KeralaNewsUncategorized

ഞാനൊരു പെൺകുട്ടിയാണ്. എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ. ഈ ദുഷിച്ച സമൂഹത്തിനു മുന്നിൽ നമുക്ക് ജീവിച്ചു കാണിക്കണമായിരുന്നു ” – സദാചാര ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത അനീഷിന്റെ പെൺ സുഹൃത്ത് എഴുതിയ കത്ത് വൈറലാകുന്നു

എന്റെ പ്രിയപ്പെട്ട അനീഷിന്..

നീ എന്തിനാടാ എന്നെ ഒറ്റയ്ക്കാക്കി പോയത്. എന്റെ എല്ലാ പ്രതീക്ഷയും നിന്നിലായിരുന്നു. എന്നെ കൈപിടിച്ച് കൊണ്ട് പോകുമെന്ന സ്വപ്നം എനിയ്ക്കുണ്ടായിരു ന്നു. എല്ലാം ഒരു നിമിഷം കൊണ്ട്…

ഞാനൊരു പെൺകുട്ടിയാണ്. എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ? സമൂഹം എന്നെ ഏത് കണ്ണുകൊണ്ടാണ് കാണുന്നതെന്നും എന്റെ കുടുംബത്തെ മൊത്തത്തിൽ എന്തൊക്കെയാണ് പറയുന്നതെന്നും നിനക്കറിയാമോ? അതിനു ശേഷം ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.. ഒരു കോണിലിരുന്ന് അമ്മ തലതല്ലിക്കരഞ്ഞ് പിരാകുന്നുണ്ട്.. അച്ഛൻ ജോലിയ്ക്ക് പോയിട്ടില്ല.. പല രാത്രികളിലും ഉറക്കമില്ലാതെ ആ പാവം ഉമ്മറത്തിരുന്നു കരയുന്നുണ്ട്.

പക്ഷെ എനിയ്ക്ക് നിന്നിൽ ഒരു പാട് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ മാത്രമാണ് എന്നെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും. ഈ ദുഷിച്ച സമൂഹത്തിനു മുന്നിൽ നമുക്ക് ജീവിച്ച് കാണിയ്ക്കണമായിരുന്നു. അന്ന് അഴീക്കൽ ബീച്ചിൽ വച്ച് നമ്മൾ എന്ത് തെറ്റാണ് ചെയ്തത്? അതിരുവിട്ട് നമ്മളെന്തെങ്കിലും ചെയ്തോ?പോലീസ് സ്റ്റേഷനിലും നീ സധൈര്യമായാണ് പെരുമാറിയത്. പക്ഷെ എവിടെയാണ് നിനക്ക് പിഴച്ചത്?

സോഷ്യൽ മീഡിയ നമ്മോടൊപ്പമായിരുന്നില്ലേ . ഭരണകൂടം നമ്മോടൊപ്പമായിരുന്നില്ലേ.പിന്നെ നീ ആരെയാണ് ഭയപ്പെട്ടത്? ഞാൻ ഇനി ആർക്കു വേണ്ടി ജീവിയ്ക്കണം?

ഞാൻ ജീവിയ്ക്കും അനീഷ്. എനിയ്ക്ക് ജീവിയ്ക്കണം. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാൻ ഞാനില്ല. അങ്ങനെ ചെയ്താൽ ഞാനും നീയും സമൂഹത്തിനു മുന്നിൽ തെറ്റുകാരാകും .നാളെ ഒരാൾക്കും ഈ അവസ്ഥയുണ്ടാകാൻ പാടില്ല. അതിന് ഞാൻ ജീവിച്ചേ മതിയാകൂ.

നിന്നോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല അനീഷ്.ജീവിയ്ക്കാനുള്ള ആഗ്രഹത്തിനും.. പൊരുതാനുറച്ച് തന്നെയാണ് ഞാൻ ഇനി ജീവിയ്ക്കുക. എന്റെ കണ്ണ് ഇനി നിറയില്ല. എന്റെ ചെറിയൊരു വേദന പോലും നിനക്ക് സഹിയ്ക്കാൻ കഴിയില്ല. എന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒരദൃശ്യ ശക്തിയായി നീയുണ്ടാകുമെന്നെനിയ്ക്കറിയാം. ആ ഒരു പ്രതീക്ഷയോടെ..

സ്വന്തം.
മോളൂട്ടി.

shortlink

Post Your Comments


Back to top button