ചങ്ങനാശേരി : തുരുത്തിയിൽ ഒരു വർഷമായി ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. തുരുത്തി ഉദയാ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഷിഹാബുദ്ദീൻ ആണ് പിടിയിലായത്.അമ്പലപ്പുഴ എസ്.എല്‍ പുരം സ്വദേശിയായ ഇയാൾ മുൻപ് കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ചികിത്സ നടത്തിവന്നിരുന്നെങ്കിലും പിടിക്കപ്പെടുമെന്നായപ്പോൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു.പിന്നീട് കുറച്ചു നാൾ കെട്ടിടം പണിക്കു പോയിരുന്നു. തുരുത്തിയിലെ ഉദയാ ഹോസ്പിറ്റൽ നടത്തുന്ന ആലപ്പുഴ സ്വദേശി പ്രകാശ് ആണ് ഷിഹാബുദ്ദീനെ ഇവിടെ നിയമിച്ചത്.
ഇ.സി.ജി, ലാബ് സൗകര്യങ്ങളുള്ള ഈ ക്ലിനിക്ക് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒന്നാണ്.ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ജോലിചെയ്യുകയായിരുന്നു. നാലു നഴ്സുമാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരം അദ്ദേഹം ഷാഡോ പൊലീസിന് കൈമാറുകയും ഷാഡോ പോലീസ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിക്കുകയുമായിരുന്നു.ബുധനാഴ്ച രാത്രി ഹോസ്പിറ്റല്‍ റെയ്ഡ് ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. രാമചന്ദ്രന് ബി.എസ്.സി, എം.ബി.ബി.എസ് എന്ന പേരില്‍ സീലും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ എസ്.എസ്.എല്‍.സി മാത്രമാണ് ഇയാൾ പാസായിട്ടുള്ളത്.. പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments