KeralaNews

കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുക്കി മദ്യദുരന്തം സൃഷ്ടിക്കാന്‍ നീക്കം; ബിവറേജസ് സമരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചില വിവാദ ബാറുടമകളെന്ന്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയപാതയോരത്തെയും സംസ്ഥാന പാതയോരത്തെയും ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനുള്ള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം പാളുന്നതിനു പിന്നില്‍ വിവാദ ബാറുടമകളെന്ന് സൂചന. പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയാതെ ബെവ്‌കോ കുഴയുകയാണ്. ഓരോ പ്രദേശം കണ്ടെത്തുമ്പോഴും അവിടെയെല്ലാം പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍ ഈ പ്രതിഷേധ സമരത്തിനു പണം മുടക്കുന്നത് ചില പ്രമുഖ ബാറുടമകളാണെന്നാണു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് ബാറുകള്‍ നഷ്ടപ്പെട്ട ബാറുടമകളില്‍ ചിലര്‍ വന്‍തോതില്‍ പണം മുടക്കിയാണ് സമരം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

  ഇതില്‍ ബാര്‍ അസോസിയേഷനിലെ ഭാരവാഹികളില്‍ ചിലരും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പരമാവധി അടച്ചുപൂട്ടിയാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും വ്യാജസ്പിരിറ്റ് ഇറക്കി കേരളത്തില്‍ മദ്യദുരന്തം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നതായും ഇന്റലിജന്റ്‌സ് വ്യക്തമാക്കുന്നു. മാര്‍ച്ച് 31നകം പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍ ബെവ്‌കോ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സമീപത്തെ ബാറുടമകളെ വിവരം അറിയിച്ച് പണം പറ്റുന്നുണ്ട്. തുടര്‍ന്ന് ബാറുടമകള്‍ പ്രദേശത്തെ ചിലര്‍ക്ക് പണം നല്‍കി സമരത്തിന് ഒരുക്കം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റിന് സ്ഥലം കണ്ടെത്താന്‍ എം.എല്‍.എമാരുടെ സഹായം തേടിയത്.

shortlink

Post Your Comments


Back to top button