KeralaNewsEditorial

കുമ്മനവും ചെന്നിത്തലയും അങ്ങനെ പറയരുതായിരുന്നു; മനുഷ്യത്വവും ഔചിത്യവും എല്ലാത്തിനും മുകളില്‍; പൊലീസ് ചെയ്തത് ജനവികാരം മാനിച്ചുതന്നെ – നിരഞ്ജന്‍ ദാസ് എഴുതുന്നു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടുക എന്നത് കേരളീയ പൊതുസമൂഹത്തിന്റെ ആവശ്യമായിരുന്നു. പതിനഞ്ചുവര്‍ഷത്തോളമായി ചലച്ചിത്രരംഗത്ത് നായികയായി നിറഞ്ഞുനില്‍ക്കുന്ന ഒരു നടിക്കുണ്ടായ ദുരവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് എത്ത്രതോളം സുരക്ഷിതത്വമുണ്ടാകുമെന്ന ചോദ്യം ഭയാശങ്കകള്‍ക്കു നടുവില്‍നിന്നു പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ പ്രതിയെ എത്രയുംവേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നു എല്ലാവരും ഒരുപോലെ ആഗ്രഹിച്ചു, ആവശ്യപ്പെട്ടു. ആ ഒരു സാഹചര്യത്തില്‍ പ്രതിക്കായി പൊലീസ് വലവിരിച്ചപ്പോഴാണ് നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാമെന്ന കണക്കുകൂട്ടലോടെ കോടതിയില്‍ കീഴടങ്ങാനുള്ള മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതി വിജീഷിന്റെയും തീരുമാനം. പൊലിസിന്റെ കണ്ണുവെട്ടിച്ച് കോടതിമുറിക്കുള്ളില്‍ ഓടിക്കയറിയ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് ഉച്ചഭക്ഷണത്തിനു പോയതുകൊണ്ടുമാത്രമാണ് കോടതിയില്‍ കീഴടങ്ങാന്‍ കഴിയാതിരുന്നത്. എന്നാല്‍ കോടതിമുറിക്കുള്ളില്‍ അഭയം തേടിയ പ്രതികളെ പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെതിരേ ചില കോണുകളില്‍നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഇത്തരം വിമര്‍ശനങ്ങളെയും വിമര്‍ശകരെയും കുറിച്ച് വിലയിരുത്തുമ്പോള്‍ ഇവര്‍ ഇരയുടെ പക്ഷത്താണോ അതോ വേട്ടക്കാരന്റെ പക്ഷത്താണോ എന്ന് ചിന്തിച്ചുപോകുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കില്‍ മാത്രമേ കുറ്റകൃത്യം ചെയ്യാനിടായ സാഹചര്യവും പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളും തെളിയിക്കാനാകൂ എന്നിരിക്കേ, പ്രതിയെ പിടികൂടിയതില്‍ അഭിനന്ദിക്കാതെ, പിടികൂടിയ രീതിയെ വിമര്‍ശിക്കുന്ന ചിലരുടെ രീതി തീര്‍ത്തും വിമര്‍ശനവിധേയമാണ്. കേരള മനസാക്ഷി ഒന്നടങ്കം ആഗ്രഹിച്ച ഒരു നിമിഷമാണ് നടിയെ ആക്രമിച്ച പ്രതിയെ പിടികൂടുക എന്നത്. ഏത് രീതിയിലായാലും അത് സാധ്യമാക്കിയ പൊലീസിന്റെ നടപടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിന്റെ മുഖമാണ് ഇന്നലെ പള്‍സര്‍ സുനിയെ പിടികൂടിയതോടെ കേരള പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ പൊലിസിന്റെ നടപടിയെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ സംസ്ഥാനത്തെ രണ്ട് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുണ്ടായി എന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ, കേരളീയ സമൂഹത്തിന്റെ പൊതുആവശ്യങ്ങളില്‍ വിമര്‍ശനരാഷ്ട്രീയം കലര്‍ത്തിയ ഇവരുടെ മറുപടി തീരെ ശരിയായില്ല എന്നുതന്നെയാണ് അഭിപ്രായം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഉത്തരവാദിത്വ ബോധമില്ലാതെ വിമര്‍ശനം നടത്തിയത്. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് പൊലീസിനു നാണക്കേട് ആണെന്നായിരുന്നു ചെന്നിത്തലയുടെ അഭിപ്രായം. ദീര്‍ഘനാള്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല, അദ്ദേഹത്തിന്റെ കാലത്തായിരുന്നു ഇത്തരം ഒരു നടപടി ഉണ്ടായിരുന്നതെങ്കില്‍ പൊലീസിനെ വിമര്‍ശിക്കുമായിരുന്നോ എന്ന് ആലോചിക്കുക. അതിനെക്കാള്‍ ഉത്തരവാദിത്തരഹിതമായ പ്രസ്താവനയാണ് കുമ്മനത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കീഴടങ്ങാനെത്തിയ പ്രതികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും സമാനസാഹചര്യത്തില്‍ അകപ്പെട്ടു ദുരവസ്ഥ അനുഭവിക്കുന്ന എത്രയോ സ്ത്രീകളും പൊതുസമൂഹവുമെല്ലാം ഇതുപോലെ ഒരു അറസ്റ്റ് തന്നെയാണ് ആഗ്രഹിച്ചിട്ടുണ്ടാവുക.

ആ പ്രതിയെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ആ ഒരു ദൃശ്യം മാത്രം മതി ഒരുപക്ഷേ ഇരയാക്കപ്പെട്ട നടിക്ക് താത്കാലിക ആശ്വാസമെങ്കിലും പകരാന്‍. രാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന നേതാവ് എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തില്‍ കുമ്മനം കുറച്ചുകൂടി മിതത്വം പാലിക്കണമായിരുന്നു. നിര്‍ഭാഗ്യവശാല്‍, സ്ത്രീസുരക്ഷ അടക്കം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കളങ്കം ചാര്‍ത്തുന്ന പ്രസ്താവനയായിപ്പോയി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കേരള ജനത ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്നത് ആ പ്രതി പൊലീസ് പിടിയിലാകുന്നതിനായിരുന്നു. കോടതി മുറിയും പ്രതിക്കൂടും ഒരു ക്രിമിനലിനും അഭയകേന്ദ്രമാകാന്‍ പാടില്ല. അത് തീര്‍ച്ചയായും നിയമപാലനരംഗത്ത് തെറ്റായ സന്ദേശം നല്‍കുന്നതാകും.

മജിസ്‌ട്രേറ്റിന്റെ മുന്നില്‍നിന്നും പ്രതിയെ പിടികൂടിയിരുന്നെങ്കില്‍ മാത്രമേ അത് കോടതി അലക്ഷ്യമാകൂ. കൊടുംകുറ്റവാളികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ അഭയം തേടി നിയമത്തിന്റെ ഔദ്യാരത്തിലൂടെയും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും ഒരു കാരണവശാലും രക്ഷപെടാന്‍ പാടില്ല. പ്രതികളുടെ അറസ്റ്റ് നിയമവിരുദ്ധമല്ല എന്ന് നിയമജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി പ്രവര്‍ത്തിക്കുന്ന സമയത്ത് കോടതി നടപടികളില്‍ ഇടപെട്ടുകൊണ്ട് പൊലീസ് ഒന്നും ചെയ്തിട്ടില്ല. ന്യായിധിപന്‍ ഇല്ലാത്തപ്പോള്‍ കോടതി മുറി മറ്റേതൊരു പൊതുസ്ഥലത്തിനും സമാനമാണ്. വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാവുന്ന ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെട്ടാല്‍ പൊലീസിന് ഏതുസ്ഥലത്തുവച്ചും പ്രതിയെ അറസ്റ്റ് ചെയ്യാം എന്നു മാത്രമല്ല പ്രതിയെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തവുമാണ്. ഈ സാഹചര്യം സംസ്ഥാനത്തെ ഈ മുതിര്‍ന്ന നേതാക്കള്‍ മനസിലാക്കേണ്ടിയിരുന്നു. കോടതി നിര്‍ദേശിക്കാത എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്തും പ്രതിക്കൂട്ടിലും കയറി നില്‍ക്കാന്‍ കഴിയുന്നതെന്നും ഇവര്‍ ചിന്തിക്കണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button