തിരുവനന്തപുരം•കേരളത്തിലെ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി 27 കോടി രൂപയുടെ വ്യക്തിഗത പോളിസി എടുത്ത് വിദേശമലയാളി ചരിത്രം സൃഷ്ടിച്ചു. എല്‍ഐസിയുടെ ദക്ഷിണേന്ത്യയുടെ ചരിത്രത്തിലും ആദ്യത്തെ പോളിസിയാണിത്. യുഎഇയിലും നെതര്‍ലന്റ്‌സിലും വ്യവസായിയായ കൊല്ലം പെരിനാട് സ്വദേശി അനില്‍ ഗോപിനാഥന്‍ പിള്ളയാണ് പോളിസിയെടുത്തത്. ഇന്നലെ തിരുവനന്തപുരത്തു നടന്ന എല്‍ഐസി മില്യന്‍ ഡോളര്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അനില്‍ ഗോപിനാഥന്‍ പിള്ളയെ ആദരിച്ചു.
27 കോടിയുടെ ജീവന്‍ ആനന്ദ് പോളിസിയാണ് അദ്ദേഹം എടുത്തത്. എല്‍ഐസി കൊല്ലം ബ്രാഞ്ച് രണ്ടിലെ ചീഫ് അഡൈ്വസര്‍ ബി. സതീശന്റെ കീഴില്‍ സൂപ്പര്‍വൈസര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ അനിതാ സതീശനില്‍ നിന്നാണ് അദ്ദേഹം പോളിസി എടുത്തത്. ഇതോടെ അനിത അടുത്ത വര്‍ഷം ഫ്‌ളോറിഡയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കാനും ഇന്‍ഷ്വറന്‍സ് രംഗത്തെ ടോപ്പ് ഓഫ് ദി ടേബിള്‍ ബഹുമതിക്കും അര്‍ഹയായി.
ഒരു കോടി 70 ലക്ഷം രൂപയാണ് വാര്‍ഷിക പ്രീമിയമായി അനില്‍ അടച്ചത്. 21 വര്‍ഷമാണ് പോളിസി കാലാവധി. 21 വര്‍ഷം കഴിയുമ്പോള്‍ 27 കോടിരൂപയും അതിന്റെ ബോണസുമാണ് ലഭിക്കുക. കൂടാതെ അതിനു ശേഷവും 27 കോടിയുടെ ഇന്‍ഷ്വറന്‍സ് ജീവിതാവസാനം വരെ തുടരുകയും ചെയ്യും.
തിരുവനന്തപുരത്തു നടന്ന എല്‍ഐസി മില്യന്‍ ഡോളര്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹത്തിന് പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കി. ദുബായിയിലും അബുദാബിയിലും നെതര്‍ലന്റ്‌സിലും നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ എയ്‌റോ ലിങ്ക്‌സ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ്. കൊല്ലം പെരിനാട് ചാമോലില്‍ റിട്ട എല്‍ഐസി ഉദ്യോഗസ്ഥന്‍ ഗോപിനാഥന്‍പിള്ളയുടെയും ശാന്തമ്മപിള്ളയുടെയും ഇളയമകനാണ്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ 13000 ല്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
Post Your Comments