
കോഴിക്കോട്: ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു അപ്രതീക്ഷിത മുഖവും ഇടം തേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.അഹമ്മദ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ ജയിച്ച ഇവിടെ ആരെ നിര്‍ത്തിയാലും ലീഗിന് വിജയം ഉറപ്പാണ്. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തംരംഗം കൂടിയാകുമ്പോള്‍ മറ്റൊന്നും ആലോചിക്കാനില്ല. ലീഗ് ദേശീയ ട്രഷററും മുതിര്‍ന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് ഇവിടെ സജീവമായി കേട്ടിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം തടയിടാന്‍ പാര്‍ട്ടിയിലെ എതിര്‍ചേരി നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അന്തരിച്ച ഇ.അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയ ഷെര്‍സാദിനെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഡോ.എം.കെ മുനീറിന്റെയും കെ.എം ഷാജിയുടെയും നേതൃത്വത്തിലാണ് ഫൗസിയയെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നതെന്നാണ് വിവരം. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നകാര്യം ഫൗസിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ലീഗിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഫൗസിയയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് അഹമ്മദിന്റെ കുടുംബത്തോട് അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.
Post Your Comments