ഹരിപ്പാട്•കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ശ്രീലക്ഷ്മിയുടെ അമ്മ. പ്രചരിപ്പിക്കപ്പെടുന്നത് പോലെ ശ്രീലക്ഷ്മി ആദര്‍ശിനെ പ്രണയിച്ച് വഞ്ചിച്ചതിനുള്ള പ്രതികാരമല്ല കൊലപാതകത്തിന് പിന്നിലെന്ന് ശ്രീലക്ഷ്മിയുടെ അമ്മ ഉഷാറാണി. വഞ്ചിച്ചതിലുള്ള പ്രതികാരമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന ആദര്‍ശിന്റെ മരണമൊഴി അടിസ്ഥാന രഹിതമാണെന്നും ഉഷാറാണി പറഞ്ഞു.
ആദര്‍ശ് ശല്യം ചെയ്യുന്നതായി മകള്‍ പലതവണ പരാതി പറഞ്ഞിട്ടുണ്ട്. ഒടുവില്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കി ഇനി ശല്യം ചെയ്യില്ലെന്ന് ആദര്‍ശില്‍ നിന്ന് എഴുതി വാങ്ങിയിരുന്നതാണെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രാണരക്ഷാർഥം ഓടിയ ലക്ഷ്മിയെ താൻ പിന്നാലെ എത്തി പിടിച്ചുനിർത്തി തീ കൊളുത്തിയെന്നാണ് ആദർശിന്റെ മരണമൊഴി. ഒരിക്കൽ തന്നോട് ഇഷ്ടമുണ്ടായിരുന്ന ലക്ഷ്‌മി പിന്നീട് തന്നെ ഒഴിവാക്കുകയും താൻ ശല്യം ചെയ്യുന്നതായി കാണിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള പകയും വൈരാഗ്യവും മൂലമാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ആദർശ് പറഞ്ഞു. 2009ൽ ഫിസിയോതെറപ്പി കോഴ്സ് പഠിച്ച ആദർശ് ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടിരുന്നു. ഈ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷ ജനുവരി 31, ഫെബ്രുവരി രണ്ട് തീയതികളിലായി എസ്എംഇയിൽ നടക്കുന്നുണ്ട്. പരീക്ഷ എഴുതാനാണ് ആദർശ് കോളേജിൽ എത്തിയത്.
ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും തനിക്ക് സ്ഥാനം ഉണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ് ആദ്യം ക്ലാസ്സിൽ എത്തി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ ലക്ഷ്മി പുറത്തേക്ക് വരാൻ തയാറാകാതിരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് താൻ അപമാനിക്കുകയും ചെയ്തതിനാൽ നേരത്തെ വാങ്ങിവെച്ച പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments