തിരുവനന്തപുരം : ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇടതുമുന്നണിയുടെ ഉള്‍പ്പോരായി പരിണമിക്കുകയാണ്. സമരത്തില്‍നിന്നും എസ്.എഫ്.ഐയെ പിന്തിരിയാന്‍ സി.പി.എം പ്രേരിപ്പിച്ചപ്പോള്‍ സമരവുമായി മുന്നോട്ടുപോകാനാണ് സി.പി.ഐ അവരുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിനു നല്‍കിയ നിര്‍ദേശം. ലോ അക്കാദമി മാനേജ്‌മെന്റുമായി സി.പി.എമ്മിനുള്ള അതിരുവിട്ട കടപ്പാടിനെ നിശിതമായി വിമര്‍ശിക്കുകയാണ് സി.പി.ഐ. സെക്രട്ടേറിയറ്റിനു സമീപം ലോ അക്കാദമി റിസര്‍ച്ച് സെന്ററിനു പാട്ടത്തിനു നല്‍കിയ ഭൂമി റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് മറിച്ചുവിറ്റെന്ന പരാതിയില്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ സി.പി.എം കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് ആകട്ടെ ലോ അക്കാദമി സമരം നാല് ആഴ്ച പിന്നിടുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കള്‍ നിരാഹാരമിരിക്കുന്ന വേദിയില്‍ അഭിവാദ്യം അര്‍പ്പിച്ച് സി.പി.ഐ നേതാക്കള്‍ എത്തിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എന്നിവരാണ് ബി.ജെ.പി വേദിയിലെത്തി അഭിവാദ്യം അര്‍പ്പിച്ചത്. എന്നാല്‍ ഇതിനെ വഞ്ചനയായും ഇടതുപക്ഷ ഐക്യത്തിനു വിരുദ്ധമായും ചിത്രീകരിക്കാനാണ് സി.പി.എം ശ്രമിച്ചത്.
സി.പി.ഐ നേതാക്കളുടെ നിലപാടിനെതിരെ സി.പി.എം വിമര്‍ശനം ശക്തമാക്കുമ്പോള്‍ പാര്‍ട്ടി നിലപാട് വിശദീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധേയമാണ്. ലോ അക്കാദമി മാനേജ്‌മെന്റുമായുള്ള ചര്‍ച്ചക്ക് സി.പി.എം മുന്‍കൈ എടുക്കുമ്പോള്‍ സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കെത്തിയ ലോ അക്കാദമി ഡയറക്ടര്‍ നാരായണ്‍നായരുടെയും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെയും നീക്കം ഫലം കണ്ടിരുന്നില്ല. സമരത്തില്‍നിന്നും പിന്നോട്ടില്ല എന്നാണ് സി.പി.ഐ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് കാനത്തിന്റെ മറുപടി എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകം ആണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസിന് ഉടമകളും അല്ല സി പി ഐ പ്രവര്‍ത്തകരെന്നാണ് കാനം പറഞ്ഞത്.
സി.പി.എമ്മിനു നല്‍കിയ ശക്തമായ മറുപടിയായാണ് കാനത്തിന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ സമരം ആണ്. കോളേജിലെ പെണ്‍കുട്ടികളുടെ കൂട്ടായ്മയും എ ഐ എസ് എഫ് , കെ എസ് യു , എം എസ് എഫ് വിദ്യാര്‍ത്ഥി സംഘടനകളും സംയുക്തം ആയാണ് ഈ സമരം ആരംഭിച്ചത് . ആ സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവിടത്തെ വിദ്യാര്‍ത്ഥികള്‍ ആണെന്നും കാനം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തകമാക്കുന്നു.
അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ന്യായമായ ഈ സമരത്തിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണമായ പിന്തുണ ഉണ്ട്. വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അതാത് വര്‍ഗ നിലപാടുകള്‍ മുന്‍ നിര്‍ത്തി പരസ്പര ഐക്യത്തോടെ സമരം ചെയ്ത ചരിത്രം ഇപ്പോഴും എപ്പോഴും ഉണ്ട് . ആ രീതി തന്നെ ആണ് ലോ അക്കാദമിയിലും വിദ്യാര്‍ത്ഥികള്‍ തുടരുന്നത്. സി.പി.ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബി ജെ പി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി പി ഐ രാഷ്ട്രീയത്തെ പറ്റി അറിയാത്തവര്‍ ആണെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു. ലോ അക്കാദമി വിഷയത്തില്‍ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളെ തള്ളി സി.പി.ഐ പരസ്യമായി രംഗത്തെത്തിയത് ഇടതുമുന്നണിയില്‍ അനൈക്യം രൂക്ഷമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
Post Your Comments