ് ഞങ്ങളെ ചേര്‍ത്തു പിടിച്ചു. ഒരു സഹോദരനേ പോലെ. കണ്ണീരൊപ്പി. സ്വന്തം കുടുംബാംഗങ്ങളെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ കാണിക്കുന്നു. സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത നന്മകള്‍ ഏറെയാണ്. താന്‍ ചെയ്ത ഉപകാരങ്ങള്‍ പുറത്ത് പറയരുതെന്ന് ദിലീപിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് കൂടുതലായി ഒന്നും ഞാന്‍ പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളി കേള്‍ക്കാന്‍ അദ്ദേഹം എന്നും ഉണ്ട്.

? *തിരക്കുകള്‍ക്കിടയില്‍ അതിനുള്ള സമയം അദ്ദേഹത്തിന് കിട്ടാറുണ്ടോ?*

??ചിലപ്പോഴൊക്കെ ഫോണ്‍ വിളിക്കുമ്പോള്‍ അദ്ദേഹത്തിന് എടുക്കാന്‍ സാധിച്ചെന്ന് വരില്ല. പിന്നീട് തിരിച്ചു വിളിക്കും. എന്നിട്ട് ആദ്യം പറയുന്നത് ”സോറി ഇത്താ” എന്നാണ്. അതാണ് ദിലീപ്. അത്തരമൊരു വലിയ മനസിന്റെ ഉടമയാണ് ചിലരൊക്കെ ക്രൂശിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.

? *ദിലീപിനെ വേട്ടയാടുന്നത് കാണുമ്പോള്‍ എന്ത് തോന്നുന്നു?*

ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചു കൂട്ടുകയാണ് ഞങ്ങള്‍. ഒരിക്കലും ദിലീപ് എന്നൊരു വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് നൂറ് ശതമാനം ഉറപ്പാണ്. അങ്ങനെ ഒന്നും ആകാന്‍ ദിലീപിനെ കൊണ്ട് കഴിയില്ല. അതാണ് വാസ്തവം. എന്നായാലും
സത്യം ജയിക്കും. അന്ന് ഈ ചെയ്ത തെറ്റുകള്‍ ഓര്‍ത്ത് ദുഖിച്ചിട്ട് കാര്യമുണ്ടാകില്ല.

ഒരു നുണ പലവട്ടം പറഞ്ഞ് അത് സത്യമാക്കാനുള്ള ശ്രമമാണോ ഇവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദിലീപ് എന്ന വ്യക്തി ഒരു നടന്‍ ആണെന്നത് പോലെ ഒരു മനുഷ്യന്‍ ആണെന്നും സമൂഹം മനസിലാക്കണം. ‘ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ്’ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണം. പക്ഷേ , ഇവിടെ വിധി നിര്‍ണ്ണയിക്കുന്നത് ചില മാധ്യമങ്ങളും അവര്‍ക്ക് ഓശാന പാടുന്ന ചില ലോബികളുമാണ്. പക്ഷേ, ഇതിനൊക്കെ കാലം തന്നെ മറുപടി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button