KeralaNews

ചോദ്യം ചെയ്യല്‍ തുടരുന്നു : പള്‍സര്‍ സുനിയില്‍ നിന്ന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു: പള്‍സറിന്റെ വലയില്‍ കൂടുതല്‍ താരങ്ങള്‍

ആലുവ : മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്നു പള്‍സര്‍ സുനി. രക്ഷപെടുന്നതിനിടെ ഫോണ്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചെന്നാണു മൊഴി. യാത്രയ്ക്കിടെ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചിരുന്നെന്നു ആദ്യം നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ബ്ലാക്ക് മെയില്‍ കെണിയില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റു നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനിയുടെ മൊഴി. എന്നാല്‍ ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതേസമയം, സുനിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. പുലര്‍ച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും പരിശോധന നടത്തി.

സി.സി ടിവി ദൃശ്യങ്ങള്‍ സുഹൃത്തിനെ കാണാന്‍ പോയതിന്റേതാണെന്നു സുനി മൊഴി നല്‍കി. ലഹരിയിലായിരുന്ന സുഹൃത്തു വാതില്‍ തുറന്നില്ലെന്നുമാണു മൊഴി. എന്നാല്‍ വാതില്‍ തുറന്നില്ലെങ്കില്‍ പിന്നെ 20 മിനിറ്റ് വൈകി തിരിച്ചെത്തിയതെന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെയാണ് കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റു ചെയ്തത്. കോടതി മുറിയില്‍നിന്നു ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. പ്രതികള്‍ ബൈക്കില്‍ കോടതി സമുച്ചയത്തിനുപിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതില്‍ചാടിക്കടന്നു കോടതിമുറിക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാല്‍ പ്രതികള്‍ക്കു കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തി സെന്‍ട്രല്‍ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് ആലുവ പൊലീസ് ക്ലബിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button