KeralaNews

എഴുത്തുകാരന്‍ കമല്‍.സി.ചവറ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ സിനിമാ പ്രവര്‍ത്തകന്‍ ജിജീഷിനെ എസ്.എഫ്. ഐ.പ്രവര്‍ത്തകരായ സദാചാരസംരക്ഷകര്‍ മര്‍ദ്ദിച്ചുവെന്ന വിവാദസംഭവവുമായി ബന്ധപ്പെട്ട് സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ കമല്‍ സി. ചവറയെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് കമ്മീഷണര്‍ ഓഫീസില്‍ ബഹളമുണ്ടാക്കുകയും കമ്മിഷണറോട് തട്ടിക്കയറുകയും ഗണ്‍മാനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് നടപടി. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന കമലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ ബന്ധപ്പെട്ട പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളും വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടി സിറ്റി പോലീസ് കമ്മീഷണറോട് സംസാരിക്കാനെത്തിയ കമല്‍ സി. ചവറ കമ്മീഷണറോടും കന്റോണ്‍മെന്റ് പോലീസ് അസ്സി. കമ്മീഷണറോടും കയര്‍ത്ത് സംസാരിച്ച് ബഹളം വയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അമിതമായി ബഹളുമുണ്ടാക്കിയ കമലിനോട് മുറിക്ക് പുറത്തുപോകാന്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വഴങ്ങാതെ നിന്ന കമലിനെ ഗണ്‍മാന്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഗണ്‍മാനെ തള്ളിമാറ്റി കമ്മീഷണറോട് സംസാരിക്കാന്‍ ശ്രമിച്ച കമലിനെ കൂടുതല്‍ പൊലീസെത്തി പുറത്തേക്ക്‌കൊണ്ടുപോകുകയായിരുന്നു.ഇതിനിടെ കമലിനെ സമാധാനിപ്പിച്ച് രംഗം ശാന്തമാക്കാന്‍ ശ്രമിച്ച അസ്സി. കമ്മീഷണറോടും ഇദ്ദേഹം തട്ടിക്കറിയെന്നാണ് അറിയുന്നത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസിന്റെ ജോലിതടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ച് മര്‍ദ്ദനമേറ്റ സിനിമാപ്രവര്‍ത്തകന്‍ ജിജേഷിനെതിരെ പൊലീസ് കേസെടുത്തതാണ് കമലിനെ ചൊടിപ്പിച്ചതെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. വാദിയുടേയും പ്രതികളുടേയും പേരില്‍ കേസെടുക്കുന്ന പൊലീസിന് നിക്ഷിപ്തതാല്‍പര്യമുണ്ടെന്നാരോപിച്ചാണ് കമല്‍ പൊലീസുമായി കയര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button