തിരുവനന്തപുരം: മ്യൂസിയത്തില്‍ അരങ്ങേറിയ പൊലീസിന്റെ സദാചാര പൊലീസിങ് വിവാദമാകുന്നു. മ്യൂസിയം പരിസരത്ത് തോളില്‍ കൈയ്യിട്ടിരുന്ന യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ച പൊലിസിന്റെ നടപടിയാണ് വിവാദമാകുന്നത്. അതേസമയം തങ്ങളെ എന്തടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിനു മ്യൂസിയത്തിലെ നിയമം ഇതാണെന്നായിരുന്നു പൊലീസിന്റെ മറുപടി. രണ്ടുവനിതാ പൊലീസുകാരടങ്ങുന്ന സംഘം ഇരുവരുമായും സംസാരിക്കുന്നത് യുവാവ് ഫേസ്ബുക്കില്‍ ലൈവായി സംപ്രേക്ഷണം നടത്തിയിരുന്നു. വിഷ്ണു, ആരതി എന്നിവര്‍ക്കാണ് പൊലീസിന്റെ ഭാഗത്തുനിന്നും ദുരനുഭവം ഉണ്ടായത്. അതേസമയം, യുവതിയും യുവാവും മ്യൂസിയം പരിസരത്ത് ശരിയല്ലാത്ത രീതിയില്‍ ഇടപഴകുന്നത് മ്യൂസിയം സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ചോദ്യം ചെയ്ത അവര്‍ക്കുനേരെ ഇരുവരും കയര്‍ത്തുസംസാരിച്ചെന്നും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരാണ് തങ്ങളെ വിവരമറിയിച്ചതെന്നുമാണ് മ്യൂസിയം പൊലീസ് നല്‍കുന്ന വിശദീകരണം. അതിനിടെ യുവതിയുടെ പിതാവിനെ പൊലീസ് ഫോണ്‍ ചെയ്തു വിളിച്ചുവരുത്തിയെങ്കിലും പ്രായപൂര്‍ത്തിയായ മകളെ അവളുടെ ഇഷ്ടാനുസരണം വിട്ടിരിക്കുകയാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞതോടെ പൊലീസ് ഇരുവരെയും വിട്ടയച്ചു. പൊലീസിന്റെ സമീപനത്തിനെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍ വിഷ്ണു ഫേസ്ബുക്കില്‍ ചിത്രീകരിച്ച വീഡിയോയും വൈറലാവുകയാണ്.
വീഡിയോ കാണാം:
Post Your Comments