Kerala

പിണറായി കൈവിടുമ്പോള്‍ ജേക്കബ് തോമസിനെ പിന്തുണച്ച് വി.എസ്; തത്തയുടെ ചീട്ട് തത്കാലം കീറില്ലെന്ന് സൂചന

തിരുവനന്തപുരം: വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നാണ് പൊതുവിലുള്ള രാഷ്ട്രീയ ആക്ഷേപം. എന്നാല്‍ താന്‍ സ്വതന്ത്രമായി വിഹരിക്കുന്ന തത്തയാണെന്നു തെളിയിച്ചുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഓരോ നടപടികളും. ഇടതുസര്‍ക്കാരിലെ മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഐ.എ.എസുകാര്‍ക്കും എതിരേ വരെ ജേക്കബ് തോമസിന്റെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.

ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തിയതായാണ് സൂചന. ഇതിനുപിന്നാലെ മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിനോട് അതൃപ്തി എന്നരീതിയിലും വാര്‍ത്ത വന്നു. ഇതോടെയാണ് ജേക്കബ് തോമസിനായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പകപോക്കലിന്റെ ഭാഗമായാണെന്നും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ ഫയലുകള്‍ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടി വി.എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരിനിടെ വിജിലന്‍സിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും പല കേസുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാകാത്തത് അഴിമതി കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ തിരിച്ചടിയാകുമെന്നും വി.എസ് കത്തില്‍ പറയുന്നു. ജേക്കബ് തോമസിനെ പിന്തുണച്ചു വി.എസ് കൂടി രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍നിന്നു മാറ്റുന്ന കാര്യത്തില്‍ ശക്തമായ പൊതുവികാരം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെയും വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button