Interviews

അന്യം നില്‍ക്കുന്ന അനുഷ്ഠാന ക്ഷേത്രകലയെ 300 വര്‍ഷമായി പിന്തുടരുന്ന ഒരു കുടുംബം

  കളംപാട്ട് കലാകാരന്‍ കടന്നമണ്ണ ശ്രീനിവാസനുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

അന്യം നിന്നുപോകുന്ന അനുഷ്ഠാന ക്ഷേത്ര കലയായ കളംപാട്ട് ജന്മ നിയോഗം പോലെ അനുവർത്തിച്ചു വരികയാണ് മങ്കട കടന്നമണ്ണയിലെ കുറുപ്പത്ത് കുടുംബം. അതും 300 വര്‍ഷത്തിലധികമായി ! പരമ്പരാഗതമായി ഈ കല പിന്തുടരുന്ന കേരളത്തിലെ ചുരുക്കം ചില കുടുംബങ്ങളില്‍ ഒന്നുകൂടിയാണ് കുറുപ്പത്ത് തറവാട്. ഏഴാം തലമുറക്കാരനായ കടന്നമണ്ണ നാരായണക്കുറുപ്പ് കഴിഞ്ഞവര്‍ഷം നിര്യാതനായതോടെ എട്ടാം തലമുറക്കാരനായ കടന്നമണ്ണ നാരായണൻ കുട്ടിയും ഒമ്പതാം തലമുറക്കാരൻ കടന്നമണ്ണ ശ്രീനിവാസനുമാണ് ഇപ്പോള്‍ കളംപാട്ട് വേദിയെ സജീവമാക്കുന്നത്. നാരായണൻ കുട്ടി ഈ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മകന്‍ ശ്രീനിവാസന്‍ 22 -ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. വളളുവനാട്ടിലെ 4 കോവിലകങ്ങളിലെ കളംപാട്ട് ചുമതല ഈ കുടുംബത്തിനാണ് എന്ന സവിശേഷതയും കുറുപ്പത്ത് തറവാടിനുണ്ട്. അന്യം നിന്നുപോകുന്ന ഈ അനുഷ്ഠാന ക്ഷേത്രകലയെ വരും തലമുറക്ക് പരിചയപ്പെടുത്താന്‍ കൂടിയുള്ള തീവ്ര ശ്രമത്തിലാണ് ഇളയതലമുറക്കാരനായ കടന്നമണ്ണ ശ്രീനിവാസന്‍. അതിനായി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ശില്‍പ്പശാലകളും ഇദ്ദേഹം സംഘടിപ്പിച്ചു വരുന്നു. കളംപാട്ട് കലാകാരന്‍ കടന്നമണ്ണ ശ്രീനിവാസനുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

kalam03

? കളംപാട്ടിനെ പറ്റി ചുരുക്കമായി ഒന്ന് പറയൂ?

? ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നീ സ്ഥലങ്ങളിൽ അമ്പലവാസി വിഭാഗത്തിൽ പെട്ട കല്ലാറ്റ് കുറുപ്പ് എന്ന ജനവിഭാഗം നടത്തി വരുന്ന അനുഷ്ഠാന കലയാണ് കളംപ്പാട്ട്. അഭീഷ്ട കാര്യസിദ്ധി, മാറാരോഗശമനം, സന്താന സൗഭാഗ്യം, ദുഷ്ട ദുർദേവതകളിൽ നിന്നുള്ള മുക്തി എന്നിവയ്ക്ക് വേണ്ടി നടത്തുന്നതാണ് ഈ അനുഷ്ഠാന കല. ഒരു ക്ഷേത്ര നിർമ്മാണവും നടത്തി ദേവ പ്രതിഷ്ഠയും നടത്തി പൂജാതി കർമ്മങ്ങൾ ചെയ്താല്‍ ലഭിക്കുന്ന പുണ്യമാണ് കളംപാട്ടിലൂടെ കിട്ടുന്നത്.

? ഈ രംഗത്തുള്ള അനുഭവങ്ങള്‍ ഒന്ന് പങ്കു വയ്ക്കുമോ?

? നാല് വയസ്സ് മുതൽ മുത്തച്ഛന്‍ കടന്നമണ്ണ നാരായണക്കുറുപ്പിൽ നിന്ന് പാട്ടും, അച്ഛൻ കടന്നമണ്ണ നാരായണൻകുട്ടിയിൽ നിന്ന് കളമെഴുത്തും സ്വായത്തമാക്കാന്‍ സാധിച്ചു. 7-ാം വയസ്സിൽ അരങ്ങേറ്റം നടത്തി. 22 വർഷത്തോളമായി കളംപാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. ഇപ്പോള്‍ സ്കൂളുകളും കോളജുകളും കേന്ദ്രമാക്കി ശില്പശാലകളും നടത്തുന്നു.

kalam01

? കളംപാട്ട് നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

? പ്രധാനമായും അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം

1. ഒരു ക്ഷേത്ര നിര്‍മ്മാണം നടത്തി അതില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്താല്‍ ലഭിക്കുന്ന പുണ്യമാണ് കളംപാട്ടിലൂടെ ലഭിക്കുന്നത്.

2. കളംപാട്ട് നടത്തുന്നത് ഒരു വ്യക്തിയുടെ മാത്രം പുണ്യത്തിനോ ശ്രേയസിനോ വേണ്ടിയല്ല. ആ വ്യക്തിയുടെ സന്തതി പരമ്പരകള്‍ക്കും തറവാടിനും വേണ്ടിക്കൂടിയാണ്. ആയതുകൊണ്ട് കളംപാട്ട് നടത്തുമ്പോള്‍ ഒരു ഉടമസ്ഥന്റെ കുടുംബസമേതമുള്ള ദര്‍ശനമാണ് വേണ്ടത്.

3. കളംപാട്ടില്‍ ഏറെ പ്രാധാന്യം രാവിലെ നടത്തുന്ന ഉച്ചപ്പാട്ട് എന്ന പദത്തിനാണ്. പാട്ട് ഉടമസ്ഥന്‍ വളരെ നിര്‍ബന്ധമായി പങ്കെടുക്കേണ്ട ചടങ്ങാണ് ഉച്ചപ്പാട്ട്. കളംപാട്ട് നടത്തുന്ന ദേവനെ അഥവാ ദേവിയെ യഥോചിതം സ്വീകരിച്ച് പ്രതിഷ്ഠ നടത്തുന്ന ചടങ്ങാണ് ഉച്ചപ്പാട്ട്. ക്ഷേത്രത്തില്‍ ബിംബപ്രതിഷ്ഠ നടത്തുമ്പോള്‍ തൊഴുന്ന പ്രാധാന്യം ഉച്ചപ്പാട്ട് തൊഴുന്നതിലൂടെ ലഭിക്കുന്നു. മാത്രമല്ല ഉച്ചപ്പാട്ട് തൊഴുതാല്‍ കളംപാട്ട് പൂര്‍ണ്ണമായും തൊഴുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

4. വൈകുന്നേരം ക്ഷേത്രങ്ങളിലാണെങ്കില്‍ അത്താഴപൂജക്ക് ശേഷവും കോവിലകം, മന്ന എന്നിവിടങ്ങളിലാണെങ്കില്‍ അസ്തമയത്തിന് ശേഷവും സന്ധ്യാവേല എന്ന ചടങ്ങ് നടക്കുന്നു. അതായത് തെക്കുവടക്ക് തിരിയിട്ട നിലവിളക്ക് കൊളുത്തിവച്ച് മാരാര്‍ വിളക്കിന് എതിരായി നിന്ന് കൊട്ടുന്ന ചടങ്ങാണ് സന്ധ്യാവേല. കളംപാട്ടില്‍ മുപ്പത്തിരുക്കോടി ദേവകളുടെയും അതുപോലെ ഉത്തമവും മധ്യമവുമായ ഭൂതപ്രേതപിശാചുക്കളുടെയും സാനിദ്ധ്യത്തിന് വേണ്ടി കൊട്ടിയറിയിക്കുക എന്നതാണ് സന്ധ്യാവേലയുടെ സങ്കല്പം. ഇതോടുകൂടെ മുഴുവന്‍ ഭൂതഗണങ്ങളും കളംപാട്ട് നടക്കുന്ന സ്ഥലത്ത് വന്നു ചേരുന്നു. സന്ധ്യാവേലക്ക് ശേഷം കളംപൂജ എന്ന ചടങ്ങാണ്. പഞ്ചവര്‍ണ്ണങ്ങളാല്‍ മനോഹരമായ ദേവരൂപത്തിന് ശക്തി ചൈതന്യം കൊടുക്കുന്ന ചടങ്ങാണ് കളംപൂജ. ഈ കളംപൂജ അവസാനിക്കുന്ന സമയത്ത് ഏതൊരാളും എന്ത് തൊഴുത് പ്രാര്‍ത്ഥിച്ചാലും പൂര്‍ണ്ണഫലം കിട്ടുമെന്നാണ് വിശ്വാസം.

kalam

? ഈ അനുഷ്ഠാന ക്ഷേത്രകല അന്യം നിന്നുപോകാനുള്ള കാരണങ്ങള്‍ എന്താണ്?

? ഉത്സവങ്ങൾ, പൂരങ്ങൾ താലപ്പൊലികൾ എന്നിവയ്ക്ക് മുന്നോടിയായിട്ടാണ് കളംപാട്ട് നടത്തുന്നത്. എന്നാൽ ക്ഷേത്രത്തിനുള്ളിൽ അനുഷ്ഠാനമായി നടക്കുന്ന കളംപാട്ടിന് അർഹിക്കുന്ന അംഗീകാരം നല്കാൻ ജനം വിമുഖത കാട്ടുന്നു. ക്ഷേത്രത്തിന് പുറത്തുള്ള ആർഭാടങ്ങൾക്ക് പ്രാധാന്യം നല്കി അനുഷ്ഠാന ചടങ്ങുകൾക്ക് പ്രാധാന്യം കുറച്ച് നല്കുന്ന ഒരു പ്രവണതയാണിത്. മറ്റൊന്ന്, എൻ്റെ അനുഭവത്തിൽ ഇന്നും ആഴ്ചകളോളം കളംപാട്ട് നടക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കേണ്ടി വരുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതുതലമുറ ഈ രംഗത്ത് വരാന്‍ വിമുഖത കാട്ടുകയും ചെയ്യുന്നു.

അന്യം നിന്നുപോകുന്ന കളംപാട്ട് എന്ന ക്ഷേത്ര കലയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം പുരാതന കലകളെ ഒരു മതത്തിന്റേത് മാത്രമായി കാണാതെ ഒരു സംസ്കാരത്തിന്റെ ഭാഗമായി കാണാന്‍ സമൂഹത്തിന് കഴിയണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുള്ള സഹായവും ഈ രംഗത്തുള്ള കലാകാരന്‍മാര്‍ അര്‍ഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button