തിരുവനന്തപുരം: ജയിലുകളില്‍നിന്നും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ തടഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും തമ്മിലുള്ള പോരിന് തുടക്കമായി. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ കൊടും ക്രിമിനലുകള്‍വരെ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചത്. എന്നാല്‍ തടവുകാരുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയച്ച വാര്‍ത്ത, ഗവര്‍ണര്‍ പുറത്തുവിടരുതായിരുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ നടപടി സര്‍ക്കാരിനുമേല്‍ അവമതിപ്പുണ്ടാക്കിയതായും കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയതായും മുഖ്യമന്ത്രി ആരോപിക്കുന്നു.
1850 കുറ്റവാളികള്‍ക്കു ശിക്ഷയിളവു ചെയ്തു നല്കാന് ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ അയച്ച ഫയല്‍ ഗവര്‍ണര്‍ പി.സദാശിവം തിരിച്ചയച്ചിരുന്നു. അനര്‍ഹരായ തടവുകാര്‍ പട്ടികയിലുണ്ടെന്നു കണ്ടെത്തിയാണു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ സര്‍ക്കാര്‍ ശുപാര്‍ശ നിരസിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി കഥകള്‍ പ്രചരിപ്പിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ വിട്ടയയ്ക്കാന് പാടില്ലാത്ത ചില പ്രതികളുണ്ട്. അങ്ങനെയുള്ളവരുടെ ശിക്ഷയില്‍ യാതൊരു ഇളവും അനുവദിക്കാന്‍ പാടില്ല. സാധാരണ ശിക്ഷയില്‍ അര്‍ഹമായ ചില ഇളവുകള്‍ അനുവദിക്കും. അത് വിട്ടയയ്ക്കലല്ല. ശിക്ഷാ കാലവധിയില്‍ കിട്ടുന്ന ഒരു ഇളവു മാത്രമാണ്. ഇത്തരം ഇളവിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതും വെറുമൊരു തോന്നലിന്റെ അടിസ്ഥാനത്തില്‍ ചെയ്തതല്ല. ഒരു കമ്മിറ്റിയെ വച്ച്, അവര്‍ കേസുകള്‍ കൃത്യമായി പഠിച്ച് ശുപാര്‍ശകള്‍ നല്‍കുകയാണ് ചെയ്തത്. സര്‍ക്കാര്‍ അത് ഗവര്‍ണറെ അറിയിക്കുകയായിരുന്നു എന്നുമാണ് പിണറായിയുടെ വിശദീകരണം. അതേസമയം പട്ടികയിന്മേല് ഗവര്‍ണര്‍ ഉന്നയിച്ച ചില വിശദീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കും.
Post Your Comments