തിരുവനന്തപുരം: അധികാരമേറ്റ് എട്ടുമാസം പിന്നിടുമ്പോഴും ഇടതുസര്‍ക്കാരിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും. ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിനെതിരെ ഘടകകക്ഷികളുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. സര്‍ക്കാരിന് വേഗത പോരായെന്ന അഭിപ്രായം സജീവമാണെന്നും മിക്ക മന്ത്രിമാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ആക്ഷേപം. അതേസമയം സര്‍ക്കാരിന് മെല്ലപ്പോക്കാണെന്ന ആരോപണം മറികടക്കാന്‍ മന്ത്രിമാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിയജന്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാരിന് മെല്ലപ്പോക്കാണെന്ന ആക്ഷേപം വ്യാപകമാണെന്ന് ഘടകകക്ഷി നേതാക്കളാണ് യോഗത്തില്‍ അറിയിച്ചത്.
ഓരോ വകുപ്പുകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിമാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാമെന്നും അദ്ദേഹം മുന്നണി യോഗത്തിന് ഉറപ്പുനല്‍കി. കെഎസ്ആര്‍ടിസിയുടെ പാപഭാരം ഗതാഗത മന്ത്രിയുടെ ചുമലില്‍ വെക്കുന്നതിനെതിരെ എന്‍സിപി യോഗത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്നു എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനാണ് ആക്ഷേപം ഉന്നയിച്ചത്. സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടു പോകാനാവില്ല. പഴി മുഴുവന്‍ മന്ത്രി മാത്രം കേള്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് എഐടിയുസി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അതേസമയം ഇത്തരം പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്ന് സിപിഐ നേതാക്കള്‍ മറുപടി നല്‍കി. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങളില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. അതേസമയം സിപിഎം സിപിഐ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഭരണകകഷിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ അവമതിപ്പുണ്ടാക്കുന്നുവെന്ന് ജനതാദള്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയും വരള്‍ച്ചയും ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കാനും ധാരണയായി.
Post Your Comments