തിരുവനന്തപുരം: കൊച്ചിയില്‍ നായിക നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉന്നതതലത്തില്‍ ആസൂത്രിത നീക്കം നടന്നുവെന്ന ആരോപണം ശക്തമാക്കുന്നു. തങ്ങള്‍ക്കു കിട്ടിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നു പിടിയിലായ പ്രതികള്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നു കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ സംഭവത്തില്‍ കൊച്ചി പൊലീസിലെ ഒരു ഉന്നതനു പങ്കുണ്ടെന്ന ആക്ഷേപവും ശക്തമാകുകയാണ്. സംഭവദിവസം രാത്രിയില്‍ നൈറ്റ് പെട്രോളിങ് സംഘത്തിനു വീഴ്ചയുണ്ടായി എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കിലോമീറ്ററുകളോളം നടിയെയും തട്ടിക്കൊണ്ടുപോയ വാഹനം സഞ്ചരിച്ചിട്ടും അതു തടയാനോ പരിശോധന നടത്താനോ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇരുപത്തിനാല് മണിക്കൂറും പൊലീസ് റോന്തുചുറ്റലും നിരീക്ഷണവും ശക്തമായ ജില്ലയാണ് കൊച്ചി. രാത്രി പട്രോളിങ് വളരെ സജീവവുമാണ്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ വീഴ്ച ചര്‍ച്ചയാകുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ ദിവസം ദേശീയ പാതയില്‍ പൊലീസ് പരിശോധന ഒഴിവാക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികള്‍ റോഡ് മാര്‍ഗ്ഗം രക്ഷപ്പെട്ടത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ആക്ഷേപം ഉയരുന്നു.
ഏഴുമാസമായി കൊച്ചി നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ആകെയുള്ള 99 ക്യാമറകളില്‍ ചിലത് കൊച്ചി മെട്രോയുടെ പണിക്കായി മാറ്റിയിട്ടുണ്ട്. പണി കഴിഞ്ഞിട്ടും ഇത് തിരികെ ഫിറ്റ് ചെയ്തിട്ടില്ല. സര്‍വ്വീസ് നടത്തേണ്ട കമ്പനിക്ക് പണം നല്കാത്തതിനാല് അവര്‍ അറ്റകുറ്റപ്പണി നടത്തുന്നുമില്ല. ഈ സാഹചര്യത്തില്‍ സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുമെന്ന പൊലീസ് വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്നു ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ പറഞ്ഞു. നടിക്കെതിരായ അതിക്രമം വെറും ഗുണ്ടാ അക്രമമാക്കി ചുരുക്കാനാണ് പൊലീസും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. ഇതിലുള്ള ഉന്നത ഗൂഡാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് പരാജയപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആഭ്യന്തര വകുപ്പ് മറ്റ് ഘടക കക്ഷികളില്‍ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു.
Post Your Comments