Prathikarana Vedhi

അത് വെറുമൊരു പിള്ളയാണെന്നു കരുതിയാല്‍ തെറ്റി; സര്‍ സി.പിയുടെ കാലത്തെ തെറ്റു തിരുത്താന്‍ അങ്ങയുടെ ഇരട്ടചങ്കിന് കരുത്തില്ലെന്നാണോ? നിരഞ്ജന്‍ ദാസ് എഴുതുന്നു

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മുഖ്യമന്ത്രി എന്നുപറയുമ്പോള്‍ സംസ്ഥാനത്തിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനമെടുക്കാനും അനീതി ആരോപിക്കപ്പെടുന്ന വിഷയങ്ങളില്‍ അന്വേഷണത്തിനു നിര്‍ദേശിക്കാനും ബാധ്യതപ്പെട്ട ആള്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലോ അക്കാദമിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തീര്‍ത്തും നിരാശാജനകവും മുഖ്യമന്ത്രി എന്ന പദത്തിലിരിക്കുന്ന ഒരാള്‍ക്കു ചേര്‍ന്നതുമായിരുന്നില്ല. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി ലോ അക്കാദമി മാനേജ്‌മെന്റ് അന്യായമായി കൈവശപ്പെടുത്തിയ സാഹചര്യത്തില്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനു സര്‍ക്കാര്‍ അതിനെക്കുറിച്ച് അലോചിക്കുന്നില്ല എന്നായിരുന്നു പിണറായിയുടെ മറുപടി. ഇതുസംബന്ധിച്ച സമാനമായ പരാതിയില്‍ സംസ്ഥാന റവന്യൂ വകുപ്പ് അന്വേഷണം നടത്തുമ്പോഴായിരുന്നു പിണറായി വിജയന്റെ മുന്‍കൂട്ടി തയ്യാറാക്കിയ, വ്യക്തമായ ഗൃഹപാഠം നടത്തിയതുപോലെയുള്ള മറുപടി. അത് അങ്ങേയറ്റം തെറ്റായിപ്പോയി എന്നത് ഒരുവശം.

ലാ അക്കാദമിയുടെ സ്ഥലം മറ്റൊരാളിന്റേതായിരുന്നില്ലേ എന്ന ചോദ്യത്തിനു ഏതോ ഒരു പിള്ളയുടേതാണെന്നും സര്‍ സിപി രാമസ്വാമിയുടെ കാലത്തെ വിഷയം ഇന്ന് പരിശോധിക്കേണ്ട കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേട്ടപ്പോള്‍ അത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെയാണോ പറയുന്നതെന്ന് ഒരു നിമിഷം അന്തിച്ചുപോയി. ആദരണീയനായ മുഖ്യമന്ത്രീ, താങ്കള്‍ ഏതോ ഒരു പിള്ള എന്നുവിശേഷിപ്പിച്ച ആള്‍ വെറും ഒരു പിള്ള ആയിരുന്നില്ല, താങ്കളെപ്പോലെ ഈ കേരളം ഭരിച്ച ഒരു മന്ത്രിയായിരുന്നു അദ്ദേഹം. താങ്കളെപ്പോലെ അധികാരവും അവകാശവുമെല്ലാം ഉണ്ടായിരുന്ന ഒരു മന്ത്രി. ആ മന്ത്രിയുടെ ഭൂമി എങ്ങനെ സര്‍ക്കാര്‍ ലോ അക്കാദമി മാനേജ്‌മെന്റിന് കൈയ്യേറാന്‍ കൊടുത്തുവെന്ന ചരിത്രം അങ്ങ് അറിഞ്ഞിരിക്കണം. അതോടൊപ്പം താങ്കള്‍ പിള്ളയെന്നു വിളിച്ച പി.എസ് നടരാജപിള്ള എന്ന മനുഷ്യന്‍ ആരായിരുന്നു എന്നും അദ്ദേഹത്തിന്റെ 100 ഏക്കറോളം വരുന്ന കുടുംബ വസ്തു എങ്ങനെയാണ് ദിവാന്‍ സിപി രാമസ്വാമി അയ്യര്‍ പിടിച്ചെടുത്തതെന്നും മറ്റാരേക്കാളും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയ താങ്കള്‍ക്ക് അറിവുണ്ടാവേണ്ടതാണ്.

മന്ത്രി, നിയമസഭാ സാമാജികന്‍, പാര്‍ലമെന്റ് അംഗം, പ്രജാസഭാ മെമ്പര്‍, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പര്‍, നിയമജ്ഞന്‍, ചരിത്രപണ്ഡിതന്‍, ഭാഷാപണ്ഡിതന്‍, പത്രാധിപര്‍ എന്നിങ്ങനെ പലതുമായിരുന്നു നടരാജപിള്ള. തിരു-കൊച്ചി സംസ്ഥാനത്തെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന നടരാജപിള്ള കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രഗത്ഭരായ ധനമന്ത്രിമാരില്‍ ഒരാളായിരുന്നു. കാടും തോടും കുന്നും നിറഞ്ഞ പണ്ടത്തെ പേരൂര്‍ക്കടയെ ഇന്നത്തെ പേരൂര്‍ക്കടയാക്കി മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ചത് പി എസ് നടരാജപിള്ളയുടെ പിതാവ് പ്രൊഫ. സുന്ദരം പിള്ളയായിരുന്നു. രാജകീയ പ്രൗഢിയുള്ള ബാല്യം സ്വന്തമായിരുന്നിട്ടും നടരാജപിള്ള മരിച്ചത് പക്ഷേ പരമ ദരിദ്രനായിട്ടാണ്. അതിനു കാരണമായത് ദിവാന്‍ സിപി രാമസ്വാമി അയ്യരെന്ന ഏകാധിപതിയെ എതിര്‍ത്തതും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഭാഗമായതുമാണ്. പേരൂര്‍ക്കടയില്‍ നടരാജപിള്ള ഒരു സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ആ സ്‌കൂളും സ്ഥലവും അദ്ദേഹം സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു. അതാണ് ഇന്നത്തെ പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വിദ്യാഭ്യാസം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് പി.എസ് നടരാജപിള്ള സാമ്പത്തിക സഹായം ചെയ്തു. ഹരിജനങ്ങള്‍ക്കും നിര്‍ധനര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കി. ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലിലാണ് താമസിച്ചിരുന്നത്. കേരളം കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്ന നടരാജപിള്ളയാണ് ഭൂപരിഷ്‌കരണത്തിനുള്ള ആദ്യ കരടുരേഖ തയ്യാറാക്കിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് നടരാജപിള്ള പലതവണ ജയിലില്‍ കിടന്നു. സര്‍ സി.പി. രാമസ്വാമി അയ്യരെ എതിര്‍ത്തതിനാല്‍ പൈതൃകമായി കിട്ടിയ നൂറേക്കര്‍ വരുന്ന ഹാര്‍വിപുരം കുന്നും അതിലെ ഹാര്‍വിപുരം ബംഗ്ലാവും സര്‍ സി.പി കണ്ടുകെട്ടി. ഇതാണ് സംഭവിച്ച ചരിത്രം.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, പേരൂര്‍ക്കട ലോ അക്കാദമിയില്‍ താങ്കളുടെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍നായരും സഹോദരന്‍ നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും ഇന്ന് കൈവശം വച്ചു അനുഭവിക്കുന്നത് നടരാജപിള്ളയുടെ സ്വത്താണ്. അദ്ദേഹത്തിന്റെ ഒരു മകന്‍ ഇപ്പോഴും ഒരു ദരിദ്രനായി അങ്ങ് ഭരിക്കുന്ന ഈ കേരളമണ്ണില്‍ തന്നെ ജീവിക്കുന്നുണ്ട്. നടരാജപിള്ളയെ താങ്കള്‍ മറക്കുന്നത് ചരിത്രത്തെ തള്ളിപ്പറയല്‍ കൂടിയാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും അത് ചെയ്യരുത്. താങ്കള്‍ പറഞ്ഞപോലെ സര്‍ സി.പിയുടെ കാലത്തെ സംഭവങ്ങള്‍ ഈ സര്‍ക്കാര്‍ പരിശോധിക്കില്ല എന്നു പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. തങ്ങളുടെ വസ്തു തിരിച്ചുകിട്ടുന്നതിനായി നടരാജപിള്ളയുടെ ഭാര്യ 1970കളില്‍ തന്നെ അന്നത്തെ കരുണാകരന്‍ മന്ത്രിസഭക്ക് പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ ഇന്നുവരെയും ഭൂമിക്കായി ആ കുടുംബത്തിന്റെ പോരാട്ടം തുടരുകയാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ നടരാജപിള്ളയുടെ മകന്‍ എന്‍.വെങ്കിടേശും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ കുടുംബത്തിനു ഇതുവരെ നീതി ലഭിച്ചിട്ടില്ല. തങ്ങള്‍ അനുഭവിക്കേണ്ട സ്വത്ത് സ്വകാര്യവ്യക്തികള്‍ കൈവശം വച്ച് ആഢംബര ജീവിതം നയിക്കുമ്പോള്‍ അര്‍ഹിച്ച ഭൂമി നടരാജപിള്ളയുടെ കുടുംബത്തിനു വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ എന്ന താങ്കള്‍ക്ക് കഴിയണം. അതിനു കഴിഞ്ഞാല്‍ പില്‍ക്കാല ചരിത്രം അങ്ങയെ വാഴ്ത്തിപ്പാടും. അതല്ല, സര്‍ സി.പിയുടെ കാലത്തെ തെറ്റു തിരുത്താന്‍ അങ്ങയുടെ ഇരട്ടചങ്കിന് കരുത്തില്ല എന്നാണെങ്കില്‍ കക്ഷിരാഷ്ട്രീയ സമരങ്ങളെ പട്ടിണിക്കിട്ടും ചോരയില്‍ മുക്കിയും ശേഷിച്ച നാലേകാല്‍ വര്‍ഷം കൂടി നിസംഗനായി താങ്കള്‍ക്ക് തള്ളിനീക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button