ന്യൂഡല്‍ഹി: ‘കാസനോവ’ പിടിയിൽ. പ്രണയം നടിച്ച് പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ അഫ്ഗാന്‍ ‘കാസനോവ’യെ ഡല്‍ഹിയില്‍ വച്ച് പോലീസ് പിടികൂടി. അഫ്ഗാന്‍ സ്വദേശിയായ ഹമീദുലാഷ് എന്ന 34 കാരനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എസ് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 60 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഒന്നിലധികം പെണ്‍കുട്ടികളെ പ്രണയം നടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബിസിനസുകാരന്‍, ബാങ്ക് ജീവനക്കാര്‍, വക്കീല്‍ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ ഉന്നത നിശാ ക്ലബ്ബുകളിലും സോഷ്യല്‍ മീഡിയയില്‍ കൂടിയുമാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.
ഇയാളെ ഹയാത് ഹോട്ടലിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. ഫഹീം എം.കെ എന്ന പേരിലായിരുന്നു ഇയാൾ അവിടെ കഴിഞ്ഞിരുന്നത്. ഫെയ്‌സ്ബുക്ക്, കോള്‍ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് ഹമീദുലാഷിനെ വലയിലാക്കിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും മൊബൈല്‍ ഫോണും പണവും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഇയാൾ 12ഓളം പെണ്‍കുട്ടികളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമം, വഞ്ചന, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments