Kerala

വല്ലപ്പുഴ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ നിയമനം അട്ടിമറിക്കാന്‍ ശ്രമം : ഉന്നതരെ കൂട്ടുപിടിച്ചുള്ള ലീഗ് നേതാവിന്റെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്

പാലക്കാട്•ഒരു കാലത്ത് ഗ്രാമത്തിന്റെ കണ്ണുതെളിയിച്ച വല്ലപ്പുഴ ഹൈസ്കൂളിനെ വിവാദങ്ങള്‍ ഒഴിയാ ബാധയായി പിന്തുടരുന്നു. ഏറ്റവും ഒടുവിൽ ഹെഡ്മാസ്റ്റർ നിയമനവും ആയി ബന്ധപ്പെട്ട് പുറത്തു വരുന്ന പരാതികളും വാർത്തകളും അതീവ ഗൗരവം ഏറിയതാണ്.2013 ഫെബ്രുവരി 25 ന് സ്കൂൾ മേനേജർ ആയിരുന്ന കനകലതാമ്മ അന്തരിച്ചെങ്കിലും മാനേജ്മെന്റ് അവകാശികൾ അധികൃതരുടെ ഒത്താശയോടെ ഈ വിവരം മറച്ചു വച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കി . 2015 മെയ് 31 ന് സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന മോഹനൻ മാസ്റ്റർ വിരമിച്ചു. അതുവരെ ഒളിഞ്ഞും, തെളിഞ്ഞും കരുനീക്കങ്ങള്‍ നടത്തിയ ലീഗ് നേതാവ് ഇതോടെ രംഗത്ത് വന്നു. ഒരു മേനേജ്മെന്റ് പ്രതിനിധിയുടേയും ഒറ്റപ്പാലം ഡിഇഒ ഓഫീസിലെ ഒരു ഉന്നതന്റെ യും പിന്തുണയോടെ ഹെഡ്മാസ്റ്റർ നിയമനം അട്ടിമറിക്കാനും താല്‍ക്കാലികമായെങ്കിലും സ്വന്തം പേരിലാക്കാന്‍ ലീഗ് നേതാവിനു കഴിഞ്ഞു.

ഹെഡ്മാസ്റ്റർ പദവിക്കു യോഗ്യത ഉള്ള എട്ടോളം പേർ വിദ്യാലയത്തിൽ ഉണ്ടായിട്ടും മതിയായ യോഗ്യത ഇല്ലാത്ത ലീഗ് നേതാവ് അധികാരം കൈക്കലാക്കി. ഇതിനിടെ വല്ലപ്പുഴയിൽ നിന്നും പിടിയിലായ വ്യാജ ബിരുദ ലോബിയുമായി ഈ നേതാവിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന ചില വാര്‍ത്തകള്‍ സ്കൂളിനെ തന്നെ നാണക്കേടിലാഴ്ത്തി. അന്യായമായി ഈ പദവി പിടിച്ചെടുത്തത് , വ്യാജ ബിരുദലോബിക്കും വ്യാജ പാസ്പോർട്ട് ലോബിക്കും വേണ്ടി കൃത്രിമ രേഖകൾ ചമച്ച് കൊടുക്കാൻ വേണ്ടി ആയിരുന്നു എന്ന തരത്തില്‍ ആരോപണങ്ങളും ശക്തമായി. ഈ വിഷയം വിവാദമായപ്പോള്‍ മതസംഘടനാ നേതാവായ അധ്യാപികക്ക് താല്‍ക്കാലിക ചാർജ് കൈമാറാനും ബന്ധപ്പെട്ടവര്‍ ശ്രമിച്ചു. അതേസമയം ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നു. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ ഡിഇഒ ഓഫീസിലെ ഒരു ഉന്നതൻ അടക്കം പലരും കുടുങ്ങാന്‍ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ അന്വേഷണം എന്ന് കേട്ടതോടെ യോഗ്യത ഉള്ള ഒരാൾക്ക് പദവി കൊടുത്ത് രക്ഷപ്പെടാനുളള ശ്രമങ്ങളും മാനേജ്മെന്റ് ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

shortlink

Post Your Comments


Back to top button