KeralaNews

ലോ അക്കാഡമി സമരം: സി.പി.എം വിദ്യാര്‍ഥികളെ വീണ്ടും വഞ്ചിച്ചതെങ്ങനെ? കെ.പി.സി.സി സംസ്ഥാന ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം എഴുതുന്നു

കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് ലോ അക്കാഡമി ലോ കോളേജിനെതിരെ നടപടി എടുക്കാനുള്ള ഒരവസരം കൂടി സി.പി.എം. നഷ്ടപ്പെടുത്തി. 28 ദിവസമായി നടന്നുവരുന്ന വിദ്യാര്‍ത്ഥിസമരത്തെ വീണ്ടും വഞ്ചിച്ചു. ലോ അക്കാഡമി മാനേജ്മെന്റിന്റെയും, പ്രിന്‍സിപ്പലിന്റെയും എല്ലാ നിയമലംഘനങ്ങളെയും സര്‍ക്കാരും സി.പി.എമ്മും പിന്തുണച്ചുകൊണ്ടിരിക്കുന്നു. ലോ അക്കാഡമിയുടെ പ്രവര്‍ത്തനം സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത സാഹചര്യത്തില്‍ അതിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ആവശ്യമായ കര്‍ശനനടപടി സ്വീകരിക്കേണ്ടതാണ്, എന്ന് കാണിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേരള സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞദിവസം ചേര്‍ന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹവും, വിവിധ രാഷ്ട്രീയകക്ഷികളും ഉന്നയിച്ച പ്രധാന ആവശ്യങ്ങളായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചത്.

1. ലോ അക്കാഡമി പ്രിന്‍സിപ്പല്‍ രാജിവെയ്ക്കുക. പ്രിന്‍സിപ്പലിനെ നീക്കംചെയ്യാന്‍ സര്‍വകലാശാല നടപടി സ്വീകരിക്കുക.
2. സര്‍വകലാശാല ഉപസമിതി കണ്ടെത്തിയ ഗുരുതരമായ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ ബാധിക്കാത്തരീതിയില്‍ ലോ അക്കാഡമിയുടെ അഫിലിയേഷന്‍ റദ്ദാക്കുക.
3. ലോ അക്കാഡമി ലോ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
4. ലോ അക്കാഡമിക്ക് സര്‍ക്കാര്‍ നല്‍കിയഭൂമി ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചതിനാല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക. അഡ്വ. ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയം ജ്യോതികുമാര്‍ ചാമക്കാല, കെ.എസ്. ഗോപകുമാര്‍, ജോണ്‍ തോമസ്, അഡ്വ. എസ്. കൃഷ്ണകുമാര്‍, ഡോ. എം. ജീവന്‍ലാല്‍, എം.കെ. അബ്ദുള്‍റഹിം എന്നിവരും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റൊരു പ്രമേയം അവതരിപ്പിച്ച സി.പി.ഐ.യിലെ ഡോ. ആര്‍. ലതാദേവിയും ചേര്‍ന്ന് പിന്തുണച്ചു. എട്ടുപേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.

സി.പി.എമ്മിന്റെ എട്ട് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ നാല് സര്‍ക്കാര്‍ നോമിനികളും അവരോടൊപ്പം ചേര്‍ന്നു. സര്‍വകലാശാല ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ വിദ്യാഭ്യാസമന്ത്രിയുടെ വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.റ്റി. സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരും പ്രമേയത്തെ എതിര്‍ത്ത് വോട്ട്ചെയ്തു. സര്‍വകലാശാല ആക്ടിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കോളേജ്മാനേജുമെന്റിന്റെ വക്താവായി മാറിയത് ലജ്ജാകരമാണ്.
സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല ചട്ടം 36(2) അനുസരിച്ച് നടപടി സ്വീകരിക്കാവുന്ന കുറ്റങ്ങളാണ് പ്രിന്‍സിപ്പലിനെതിരെയുള്ളത്. സ്വജനപക്ഷപാതം, ഇന്റേണല്‍ മാര്‍ക്കില്‍ പക്ഷപാതപരമായ പ്രവര്‍ത്തനം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം, ജാതി, മതം, നിറം, ദേശം എന്നതിന്റെ പേരിലുള്ള വിവേചനം, ഹാള്‍ട്ടിക്കറ്റ് കിട്ടിയ വിദ്യാര്‍ത്ഥിയെ വ്യക്തിവിരോധത്തിന്റെപേരില്‍ പരീക്ഷ എഴുതിക്കാഞ്ഞത് തുടങ്ങിയ വസ്തുതകള്‍ സര്‍വകലാശാലാ ഉപസമിതി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ചട്ടം 69(6) അനുസരിച്ച് പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനംമൂലം സി.പി.എം. സിന്‍ഡിക്കേറ്റ് അംഗങ്ങളും സര്‍ക്കാര്‍ നോമിനികളും പ്രിന്‍സിപ്പലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

ലോ അക്കാഡമിയിലെ ഗവേണിംഗ് ബോഡിയിലോ, മാനേജിംഗ് കൗണ്‍സിലിലോ ഉണ്ടായ മാറ്റങ്ങള്‍, പ്രിന്‍സിപ്പലിന്റെ നിയമനം തുടങ്ങിയകാര്യങ്ങള്‍ സര്‍വകലാശാലാ ചട്ടം 19(2) അനുസരിച്ച് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ അറിയിച്ചിട്ടില്ല. ഇതും ഗുരുതരമായ ചട്ടലംഘനമാണ്. കോളേജ് പ്രിന്‍സിപ്പലിന്റെ നിയമനം ചട്ടം 40(എ)(3) അനുസരിച്ച് ഇതേവരെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ല. അഫിലിയേഷന്‍ സംബന്ധമായ നിബന്ധനകളും ലോ അക്കാഡമി വ്യക്തമായി ലംഘിച്ചു. ലോ അക്കാഡമി പ്രിന്‍സിപ്പലിന്റെ നിയമബിരുദവും ഇപ്പോള്‍ വിവാദമായി. ഇതേപ്പറ്റി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസമിതിയെ ചുമതലപ്പെടുത്തി.

എല്ലാ നിയമങ്ങളും ലോ അക്കാഡമിക്കുവേണ്ടി വഴിമാറുകയാണ്. നിയമലംഘനങ്ങളുടെ പരമ്പരതന്നെ മാനേജ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. ലോ അക്കാഡമി ലോ കോളേജിന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിന്റെ രേഖകള്‍ കാണാതായിരിക്കുന്നു. കേരള സര്‍വകലാശാലയില്‍ ലോ അക്കാഡമിയെ സംബന്ധിച്ചുള്ള ഫയലുകളും മുങ്ങിയിരിക്കുന്നു. വിദ്യാര്‍ത്ഥി സമരംകൊണ്ട് പ്രിന്‍സിപ്പലിനെ മാറ്റിയ ചരിത്രം ഉണ്ടോ എന്നാണ് കോളേജ് ഡയറക്ടര്‍ ചോദിക്കുന്നത്.

കോളനിവാഴ്ചയുടെയും, ഫാസിസത്തിന്റെയും ചിന്താധാരകളെ ഉന്മൂലനം ചെയ്ത് ജനാധിപത്യബോധത്തിന്റെയും സര്‍ഗ്ഗാത്മക ആശയങ്ങളുടെയും കാമ്പസുകളെ സൃഷ്ടിച്ചത് മഹാത്മാഗാന്ധി, ജവഹര്‍ലാന്‍ നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളുടെ രാഷ്ട്രീയ നേതൃത്വമാണ്. കേരളത്തിലെ കാമ്പസുകള്‍ ഉജ്ജ്വലമായ സമരങ്ങള്‍ക്കും അവകാശ സമരപോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭരണകൂടങ്ങളെ സൃഷ്ടിക്കാനും മാറ്റാനും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, സര്‍ഗ്ഗാത്മകചര്‍ച്ചകള്‍, സമരങ്ങള്‍ ഇവയെല്ലാം സാമൂഹികവും, രാഷ്ട്രീയവുമായ പ്രതിബദ്ധത വിദ്യാര്‍ത്ഥകളില്‍ വളരാന്‍ സഹായിച്ചു. ലോ അക്കാഡമി ഇന്ന് പ്രിന്‍സിപ്പലിന്റെകീഴില്‍ മനുഷ്യാവകാശലംഘനങ്ങളുടെയും, പീഡനങ്ങളുടെയും, അപമാനിക്കലിന്റെയും കേന്ദ്രങ്ങളായിമാറി. സ്വത്വവും, വ്യക്തിത്വവും ഇല്ലാതാക്കി, ആശ്രിതരുടെയും, അടിമകളുടെയും ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥി സമരം ഇരുപത്തി എട്ടാം ദിവസവും പിന്നിട്ടത്.

(കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button