കൃഷ്ണ പ്രിയയുടെ വിജ്ഞാനപ്രദമായ ലേഖനം
കല്ലിൽ കൊത്തി വെച്ച ഇതിഹാസം എന്ന് കേട്ടിട്ടുണ്ടോ?
കല്ലിൽ കൊത്തി വെച്ച കവിതയെന്നോ ?
രണ്ടായാലും അതിന് ഒരുത്തരമേ ഉള്ളൂ.. ഹംപി…
ത്രേതായുഗത്തിൽ സുഗ്രീവ രാജധാനിയായ കിഷ്കിന്ധയെന്നു കേൾവി കേട്ട ഹംപി പിൽക്കാലത്തു ലോകത്തിൽ വെച്ചേറ്റവും സമ്പന്ന രാജ്യമായിരുന്ന, വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപിയായി . യുനെസ്കോ ഈയിടെ പൈതൃക ഗ്രാമമായി അംഗീകരിച്ചത് കൊണ്ട് കുറച്ചെങ്കിലും ഭാരതീയർ അങ്ങനെയൊരു പേരിനെക്കുറിച്ചു കേട്ട് തുടങ്ങിയത് ആശാവഹം തന്നെ..
വിജയനഗര സാമ്രാജ്യം !!!!!
രണ്ടു സാധാരണ പടയാളികൾ, ഹരിഹരനും ബുക്കനും, വിദ്യാരണ്യ സ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഇസ്ലാമികാധിനിവേശകരെ പരാജയപ്പെടുത്തി സ്ഥാപിച്ചതാണ് പ്രസ്തുത സാമ്രാജ്യം . തെക്കേ ഇന്ത്യയിൽ ഇസ്ലാമികാധിനിവേശം അത്ര കണ്ടു രൂക്ഷമാകാതിരുന്നത് വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയൊന്നുകൊണ്ടു മാത്രമാണ്.
സ്കൂൾ പാഠങ്ങളിൽ, പഠിച്ചിട്ടൊരു ഉപകാരവുമില്ലാത്ത ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചും ബോസ്റ്റൺ ടീപാർട്ടിയെക്കുറിച്ചും സമാനമായ മറ്റു നശീകരണ വിപ്ലവങ്ങളെക്കുറിച്ചും നാലുപുറത്തിൽ കവിയാതെ ഉപന്യസിക്കുന്ന കുട്ടികൾക്ക് ഹരിഹരനും ബുക്കനും സ്ഥാപിച്ച സൃഷ്ടിപരമായ പാരമ്പര്യമാവകാശപ്പെടാനുള്ള വിജയനഗര സാമ്രാജ്യം പൊതുവെ ഒരൊറ്റ പേജിൽ ഒതുങ്ങാറാണ് പതിവ്.
രണ്ടു സാധാരണ പടയാളികളുടെ ഈ അപൂർവ വിജയത്തെ , പൈതൃക ബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ചരിത്രത്തെ, മനപ്പൂർവം മറവിയിലേക്കു തള്ളി വിടുന്നത് എന്തിനാണ്? ചുരുങ്ങിയ പക്ഷം അവരുടെ മനഃസാന്നിധ്യത്തെക്കുറിച്ചെങ്കിലും ചരിത്രത്താളുകളിൽ പരാമർശിക്കാത്തത് എന്ത് കൊണ്ടാണ്?
ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം സുവ്യക്തമായി കാണാം. എപ്പോഴെല്ലാം സമ്പന്നമായ ഒരു സാമ്രാജ്യത്തിന്റെ പിറവിയുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അതിനു ഒരു ചാലകശക്തിയെന്നോണം അതിശക്തമായ ഒരു ആധ്യാത്മിക സാന്നിധ്യം ഉണ്ടാകും എന്നതാണത് . ഒരു കാലത്തു ലോകത്തിൽവെച്ചേറ്റവും സമ്പന്നമായ രാജ്യത്തിന്റെ പിറവിയിലേക്കു നയിച്ചതിനു പിന്നിലെ ആധ്യാത്മിക സാന്നിധ്യം വിദ്യാരണ്യ സ്വാമികളുടേതായിരുന്നു. അദ്വൈതത്തിന്റെ അവസാന വാക്കായി കണക്കാക്കപ്പെടുന്ന പഞ്ചദശിയും ജീവൻമുക്തിവിവേകവും പോലുള്ള ഗ്രന്ഥങ്ങളെഴുതിയ സ്വാമികൾ ഇസ്ലാമികാക്രമങ്ങളിൽ നിന്നും രക്ഷപ്പെടാൻ നാട് വിട്ടോടിയ ആ രണ്ടു ചെറുപ്പക്കാരോട് സംന്യാസിക്കുവാനല്ല സാമ്രാജ്യം സ്ഥാപിക്കുവാനാണ് പറഞ്ഞത്. സ്വാമിയുടെ ശിഷ്യന്മാരായി എല്ലാം കൈവെടിഞ്ഞു കാടെറുകയല്ല മറിച്ചു ആനപ്പടയും കുതിരപ്പടയും കാലാൾപ്പടയും സമാഹരിച്ച് കൊണ്ട് യുദ്ധം ചെയ്യുകയാണ് അവർ ചെയ്തത്.
തൽഫലമായി ദക്ഷിണേന്ത്യയിൽ ഒരു ബൃഹദ് സാമ്രാജ്യം പിറവിയെടുത്തു.
വിജയനഗര സാമ്രാജ്യം സർവോന്നതിയിലെത്തിയത് കൃഷ്ണദേവരായാരുടെ കാലത്തായിരുന്നു സ്വർണ്ണവും രത്നവും പച്ചക്കറികളെന്നപോലെ തെരുവുകളിൽ വിറ്റഴിക്കപ്പെട്ട ഒരു ചരിത്രം ഈ സാമ്രാജ്യത്തിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
പൊതു ജനത്തെ പരിധിയിലധികം കഷ്ടപെടുത്തിയും കരം പിരിച്ചുമാണ് ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും പിറവിയെടുത്തത് എന്ന ഒരു വിമർശനം ഭാരതത്തിലെ സമ്പത്തിനെക്കുറിച്ചും പ്രൗഢമായ ഭൂതകാലത്തെക്കുറിച്ചും പറയുമ്പോൾ പൊതുവെ ഉയർന്നു വരാറുണ്ട്. ഇത് തികച്ചും അടിസ്ഥാന രഹിതമായ ഒന്നാണ്. ഒരുപരിധിയിലധികം ചൂഷണങ്ങൾ ഒരു ജനതയും സഹിക്കുകയില്ല എന്നതാണ് സത്യം. ഒരു പരിധിയിലേറെ ചൂഷണങ്ങളുണ്ടായിട്ടുള്ളിടത്തെല്ലാം വിപ്ലവങ്ങളും ഉണ്ടായിട്ടുണ്ട്.. മതാധിനിവേശങ്ങൾക്കു മുൻപ് ഭാരതത്തിൽ അത്തരം ഒരു വിപ്ലവവും ഉണ്ടായിട്ടില്ല. ഇതിന്റെ അർഥം മഹീശന്മാർ ന്യായ മാർഗത്തിൽ തന്നെ ചരിച്ചിരുന്നു എന്നല്ലേ?
പാശ്ചാത്യ ചരിത്രങ്ങളിൽ പഠിച്ച “If you dont have bread to eat , you eat cake” എന്ന നിലയ്ക്കുള്ള ക്രൂരമായ തമാശകൾ പറയുന്ന, ഏകാധിപത്യ പ്രവണത ഭാരതത്തിലൊരിക്കലും ഉണ്ടായിരുന്നിറിക്കാൻ ഇടയില്ല . അതിനു തക്ക കാരണമുണ്ട്. പാശ്ചാത്യർക്ക് രാജാവെന്നാൽ അബ്രഹാമിക ഈശ്വരീയ സങ്കൽപ്പങ്ങൾക്ക് തുല്യനാണ് . അവിടെ ഏകാധിപത്യ പ്രവണതയ്ക്കുള്ള സാധ്യതകൾ ഏറെയാണ്. രാജാവിന്റെ അപ്രമാദിത്വം സകലരാലും അംഗീകരിക്കപ്പെടും. എന്നാൽ ഭാരതത്തിൽ, ഒരു രാജാവിന്റെ വഴികാട്ടിയായി ആധ്യാത്മിക പ്രവീണനായ, ഭൗതികാസക്തികൾ വെടിഞ്ഞ ഒരു രാജഗുരുവിന്റെ സാന്നിധ്യം ഉണ്ടാകും. രാജാവിന്റെ തീരുമാനങ്ങൾ രാജഗുരുവുമായി കൂടിയാലോചിച്ചതിനു ശേഷമേ നടപ്പിലാകൂ.. ആധ്യാത്മിക പ്രവീണനായ ഗുരു ലോകഹിതത്തിനായ്ക്കൊണ്ടേ പ്രവർത്തിക്കൂ. അത് കൊണ്ടെല്ലാം ആയിരിക്കാം രാജഭരണത്തിൽ പ്രജകൾ സന്തുഷ്ടനായിരുന്നത്.
നമുക്ക് ഹംപിയിലേക്കു മടങ്ങാം. ഹംപിയിലെ ക്ഷേത്ര സമുച്ചയങ്ങൾ കലാചാതുര്യത്തിന്റെ വിശാലമായ ലോകം തന്നെ തുറന്നിടുന്നതാണ്.. സപ്തസ്വരമുതിർത്തുന്ന തൂണുകൾ, ,മാസ്മരികമായ കൊത്തു പണികളോട് കൂടിയ ലോലമായ ശില്പങ്ങൾ, രഥങ്ങൾ കൽപ്പടവുകൾ തുടങ്ങിയെന്തെല്ലാം.. ശതാബ്ദങ്ങൾക്കു മുൻപ് കല്ലിലെഴുതിയ കവിതയാണ് ഹംപി.
ആ സമൃദ്ധമായ ഭൂതകാലത്തിന്റെ ചുരുങ്ങിയ ചില അവശിഷ്ടങ്ങൾ മാത്രമേ ഇന്ന് ബാക്കിയുള്ളൂ.. എങ്കിലും ഭാവനയുടെ തേരിലെറി ആ ഗതകാല പ്രൗഢിയിലേക്ക്, ഹംപിയുടെ സമ്പൽ സമൃദ്ധിയിലേക്ക് ഒരു യാത്ര ചെയ്യുവാൻ ആ അവശിഷ്ടങ്ങൾ മാത്രം മതിയാകും. ഹംപിയുടെ അവശിഷ്ടങ്ങൾ തന്നെ അവയുടെ ഗതകാലപ്രൗഢി വിളിച്ചോതുന്നവയാണ്.
അതിവിശാലവും സമ്പന്നവുമായ ഒരു നഗരമായിരുന്നു ഹംപി. ഒട്ടും ദാരിദ്ര്യമില്ലാത്ത ഒരു രാജ്യമായിരുന്നു എന്ന് നിസ്സംശയം തന്നെ പറയാൻ സാധിക്കും… സ്വല്പമെങ്കിലും ദാരിദ്ര്യമുള്ള ഒരു രാജ്യവും ഇത്രയും സമ്പന്നമായ ഭൂതകാലപ്രൗഢികൾ അവശേഷിപ്പിക്കുകയില്ല .. ആ സമ്പന്നയായ ഹംപിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ദാരിദ്ര്യമെന്തെന്നറിയാത്ത ആ നഗരത്തെ, ചിത്രങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും ദീപ്തവും സമൃദ്ധവുമായ ഗതകാല സ്മരണകളുണർത്തുന്ന ഓരോ ശില്പത്തെയും ക്ഷേത്ര സമുച്ചയങ്ങളെയും അവയുടെ അവശിഷ്ടങ്ങളെയും അത്യന്തം വേദനയോടെയല്ലാതെ ഒരു ഭാരതീയനും കണ്ടു നിൽക്കാനാവില്ല.. ഹംപി ഭാരതത്തിന്റെ കണ്ണുനീര്തുള്ളിയാണ് .. ഭാരതീയന്റെ ഗതകാലപ്രൗഡിയുടെ അവശേഷിക്കുന്ന അടയാളങ്ങളുടെ നേർസാക്ഷ്യമാണ് ….വിജയനഗര സാമ്രാജ്യം !!!!!
Post Your Comments