അഹമ്മദാബാദ്: ഐഎസ് സംഘടനയുടെ വരവ് മുസ്ലീം സമൂഹത്തിന് വലിയ ഭീഷണിയാണുണ്ടാക്കുന്നത്. പല സ്ഥലങ്ങളിലും മുസ്ലീം യുവാക്കള്‍ക്ക് അവഗണനയും വിമര്‍ശനങ്ങളും ഏല്ക്കേണ്ടിവരുന്നുണ്ട്. താടി വെക്കുന്നതു പോലും ഇപ്പോള്‍ പ്രശ്നമാണെന്ന അവസ്ഥയാണ്.
അതുമാത്രമല്ല, ഇപ്പോള്‍ താടി വെക്കുന്നത് ഒരു ഫാഷനുമാണ്. എന്നാല്‍, താടിവെച്ച് ഓഫീസില്‍ കയറേണ്ടെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും? ജോലിയില്‍ തുടരണമെങ്കില്‍ താടി വടിക്കണമെന്നാണ് ഒരു യുവാവിന് അധികൃതര്‍ നല്കിയ നിര്‍ദേശം. ഇതേതുടര്‍ന്ന് യുവാവ് കോടതിയില്‍ പരാതി നല്കി. മുഹമ്മദ് സാജിദ് സാബിര്മിയ ഷെയ്ഖ് (25) എന്നയാള്‍ താടി വളര്‍ത്താന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
അപേക്ഷ പരിഗണിച്ച ജഡ്ജി സോണിയ ഗൊകാനി വിധി പറയുന്നത് ഏപ്രില്‍ 25 ലേക്ക് മാറ്റി. 2016 ല്‍ പോലീസുകാരനായി ജോലിയില്‍ പ്രവേശിച്ച ഇയാള്‍ കഴിഞ്ഞ ഒന്‍പത് മാസമായി ഷാഹിബോഗിലാണ് ജോലി ചെയ്യുന്നത്. ആദ്യമൊന്നും താടിയെ ആരും ചോദ്യം ചെയ്തില്ല. ഇപ്പോള്‍ കര്‍ശന നിര്‍ദേശം വെച്ചിരിക്കുകയാണ്. ഇത് തന്റെ മൗലികാവകാശമാണെന്നും മതാചാരത്തിന്റെ ഭാഗമാണെന്നും ഷെയ്ഖ് പറയുന്നു. ഹജ്ജ് ചെയ്താല്‍ മാത്രമേ ഷെയ്ഖിന് താടി വളര്‍ത്താന്‍ അനുമതി നല്‍കുകയുള്ളൂ എന്നാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്.
ഒരു താടി വെക്കാന്‍ തനിക്ക് രണ്ട് ലക്ഷം രൂപ കൊടുത്ത് ഹജ്ജിന് പോകാന്‍ കഴിയുമോ എന്ന് ഷെയ്ഖ് ചോദിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി വളര്‍ത്തിക്കൊണ്ടിരിക്കുന്ന താടി ഒരു ദിവസം വടിക്കാന്‍ പറയുന്നത് സഹിക്കാന്‍ കഴിയില്ലെന്നും യുവാവ് പറഞ്ഞു.
Post Your Comments