തിരുവനന്തപുരം: ജനഹൃദയങ്ങളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലാണ് ഇവര്‍ ജനമനസ്സുകളില്‍ ഇടംപിടിച്ചത്. സാമൂഹിക പ്രശ്‌നങ്ങളിലും ആനുകാലിക വിഷയങ്ങളിലും ഇവര്‍ ഇടപെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇതിനിടയില്‍ കൈരളി ചാനലില്‍ സെല്‍ഫി എന്ന പരിപാടിയും ഇവര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ അവതരണത്തില്‍ നിന്നും അവര്‍ പിന്മാറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
വടക്കാഞ്ചേരിയിലെ സിപിഐ(എം) നേതാവ് പി.എന്‍. ജയന്തനെതിരേ ആരോപണം ഉന്നയിച്ച യുവതിക്ക് ഭാഗ്യലക്ഷ്മി സംരക്ഷണം നല്കുകയും സംഭവം വെളിച്ചത്തുവരികയും ചെയ്തതിനു ശേഷമായിരുന്നു ഭാഗ്യലക്ഷ്മി കൈരളി ചാനലിലെ പരിപാടിയില്‍നിന്ന് പിന്തിയിരുന്നത്. തന്നോട് ഇറങ്ങിപ്പോകാന്‍ പറയുന്നതിനു മുമ്പേ പരിപാടിയില്‍നിന്നു പിന്തിരിയുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
വടക്കാഞ്ചേരി സംഭവത്തിനുശേഷം പ്രോഗ്രം നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് എനിക്ക് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. എന്നാല്‍, ചാനലിനുള്ളില്‍ സമ്മര്‍ദ്ദമുണ്ടെന്നും തീരുമാനമെടുത്തിട്ടില്ലെന്നും പലരില്‍ നിന്നായി അറിഞ്ഞു. അതേതായാലും സംഭവിക്കുമെന്ന് എനിക്ക് തോന്നി. അവര്‍ വിളിച്ച് പ്രോഗ്രാം അവസാനിപ്പിക്കുന്നു എന്ന് ഇങ്ങോട്ട് പറയുന്നതിനേക്കാള്‍ ഞാന്‍ പോകുന്നു എന്ന് അങ്ങോട്ട് പറയുന്നതല്ലേ നല്ലതെന്ന് തോന്നി.
ജീവിതത്തില്‍ ഇതുവരെ ഒരാള്‍ക്കും എന്നോട് നോ പറയാന്‍ ഞാന്‍ അവസരം കൊടുത്തിട്ടില്ല. ഡബ്ബിങ് സമയത്ത് പോലും ഈ ശബ്ദം കഥാപാത്രത്തിന് യോജിക്കുന്നില്ല എന്ന് ആര്‍ക്കും പറയാന്‍ ഞാന്‍ അവസരമൊരുക്കിയിട്ടില്ല. പടം കണ്ടിട്ട് എന്റെ ശബ്ദം ആ കഥാപാത്രത്തിന് യോജിക്കുന്നില്ല എന്ന് തോന്നിയാല്‍ അത് തുറന്ന് പറഞ്ഞ് പിന്മാറുകയും എനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ടാല്‍ മനഃപൂര്‍വ്വം ഒഴിഞ്ഞുമാറുകയുമാണ് പതിവ്. എനിക്കര്‍ഹമായ പരിഗണനയും സ്‌നേഹവും കിട്ടാത്തിടത്തുനിന്നും ഇറങ്ങിപ്പോരുന്ന ആളാണ് ഞാന്‍. കുടുംബജീവിതത്തിലും അത് തന്നെയാണ് സംഭവിച്ചത്.
കൈരളി ചാനലില്‍ എനിക്ക് എല്ലാവിധ സ്വാതന്ത്രവുമുണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസും മറ്റും അര്‍ഹമായ എല്ലാ ബഹുമാനവും തന്നിരുന്നു. പ്രോഗ്രാം നിര്‍ത്തില്ല എന്ന ഉറപ്പും അദ്ദേഹം തന്നിരുന്നു. സ്വന്തം വീട് പോലെ കരുതിപോന്നിരുന്ന ചാനലിനെ വിട്ട് പോന്നപ്പോള്‍ സഹിക്കാനാവാത്ത ദുഃഖമുണ്ടായിരുന്നു. പക്ഷേ പാര്‍ട്ടി അങ്ങനെയൊരു തീരുമാനമെടുത്താല്‍ എന്തു ചെയ്യും എന്ന ചിന്ത കാരണമാണ് സ്വയമേ ഒഴിഞ്ഞുപോന്നത്. പക്ഷേ ഇതെല്ലാം ഏറെ തെറ്റിദ്ധാരണകള്‍ക്ക് വഴിവച്ചു. ഞാന്‍ ബിജെപിയുടെ ജനം ചാനലിലേയ്ക്ക് പോയെന്ന രീതിയില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ ഇറക്കി. ഒരിടത്ത് നിന്ന് ഒഴിഞ്ഞുമാറി മറ്റൊരിടത്ത് ചേക്കേറുക എന്നത് എന്റെ ശീലത്തിലില്ലാത്ത കാര്യമാണ്. ഇക്കൂട്ടരോട് വല്ലാത്ത അറപ്പും വെറുപ്പും ഉണ്ടാക്കിയ സംഭവമായിരുന്നു അതെന്നും അവര്‍ പറഞ്ഞുനിര്‍ത്തി.
Post Your Comments