KeralaNews

പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് നേരിട്ട് എത്തി: പ്രതികളെ കേസില്‍ കുടുക്കിയതാണെന്ന് സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പോലീസ് തിരയുന്ന പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ നേരിട്ടെത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ചുമതലപ്പെടുത്തിയതെന്ന് അഭിഭാഷകന്‍ ഇ.സി. പൗലോസ്. നടി ആക്രമിക്കപ്പെട്ട ശനിയാഴ്ച രാത്രി തന്നെയാണ് ഇവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ പാസ്‌പോര്‍ട്ട്, മൊബൈല്‍ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഏല്‍പ്പിച്ചിരുന്നു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അവ ഹാജരാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ യാതൊരു രീതിയിലും തടസമാകരുതെന്ന് കരുതിയാണ് രേഖകള്‍ കോടതിയില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ നിരപരാധികളാണെന്നും 376ാം വകുപ്പ് അനാവശ്യമായി ചുമത്തിയതാണെന്ന് പ്രതികള്‍ പറഞ്ഞിരുന്നു.

മറ്റ് കേസുകളുമായി ബന്ധപ്പെട്ട് സുനി തങ്ങളുടെ കക്ഷിയാണ്. കേസ് ഏല്‍പ്പിക്കുമ്പോള്‍ സംഭവത്തെക്കുറിച്ചുള്ള യാഥാര്‍ഥ വസ്തുതകള്‍ അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
മുഖ്യപ്രതി സുനില്‍ കുമാര്‍ ( പള്‍സര്‍ സുനി ), ബിജീഷ്, മണികണ്ഠന്‍ എന്നിവരുടെ ജാമ്യാപേക്ഷ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button