തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഇപ്പോഴും പടിക്ക് പുറത്ത്. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഫയല്‍ ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണ്. തീരുമാനം വൈകുന്നതോടെ സംസ്ഥാന പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ ഇനി എന്ത് എന്ന ചോദ്യത്തെ നേരിടുകയാണ്. പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സെന്‍കുമാറിനെ സര്‍ക്കാര്‍ പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയായാണ് നിയമിച്ചത്.
എന്നാല്‍ തീരെ അപ്രധാന തസ്തികയില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ ചുമതല ഏല്‍ക്കാതെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. പിന്നേട് ഈ തസ്തികയില്‍ പകരം ആളെ നിയമിച്ചു. എന്നാല്‍ അവധി പൂര്‍ത്തിയാക്കി തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സെന്‍കുമാര്‍ നല്‍കിയ കത്തു ചീഫ് സെക്രട്ടറി അംഗീകരിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ തീരുമാനം കാത്തു കിടക്കാന്‍ തുടങ്ങിയിട്ടു മൂന്നാഴ്ച കഴിഞ്ഞിരിക്കകുയാണ്. തന്നെ പൊലീസ് മേധാവിസ്ഥാനത്തുനിന്നും നീക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും പൊലീസ് മേധാവിക്കു ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം തനിക്കു നിലനിര്‍ത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിപോലെ തന്ത്രപ്രധാന തസ്തികയിലെ നിയമനത്തില്‍ സംസ്ഥാന താല്‍പര്യത്തിനാണു മുന്‍ഗണനയെന്നു വിലയിരുത്തിയ ട്രൈബ്യൂണല്‍ പക്ഷേ, ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്നു നിര്‍ദേശിച്ചു.
ഈ വിധിക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ വിസമ്മതിച്ച ഡിവിഷന്‍ ബെഞ്ച് ട്രൈബ്യൂണലിന്റെ വിധി ശരിവച്ചു. ഇതിനിടെ സെന്‍കുമാറിനു നല്‍കിയ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്കു ബല്‍റാം കുമാര്‍ ഉപാധ്യായയെ അധികച്ചുമതല നല്‍കി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ സെന്‍കുമാറിനു തസ്തികയില്ലാത്ത അവസ്ഥയാണ്. ഉത്തരവിറക്കണമെന്നും തനിക്കു ചുമതലയേല്‍ക്കാന്‍ തസ്തിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 21നാണു സെന്‍കുമാര്‍ അപേക്ഷ നല്‍കിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അപേക്ഷയുടെ കാര്യം ഓര്‍മപ്പെടുത്തി കത്തും നല്‍കി. എന്നാല്‍ 18 ദിവസമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു തീരുമാനമില്ല. അതേസമയെ സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ ഇനി നാലര മാസം മാത്രമാണുള്ളത്.
Post Your Comments