NewsInternational

പ്രവാസികളായ യുവാക്കള്‍ക്ക് സന്തോഷ വാര്‍ത്ത : ഡ്രൈവിംഗ് ലൈസന്‍സ് തിയറി പരീക്ഷ ഇനി മാതൃഭാഷയില്‍

ദുബായ് : ഡ്രൈവിങ് ലൈസന്‍സ് തിയറി പരീക്ഷയില്‍ ചോദ്യങ്ങള്‍ സ്വന്തം ഭാഷയില്‍ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കി ആര്‍.ടി.എ പുതിയ സംവിധാനം ആരംഭിക്കുന്നു. 198 ഭാഷകളിലാണു ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കുന്നത്. ഡ്രൈവിങ് തിയറി പരീക്ഷ എഴുതുന്നവര്‍ക്ക് അവര്‍ക്കു വേണ്ട ഭാഷ തിരഞ്ഞെടുക്കാമെന്നാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിയമങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ഡ്രൈവിങ്ങില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ആര്‍.ടി.എ പ്രതീക്ഷിക്കുന്നു.
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ഇതു സംബന്ധിച്ച കരാര്‍ ക്രിയേറ്റീവ് കമ്പനി ഈവന്റ്‌സുമായി ഒപ്പിട്ടു. സ്‌കൈപ് കമ്യൂണിക്കേഷന്‍ സേവനത്തില്‍ പ്രത്യേക വൈദഗ്ധ്യമുള്ളതാണു ക്രിയേറ്റീവ് കമ്പനി ഈവന്റ്‌സ് എന്ന് അധികൃതര്‍ പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണു പുതിയ സംവിധാനം ആരംഭിക്കുന്നതെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ബഹ്‌റോസ്യാന്‍ പറഞ്ഞു ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ആര്‍.ടി.എ സെന്ററുകളില്‍ പരീക്ഷയെഴുതുന്നവരുമായി ആശയവിനിമയം നടത്താന്‍ ഭാഷാന്തരം ചെയ്യുന്നവരെ സ്‌കൈപ് ഫോണ്‍ സാങ്കേതിക വിദ്യവഴി കമ്പനി നല്‍കും.
ടെലിഫോണ്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ചെലവ് കമ്പനി വഹിക്കും. ആര്‍.ടി.എ തിയറി പരീക്ഷയില്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ദ്വിഭാഷിയെ വേണമെങ്കില്‍ ഏഴുദിവസം മുന്‍പ് പരീക്ഷാര്‍ഥി ഏതു ഭാഷയെന്നു വ്യക്തമാക്കി നിര്‍ദിഷ്ട ഫീസ് അടച്ച് അപേക്ഷ നല്‍കണം. ഏതു ഭാഷയാണ് ആവശ്യമെന്നതിനെക്കുറിച്ച് ആര്‍.ടി.എ കമ്പനിയെ അറിയിക്കും. ദ്വിഭാഷി നിഷ്പക്ഷമതിയാണെന്നും നിര്‍ദിഷ്ട ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ആര്‍.ടി.എയുടെ നിരീക്ഷണ സംവിധാനവുമുണ്ട്. ആര്‍.ടി.എയുടെ സ്മാര്‍ട് മോണിറ്ററിങ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഇത് ഉറപ്പാക്കുന്നത്.
വിവിധ രാജ്യക്കാര്‍ ദുബായില്‍ താമസിക്കുന്നതു കണക്കിലെടുത്താണു പരീക്ഷാസംവിധാനത്തില്‍ ഒട്ടേറെ ഭാഷകള്‍ക്കായി ദ്വിഭാഷിയെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി ഡ്രൈവേഴ്‌സ് ട്രെയിനിങ് ആന്‍ഡ് ക്വാളിഫിക്കേഷന്‍ ഡയറക്ടര്‍ ആരിഫ് അല്‍ മാലിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button