ബെയ്ജിങ് : പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. മസൂദ് അസ്ഹര്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും തെളിവു തരേണ്ട ചുമതല ഇന്ത്യയ്ക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ വ്യക്തമാക്കി. ചൈനീസ് സന്ദര്‍ശനവേളയിലാണ് ജയശങ്കര്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ബെയ്ജിങ്ങിലെത്തിയ ജയശങ്കര്‍ ഇന്നും മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ചൈനയുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് അവരെ അറിയിച്ചിട്ടുണ്ടെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ട ജയശങ്കര്‍ അറിയിച്ചു.
മസൂദ് അസ്ഹറിനെ വിലക്കണമെന്ന ആവശ്യം പല രാജ്യങ്ങളും മുന്‍പ് ഉയര്‍ത്തിയിട്ടുള്ളതാണെന്നും ഇത് ഇന്ത്യയുടെ മാത്രം ആവശ്യമല്ലെന്നും ചൈനയെ ബോധ്യപ്പെടുത്തിയതായും ജയശങ്കര്‍ പറഞ്ഞു.
മസൂദ് അസ്ഹറിന് ഐക്യരാഷ്ട്ര സംഘടനയുടെ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈന രണ്ടുവട്ടം രംഗത്തുവന്നിരുന്നു. നേരത്തെ, മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോഴാണ് വ്യക്തമായ തെളിവ് മാത്രമാണു വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. കൃത്യമായ തെളിവുണ്ടെങ്കില്‍ പിന്തുണ നല്‍കും. തെളിവില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെളിവു നല്‍കേണ്ടത് ഇന്ത്യയുടെ ചുമതലയല്ലെന്ന വിദേശകാര്യ സെക്രട്ടറിയുടെ വിശദീകരണം.
ആണവദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യയ്ക്കു പ്രവേശനം നിഷേധിക്കുന്ന ചൈനയുടെ നയം, പാക്ക് ഭീകരന്‍ മസൂദ് അസ്ഹറിനെതിരായ നടപടി തടയുന്ന നിലപാട്, പാക്ക് അധീന കശ്മീരിലൂടെ പോകുന്ന ചൈന-പാക്ക് സാമ്പത്തിക ഇടനാഴി തുടങ്ങിയ വിഷയങ്ങളാണ് ജയശങ്കറിന്റെ ചൈന സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളെന്നാണ് സൂചന.
Post Your Comments