ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് ന്യൂഹാമിൽ മാനോർ പാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 11ന് (ശനി) ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്നു. ലണ്ടനിൽ നടക്കുന്ന പത്താമത് പൊങ്കാല ആഘോഷമെന്ന നിലയ്ക്ക് ഏറ്റവും വിപുലവും ഭക്തിസാന്ദ്രവുമായി നടത്തുവാനാണ് സംഘാടക സമിതി പരിപാടിയിട്ടിരിക്കുന്നത്. അരി, ശർക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നിവേദ്യങ്ങൾ പാത്രത്തിൽ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമർപ്പിക്കുകയാണ് പൊങ്കലയാഘോഷത്തിലെ ആചരണം. സുരക്ഷാ നിയമം മാനിച്ചു വ്യക്തിഗത പൊങ്കാല ഇടുന്നതിനു പകരം നേർച്ച ദ്രവ്യങ്ങൾ ഒറ്റപാത്രത്തിൽ ആക്കി തന്ത്രി അടുപ്പിനു തീ പകർത്തും. ആറ്റുകാൽ ഭഗവതി ഷേത്രത്തിൽ കുംഭ മാസത്തിൽ നടത്തിവരുന്ന ദശദിന ആഘോഷത്തിന്‍റെ ഒന്പതാം ദിവസമായ പൂരം നക്ഷത്ര നാളിലാണ് പൊങ്കാല പതിവായി ഇടുന്നത്.
പൊങ്കാല സമർപ്പണത്തിനു ലണ്ടനിൽ വേദി ഒരുക്കി ആരംഭം കുറിച്ച ലണ്ടൻ ബോറോ ഓഫ് ന്യൂഹാം മുൻ സിവിക് അംബാസഡറും പ്രമുഖ പ്രവാസി സാഹിത്യകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് കഴിഞ്ഞ പത്തു വർഷമായി ആഘോഷത്തിനു നേതൃത്വം നൽകി വരുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (ബോണ്‍) എന്ന വനിതാ സംഘടനയാണ് ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്.
Post Your Comments