KeralaNews

പിള്ളയും ഗണേഷും യു.ഡി.എഫിലേക്ക്; ഉമ്മന്‍ചാണ്ടിയുമായി രഹസ്യ ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയും മകനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാറും യു.ഡി.എഫിലേക്ക് മടങ്ങുന്നു. ഇതുസംബന്ധിച്ച് പിള്ള ഉമ്മന്‍ചാണ്ടിയുമായി രഹസ്യ ചര്‍ച്ച നടത്തി. 2015ല്‍ യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്(ബി) തുടര്‍ന്നു നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനായിരുന്നു പിന്തുണ. പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്. അതേസമയം തനിക്ക് മത്സരിക്കാന്‍ കൊട്ടാരക്കരയോ ആറന്മുളയോ ചെങ്ങന്നൂരോ നല്‍കണമെന്നു ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നെങ്കിലും പിള്ള മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മികച്ച പദവി നല്‍കാമെന്നു സി.പി.എം അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഭരണത്തിലേറി എട്ടുമാസം പിന്നിട്ടിട്ടും പിള്ളക്ക് സ്ഥാനമാനങ്ങള്‍ ഒന്നും നല്‍കിയില്ല. നേരത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ വഹിച്ചിരുന്ന മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ക്യാബിനറ്റ് പദവിയുമാണ് പിള്ള ഇക്കുറിയും സി.പി.എമ്മിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സി.പി.എം. തുടര്‍ന്നു ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി പിള്ള ഒരിക്കല്‍ കൂടി കൂടിക്കാഴ്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്കില്ലെന്നു സി.പി.എം വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതു ബാന്ധവം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ്(ബി) തീരുമാനിച്ചത്.

കോടിയേരിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ യു.ഡി.എഫില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് ആര്‍.ബാലകൃഷ്ണപിള്ള തീരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പിള്ള ക്ഷമചോദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പിള്ളയെ യു.ഡി.എഫില്‍ എടുക്കുന്നതു സംബന്ധിച്ച് മുന്നണി യോഗം തീരുമാനമെടുത്തിട്ടില്ല. അതിനിടെ യു.ഡി.എഫില്‍ തിരിച്ചെത്താന്‍ സന്നദ്ധനാണെന്നു കെ.ബി ഗണേഷ്‌കുമാറും പിള്ളയെ അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button