കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ ഊര്‍ജ്ജസ്വലനായ നേതാവാണ് കെ.സുരേന്ദ്രന്‍ എന്ന കാര്യത്തില്‍ അണികള്‍ക്ക് ഏകാഭിപ്രായം തന്നെയാണ്. പറയാനുള്ളത് വെട്ടിത്തുറന്ന് തന്നെ പറയും, ഇരട്ട ചങ്കനല്ല ട്രിപ്പിള്‍ ചങ്കന്‍ വന്നാലും നെഞ്ചും വിരിച്ച് നില്‍ക്കും, സമരത്തിനിടയില്‍ ലാത്തിചാര്‍ജ് വല്ലതും ഉണ്ടായാല്‍ അണികളെ തല്ലുകൊള്ളാന്‍ വിടാതെ മുന്നില്‍ നിന്ന് നയിക്കും. എല്ലാറ്റിനുമുപരി ”ലൈവ് ” ആയ നേതാവ്. അത് പ്രവര്‍ത്തനത്തിലായാലും വാര്‍ത്തകളിലായാലും. സര്‍വ്വോപരി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആരാധകരുള്ള കേരളത്തിലെ നേതാവ് കൂടിയാണ് കെ.സുരേന്ദ്രന്‍.
പലപ്പോഴും പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ കുമ്മനം രാജശേഖരന്‍ ഇല്ലെങ്കില്‍ കെ.സുരേന്ദ്രനെ പങ്കെടുപ്പിക്കണമെന്നതാണ് ഭൂരിപക്ഷം നേതാക്കളുടെയും അണികളുടെയും ആഗ്രഹം. വി.മുരളീധരന്‍, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ് , സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍ പിള്ള, എം ടി രമേശ്, ജോര്‍ജ് കുര്യന്‍, ശോഭാ സുരേന്ദ്രന്‍ , വി വി രാജേഷ് തുടങ്ങി ഒട്ടനവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോഴും സുരേന്ദ്രന് ഒരു വി.വി.ഐ.പി പരിഗണന കിട്ടുന്നുണ്ട്. ഇതിന് പ്രധാന കാരണം അണികളെ ആവേശ ഭരിതരാക്കാനും കയ്യിലെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്.
അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധര്‍ ഏറ്റവും അധികം നോട്ടമിട്ടിരിക്കുന്ന നേതാവും കെ.സുരേന്ദ്രന്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന രാഷ്ട്രീയ നേതാവും അദ്ദേഹം തന്നെയാണ്. ഫലം ഉള്ളിടത്തെ കല്ലെറിയൂ എന്നൊരു ചൊല്ലുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്ന് ആശ്വസിക്കാം. അപ്പോഴും ഒരു സംശയം ബാക്കിയാണ്. എന്തുകൊണ്ട് കെ.സുരേന്ദ്രന്‍ മാത്രം ഇത്രയധികം അക്രമിക്കപ്പെടുന്നു അദ്ദേഹത്തിന്റെ പല നിലപാടുകളും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലേ ? ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിരവധി പ്രസ്താവനകള്‍ സുരേന്ദ്രന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലേ? മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ , അവയില്‍ എവിടെയൊക്കെയോ ചില സത്യങ്ങള്‍ ഉണ്ടെന്ന് ബോദ്ധ്യമാകും. സമീപ കാലത്ത് കെ.സുരേന്ദ്രന്‍ നടത്തിയ ഒരു പ്രസ്താവന തന്നെ ഇതിന് തെളിവാണ്. മരണാസന്നയായി ജയലളിത ആശുപത്രിയില്‍ കിടക്കുമ്പോള്‍, ദാ വരുന്ന സുരേന്ദ്രന്റെ പ്രസ്താവന. ”ജയലളിതായുഗം അവസാനിക്കുന്നതോടെ ആ പാര്‍ട്ടിയുടെ അന്ത്യം കുറിക്കും”. പ്രസ്താവനയിലെ സത്യം അവിടെ നില്‍ക്കട്ടേ, പക്ഷേ ആ സാഹചര്യത്തില്‍ പറയാന്‍ പാടില്ലാത്തത് തന്നെയാണ് അദ്ദേഹം പറഞ്ഞത്. അതിനെ ന്യായീകരിക്കാന്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയെങ്കിലും ആ ഒരു പ്രസ്താവന വരുത്തി വച്ച വിന ചെറുതല്ല. പാര്‍ട്ടി നേതാക്കള്‍ പോലും അതിലുള്ള അതൃപ്തി രഹസ്യമായെങ്കിലും രേഖപ്പെടുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതിന്റെ ചൂടാറും മുമ്പെ അപക്വമായ അടുത്ത പ്രസ്താവനയും കെ.സുരേന്ദ്രന് നടത്തി. നടി ഭാവനയെ തട്ടിക്കൊണ്ടു പോയ വിഷയത്തിലുള്ള സുരേന്ദ്ര വീക്ഷണം പുതിയ വിവാദത്തിനാണ് വഴി തുറന്നത്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍ക്കെതിരെയാണെന്ന് പകല്‍ പോലെ വ്യക്തം. ഇവിടെ അദ്ദേഹം പുലമ്പിയ മണ്ടത്തരങ്ങളോര്‍ത്ത് മൂക്കത്ത് വിരല്‍ വയ്ക്കാം എന്നല്ലാതെ അണികള്‍ക്ക് വേറെ മാര്‍ഗമില്ല. രാഷ്ട്രീയമല്ലാത്ത വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്ന രാഷ്ട്രീയക്കാര്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങള്‍ വിമര്‍ശിക്കുന്ന കലാകാരനെ അല്ലെങ്കില്‍ കായികതാരത്തെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ട്. പ്രത്യേകിച്ചും കലാകാരന്‍മാര്‍ പൊതു സ്വത്താണ്. അത്തരം വിഷയങ്ങളില്‍ മറ്റാരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, മാനസികമായി അകലുന്നത് സ്വന്തം അണികള്‍ തന്നെയാണ്. ഇവിടെ കെ സുരേന്ദ്രന്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഈ വിഷയത്തില്‍ ഇത്രയും ഉത്തരവാദിത്വമില്ലാത്ത ഒരു പ്രസ്താവന നടത്തിയോ? കുറഞ്ഞ പക്ഷം ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റെങ്കിലും ഇട്ടോ? എന്നിട്ടും സുരേന്ദ്രന് എന്തുകൊണ്ട് മണ്ടനാകുന്നു…?
പ്രത്യേകിച്ചും സുരേന്ദ്രനെ പോലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വ സ്ഥാനത്ത് ഇരിക്കുന്ന ആള്‍ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ അത് പാര്‍ട്ടിയുടെ അഭിപ്രായമായി പൊതുസമൂഹം നോക്കിക്കാണും. തുടര്‍ന്ന് ഇതേ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് പാവപ്പെട്ട പ്രാദേശിക നേതാക്കളും സാധാരണക്കാരായ അണികളുമാണ്? എന്തിന് അവരെ കൊലക്ക് കൊടുക്കുന്നു? ജയലളിത മലയാളികള്‍ക്ക് ആരുമല്ലായിരിക്കാം. പക്ഷേ , അവര്‍ക്കെതിരെ വന്ന സുരേന്ദ്രന്റെ പ്രസ്താവനക്ക് എതിരെ മലയാളികള്‍ ഒറ്റക്കെട്ടായിട്ടാണ് പ്രതിഷേധിച്ചത്. അത് മലയാളികളുടെ സാമൂഹിക ബോധത്തിന്റെ തെളിവാണ്. ഒന്ന് കൊണ്ടിട്ടും പഠിക്കാത്ത കെ സുരേന്ദ്രന്‍ വീണ്ടും എടുത്ത് ചാടി. ഇവിടെ സുരേന്ദ്രന് വെല്ലുവിളി നടത്തുന്നത് പാവപ്പെട്ട പാര്‍ട്ടി അണികളോടാണ്. നരേന്ദ്ര മോദിയെന്ന വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ബിജെപിയില്‍ എത്തിയ ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്കൊക്കെ നിരാശയും വേദനയും സമ്മാനിക്കുകയാണ് ഇത്തരം അബദ്ധ ജഢിലമായ പ്രസ്താവനകള്‍.
അവസാനം കഴിഞ്ഞദിവസം മംഗലാപുരത്ത് നടത്തിയ പ്രസംഗവും കൂനിന്‍മേല്‍ കുരുവായി മാറി. ഇതിലും എത്രയോ ഭേദം എം.എം.മണി ആയിരുന്നുവെന്ന് ആ പ്രസംഗം കേട്ടാല്‍ തോന്നും. ആവേശം നല്ലതാണ്. പക്ഷെ, അതിര് കടക്കരുത്. സുരേന്ദ്രന്‍ വെള്ളിയാഴ്ച നടത്തിയ പ്രസംഗം ഒരു കൊലവിളി പ്രസംഗം തന്നെയായിരുന്നു എന്നു പറയാതെ തരമില്ല. പൊതുവേ സമാധാനകാംക്ഷികളാണ് ഭാരത്തിലെ ജനങ്ങള്‍. മോദിയുടെ വികസനകാഴ്ചപ്പാടും അഴിമതിക്ക് എതിരേയുള്ള യുദ്ധവും ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇത്തരം വങ്കത്തം നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തി അവരുടെ മനസില്‍ തീ കോരിയിടരുത്. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും ബദലായി ജനങ്ങള്‍ ബിജെപിയില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍, ദയവു ചെയ്ത് അവരെ വെറുപ്പിച്ച് അകറ്റരുത്.
Post Your Comments