ലോ അക്കാദമി സമരത്തിനു തിരശ്ശീല വീഴുമ്പോള്‍ ആത്യന്തിക വിജയം ആര്‍ക്ക് എന്ന ചോദ്യമാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി ഉയരുന്നത്. സമരത്തിനിടയില്‍ പിന്‍മാറിയ എസ്.എഫ്.ഐക്കോ സമരം തുടര്‍ന്ന എ.ബി.വി.പി, കെ.എസ്.യു, എ.ഐ.എസ്.എഫ്, എം.എസ്.എഫ് സംയുക്ത വിദ്യാര്‍ഥി സംഘടനകള്‍ക്കോ എന്നാണ് പരസ്പരം ഉയരുന്ന ചോദ്യം. യഥാര്‍ഥത്തില്‍ വിദ്യാര്‍ഥി സംഘടനകളെക്കാള്‍ ക്രഡിറ്റ് അവകാശപ്പെട്ടത് ബി.ജെ.പിക്കു തന്നെയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ഏറ്റെടുത്ത് വിജയിപ്പിച്ച ആദ്യ സമരം എന്ന പ്രത്യേകതയോടെയാകും ലോ അക്കാദമി സമരം വിശേഷിപ്പിക്കപ്പെടുന്നത്. ലോ അക്കാദമി സമരത്തില്‍ ആദ്യം ഇടപെട്ട പാര്‍ട്ടി ഏതാണ്? അത് ബി.ജെ.പി. ലോ അക്കാദമി സമരത്തില്‍ നിരാഹാര സത്യഗ്രഹവുമായി ആദ്യാവസാനം വരെ പോരാടിയ പാര്‍ട്ടി ഏതാണ്? അതും ബി.ജെ.പി. എല്‍.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ വേര്‍തിരിവില്ലാതെ വിവിധ ഘടകകക്ഷികള്‍ ചെന്നിരുന്ന സമരപന്തല്‍ ആരുടേതാണ്? അതും ബി.ജെ.പിയുടെ. ചുരുക്കത്തില്‍ ഈ സമരത്തില്‍ പൂര്‍ണമായും നിരന്തരം ഇടപെട്ടിരുന്ന പാര്‍ട്ടി ബി.ജെ.പി മാത്രമാണ്. വിദ്യാര്‍ഥികളുടെ ആവശ്യം രമ്യമായി പരിഹരിക്കപ്പെട്ടപ്പോള്‍ അത് ബി.ജെ.പിയുടെ കൂടി വിജയമായി.
കേരളത്തില്‍ ആദ്യമായാണ് ഒരേ ആവശ്യം ഉന്നയിച്ച് വിവിധ പാര്‍ട്ടികള്‍ സമരം നടത്തുമ്പോഴും അവരെല്ലാം പിന്തുണയുമായി ബി.ജെ.പിയുടെ വേദിയില്‍ എത്തുന്നത്. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുതല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയെ വരെ ബി.ജെ.പിക്ക് തങ്ങളുടെ സമര പന്തലില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നു പറയുമ്പോള്‍ യഥാര്‍ഥത്തില്‍ അത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ വിജയം കൂടിയാണ്. ബി.ജെ.പി ഇന്നുവരെ കേരളത്തില്‍ ഒരു സമരവും ഏറ്റെടുത്തിട്ടില്ല. ഇത്രയേറെ പൊതുജന പിന്തുണയോടെ അത് വിജയിപ്പിച്ചിട്ടുമില്ല. രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും പൊതുജനങ്ങളും നല്ല രീതിയില്‍ ബി.ജെ.പിക്ക് ഒപ്പം നിന്നത് അവര്‍ക്ക് സ്വപ്‌നത്തില്‍പ്പോലും കിട്ടാത്ത മൈലേജാണ് സമ്മാനിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലം ഉള്‍പ്പെടുന്ന പേരൂര്‍ക്കടയില്‍ അരങ്ങേറിയ സമരത്തെ പ്രാദേശികമായി വരും നാളുകളില്‍ ഉപയോഗപ്പെടുത്താനും ബി.ജെ.പിക്ക് കഴിയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ രണ്ടാമതെത്തിയപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ബി.ജെ.പിയെയാണ് ആദ്യം പരിഗണിച്ചതെന്ന കാര്യവും വിസ്മരിക്കേണ്ട. ചുരുക്കത്തില്‍ തലസ്ഥാന നഗരത്തില്‍ ബി.ജെ.പിക്ക് ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കാന്‍ പോകുന്ന ഒരു പ്രദേശമായി പേരൂര്‍ക്കട മാറും.
ഇനി ബി.ജെ.പിയുടെ നേട്ടം ഭരണകക്ഷിയായ സി.പി.എമ്മിനു എങ്ങനെ കോട്ടമായി എന്നു നോക്കാം. സിപിഎം എന്ന പാര്‍ട്ടിയുടെയും ഭരണ നേതൃത്വത്തിന്റെയും ചില നിലപാടുമൂലമാണ് ഈ സമരത്തിലൂടെ മുന്നോട്ട് പോകാന്‍ ബി.ജെ.പിക്ക് സാധിച്ചത്. ഒപ്പമുള്ള ഘടകകക്ഷിപോലും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് അവരുടെ താവളത്തിലെത്തി എന്നു പറയുമ്പോള്‍ സി.പി.എമ്മിനു ക്ഷീണം തന്നെയാണ്. കേരളത്തില്‍ ഇന്ന് വരെ ഒരു സമരം ചെയ്യാനോ അത് സംഘടനാപരമായി നയിക്കാനോ ഇതുവരെ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഒരു സമരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല. ലോ അക്കാദമിയില്‍ അവര്‍ പതിവില്‍നിന്നും വ്യത്യസ്ഥരായി എന്നു ചിന്തിക്കേണ്ടത് സി.പി.എം തന്നെയാണ്. ഒരു കോളേജിലെ വിഷയം ഉയര്‍ത്തി വിദ്യാര്‍ത്ഥി സംഘടന സമരം ചെയുന്നു. പതുക്കെ അത് യുവജന സംഘടനക്ക് കൈമാറുന്നു. പൊതു സമൂഹത്തിനെ ഇടപെടുത്തുന്നു. മാധ്യമങ്ങള്‍ക്ക് സാധ്യത ഒരുക്കുന്നു. പതുക്കെ രാഷ്ട്രീയ നേതൃത്വം രംഗത്ത് വരുന്നു. ഇത്തരത്തില്‍ ഘട്ടം ഘട്ടമായി സമരത്തിന്റെ വിവിധതലങ്ങളിലൂടെ ബി.ജെ.പി കടന്നുപോയാണ് ഒടുവില്‍ വിജയം സ്വന്തമാക്കിയത്. ഒരു മാസം നീണ്ടുനില്‍ക്കാന്‍ സമരത്തെ അനുവദിച്ചതാണ് സി.പി.എമ്മിന്റെ ആദ്യപരാജയം. ഏതിനും പണ്ടേ ഒതുക്കി തീര്‍ക്കേണ്ട വിഷമായിട്ടുകൂടി പാര്‍ട്ടി നേതാക്കള്‍ പിന്‍വലിഞ്ഞു. ആ കാലതാമസമാണ് ബി.ജെ.പിക്ക് വളരാന്‍ അവസരം ഒരുക്കിയത്. തങ്ങള്‍ക്ക് ഒരു സമരം നടത്തി വിജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബി.ജെ.പിക്ക് ഇതുവഴി സി.പി.എം പകര്‍ന്നു നല്‍കിയിരിക്കുന്നു. ഇപ്പോള്‍ സംഭവിച്ച പിഴവ് സി.പി.എം തിരുത്തിയില്ലെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയമുഖത്ത് ഉയര്‍ന്നുനില്‍ക്കാന്‍ ഭാവിയില്‍ സി.പി.എമ്മിനു കഴിഞ്ഞെന്നു വരില്ല.
Post Your Comments