തിരുവനന്തപുരം: സദാചാര പ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മ്യൂസിയം പരിസരത്തുനിന്നും പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവും ആരതിയും വിവാഹിതരായി. തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചു ഇന്നു രാവിലെ പത്തിനായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മ്യൂസിയം വളപ്പില്‍ ഇരിക്കുകയായിരുന്ന വിഷ്ണുവിനെയും ആരതിയെയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസ് ചമഞ്ഞ് തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ രംഗങ്ങള്‍ വിഷ്ണു ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. തുടര്‍ന്നു മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയെങ്കിലും പ്രായപൂര്‍ത്തിയായ ഇരുവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ കൈയൊഴിഞ്ഞതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു. പൊലീസിന്റെ നടപടി രൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ദേശീയമാധ്യമങ്ങള്‍പോലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും പൊലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനോടു പിങ്ക് പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചിരുന്നു. വിവാഹിതരായശേഷം കേക്ക് മുറിക്കുന്ന ചിത്രം വിഷ്ണു തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
Post Your Comments