വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നയം മൂലം പുറത്തുപോകേണ്ടിവരുക മൂന്നു ലക്ഷം ഇന്ത്യക്കാരെന്ന് സൂചന. മതിയായ രേഖകളില്ലാതെ യുഎസില്‍ തങ്ങുന്ന എല്ലാവരെയും പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുക. നിയമാനുസൃതമല്ലാതെ രാജ്യത്ത് തങ്ങുന്ന എല്ലാ വിദേശികളെയും പുറത്താക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നല്‍കിക്കഴിഞ്ഞു. കുടിയേറ്റ നിയമം ലംഘിച്ചെന്നു തോന്നിയാല്‍ ആരേയും അറസ്റ്റുചെയ്യാന്‍ ആഭ്യന്തരസുരക്ഷാ വകുപ്പിന് അധികാരം നല്‍കുന്നത് വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള പരിഷ്കരണ നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ വ്യവസ്ഥ. കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമങ്ങളുടെ പരിധി വിപുലപ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേങ്ങള്‍ പുതിയ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു.
മുഴുവന്‍ നിയമാനുസൃത രേഖകള്‍ ഇല്ലെങ്കില്‍പ്പോലും ഇന്ത്യക്കാരില്‍ പലരും ബന്ധുക്കളുടെ രേഖകളുടെ ബലത്തിലാണ് കഴിയുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് ഇത്തരക്കാരെ അറസ്റ്റുചെയ്യാന്‍ കഴിയും. അറസ്റ്റിലാകുന്നവരെ ഉടന്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന അനേകം ഇന്ത്യക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇത്. മതിയായ രേഖകളില്ലാത്ത മൂന്നുലക്ഷം ഇന്ത്യക്കാരെങ്കിലും യുഎസില്‍ തങ്ങുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം.
രാജ്യത്ത് നിന്ന് പുറത്താക്കിയാല്‍ രണ്ടുവര്‍ഷത്തേക്ക് തിരിച്ചുവരാന്‍ കഴിയില്ല. എന്നാല്‍ ഇതില്‍ ചില ഇളവുകളുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ഉറ്റവര്‍ ഒപ്പമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത വ്യക്തികളാണെങ്കില്‍ അഭയത്തിന് അപേക്ഷിക്കാം. തിരിച്ചയക്കപ്പെട്ടാല്‍ സ്വരാജ്യത്ത് പീഡനമേല്‍ക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാലും പുറത്താക്കല്‍ ഒഴിവാക്കും.
കുടിയേറ്റക്കാരെ തെരഞ്ഞുപിടിക്കാന് 10,000 ഉദ്യോഗസ്ഥരെ അഭ്യന്തരസുരക്ഷാ വകുപ്പ് നിയമിക്കാന്‍ പോകുകയാണ്. അനിധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് ഇവരുടെ ചുമതല. കുടിയേറ്റക്കാരായ കുറ്റവാളികളെ ഉടന്‍ പിടികൂടി പുറത്താക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് സാധ്യത കണ്ടാല്‍പ്പോലും നടപടിയെടുക്കാനാണ് നിര്‍ദേശം. ഇത് വ്യാപകമായി ദുരുപയോഗിക്കപ്പെടുകയും ഈ നിര്‍ദേശത്തിന്റെ പിന്‍ബലത്തില്‍ രേഖകളില്ലാത്ത എല്ലാവരെയും പിടികൂടി നാടുകടത്തുകയും ചെയ്യുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാല്‍, പ്രതികാര ബുദ്ധിയോടെ കൂട്ടപ്പുറത്താക്കല്‍ ഉണ്ടാകില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെ പിന്തുടര്ന്നാണ് പുതിയ വ്യവസ്ഥകള്‍ രാജ്യത്ത് നടപ്പാകുന്നത്.
Post Your Comments