Kerala

പാറ്റൂര്‍ കേസില്‍ രേഖകളുമായി വി.എസ്; ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള പ്രമുഖര്‍ പ്രതിയായ പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളായി ആരോപിക്കപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ വൈകുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും കോടതി വിമര്‍ശിച്ചു. കേസെടുക്കാന്‍ ബന്ധപ്പെട്ട രേഖകള്‍ തങ്ങളുടെ കൈവശമില്ലെന്നു വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഈ രേഖകള്‍ ഹര്‍ജിക്കാരനായ വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞദിവസം വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിഎസ് വിമര്‍ശിച്ചിരുന്നു. ഉന്നതസ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സിന്റെ കൈയില്‍ ഇല്ലെന്നുപറഞ്ഞ രേഖകള്‍ വിഎസ് കോടതിയില്‍ ഹാജരാക്കിയത്. പാറ്റൂര്‍ ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം പൂഴ്ത്തിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരായ പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ തുടര്‍നടപടിക്ക് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് അഞ്ചരമാസം മുന്‍പാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ നിയമോപദേശം അട്ടിമറിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാത്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നേരത്തെയും വിജിലന്‍സിനോട് ചോദിച്ചിരുന്നു.

shortlink

Post Your Comments


Back to top button